ഐ വായനയുടെ എല്ലാ  മാന്യ വായനക്കാർക്കും സ്നേഹംനിറഞ്ഞ ഓണാശംസകൾ !

ഒരു മനുഷ്യന്റെ ചുണ്ടിലെങ്കിലും പുഞ്ചിരി തെളിക്കാൻ നമുക്കാകുന്നുണ്ടോ?
പ്രതീക്ഷകൾ നശിച്ച് നിരാശയുടെ കൈപിടിച്ച് ജീവിച്ച എത്രയേറെ മാതാപിതാക്കൾ ഇന്ന് ചിരിക്കുന്നുണ്ട് എന്നറിയാമോ? ഒന്നിനുമാകില്ല എന്ന് സമൂഹം വിധിയെഴുതിയ, സഹതാപത്തോടെ മൂക്കിൽ വിരൽചേർത്ത് ഉള്ള ആത്മവിശ്വാസം കൂടി തകർത്തുകളഞ്ഞ എത്രയെത്ര കുട്ടികളാണ് ശലഭങ്ങളെപോലെ പാറിനടക്കുന്നത് എന്നറിയാമോ?


അത്രയും മിടുക്കരായ ഡോക്ടർമാരും, തെറാപ്പിസ്റ്റുകളും, ടീച്ചേഴ്സും ഓരോ കുട്ടികളെയും എങ്ങനെയാണ് ട്രീറ്റ് ചെയുന്നതെന്നറിയണമെങ്കിൽ അവിടെയുള്ള പുഞ്ചിരി വറ്റാത്ത മക്കളെ നേരിട്ട് കാണണം. “കണ്ണീർ ഇപ്പോൾ വരാറില്ല, നിറയെ പുഞ്ചിരിയെന്ന് “ഇടറിപ്പറയുന്ന മാതാപിതാക്കളോട് സംസാരിക്കണം. അതിനുള്ള ഭാഗ്യം എനിക്കുണ്ടായിട്ടുണ്ട്.


ചൈൽഡ് ഡെവലപ്പ്മെന്റ് സെന്ററിന്റെയൊക്കെ കൃത്യമായ ഇടപെടലുകൾ ഇവിടെയുണ്ടെന്ന് മനസ്സിലാക്കുക.
ഗോപിനാഥ്‌ മുതുകാട് എന്ന മനുഷ്യന്റെ കഠിനാദ്ധ്വാനമാണത്. അദ്ദേഹത്തിന്റെ സ്നേഹവും കരുണയും പ്രയത്നവും ഒക്കെ തന്നെയാണ് majic planet, dfrnt art centr ഒക്കെയും.മാജിക്കിലൂടെ സമ്പാദിച്ച പൈസയും, വീടും വസ്തുവും വിറ്റ പൈസയും ഒക്കെയും അദ്ദേഹം ഈ സൊസൈറ്റിക്ക് വേണ്ടിയാണ് ചെലവഴിച്ചത് എന്നദ്ദേഹം പറയുന്നുണ്ട്,കൂടെ പണിയെടുത്ത ആർട്ടിസ്റ്റുകളെയും അവിടത്തെ കുട്ടികളുടെ കുടുംബത്തെയും താമസിപ്പിക്കാൻ എത്രയേറെ വീടുകളാണ് അതുമൂലം കെട്ടിയുയർത്തിയത്!


മോട്ടിവേഷൻ ക്ലാസ്സുകളിലും അദ്ദേഹത്തിന് കിട്ടുന്ന ആദരവുകളിലും അതിന് നൽകുന്ന പൈസ ഈ സോസൈറ്റിയുടെ പേരിലാക്കി നിറഞ്ഞ ചിരിയോടെ നടന്നുനീങ്ങുന്ന ഒരാളെയാണ് ഇവിടെയുള്ള ഏറെക്കുറെ എനിക്കുൾപ്പെടെയുള്ള മനുഷ്യർക്ക് പരിചയം.


സാധാരണ ഒരാൾ നടത്തുന്ന പറ്റിപ്പ് ചാരിറ്റി സെന്റർ അല്ല ഇത്. ഗോപിനാഥ്‌ മുതുകാടിനെ പോലെയുള്ള അറിയപ്പെടുന്ന ഒരു മനുഷ്യൻ അമരത്ത് ഇരിക്കുന്ന ഒരു സ്ഥാപനം അതിന്റേതായ മൂല്യങ്ങൾ സൂക്ഷിക്കുമെന്നതിൽ തർക്കമില്ല.
Dfrnt art cntr ഭിന്നശേഷി കുട്ടികളെ പുനരധിവസിപ്പിക്കുന്ന ഒരിടമല്ല.കലാപരമായുള്ള പ്രോത്സാഹനവും ട്രെയിനിങ്ങും നൽകി അവരെ മുന്നോട്ട് ജീവിക്കാൻ പ്രാപ്തരാക്കുക എന്നതാണ് ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. എല്ലാത്തരം ഭിന്നശേഷികുട്ടികളെയും അഡോപ്റ്റ് ചെയ്യുവാൻ കഴിയുകയുമില്ല.


അതുകൊണ്ട് തന്നെ ഭിന്നശേഷി കുട്ടികൾളുള്ള സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന ഗ്രാൻഡ് ഈ സ്ഥാപനം സ്വീകരിച്ചിട്ടില്ല എന്നാണ് ( പ്രതികരണ വീഡിയോ )അറിവ്.
കാണാതിരിക്കുമ്പോൾ അവിടെയുള്ള ഓരോ കുട്ടികളും തിരക്കുന്നു എങ്കിൽ, എത്തുമ്പോൾ അവർ തുള്ളിച്ചാടുന്നു എങ്കിൽ അദ്ദേഹം അവർക്ക് നൽകിയ സ്നേഹത്തിന്റെ ബാക്കിപ്പത്രമാണ് അതെന്ന് വിശ്വസിക്കാനാണ് ഞാനിഷ്ടപ്പെടുന്നത്.അവിടെയുള്ള ഓരോ കുട്ടികൾക്കും ആഹാരം വസ്ത്രം, വാഹന സൗകര്യം, മികച്ച ചികിത്സാ സൗകര്യങ്ങൾ,മാസംതോറും നിശ്ചിത തുക സ്റ്റൈപ്പന്റ് എന്നിവ നൽകുന്നുണ്ട്. യാതൊരുത്തരത്തിലുള്ള ഫീസും അവരിൽനിന്നും ഈടാക്കിയിട്ടുമില്ല.മാത്രമല്ല ഈ കുട്ടികളുടെ മാതാപിതാക്കൾക്ക് ജോലിയും വരുമാനവും ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.


മാജിക്ക് എന്ന കല സംഗീത നാടക അക്കാദമിയുടെ കീഴിൽ വരുന്നതാണ്, അതുകൊണ്ട്തന്നെ സാംസ്കാരിക വകുപ്പിന്റെ പരിധിയിലാണിത്.ഗ്രാൻഡ് കിട്ടാനും ബജറ്റിൽ തുക വിലയിരുത്താനുമൊക്കെയായി എത്രയെത്ര കടമ്പകൾ കടക്കണമെന്ന് തലയിൽ ആൾതാമസമുള്ള ഓരോരുത്തർക്കും മനസ്സിലാക്കാവുന്നതേയുള്ളു.മാത്രമല്ല വ്യക്തമായ ഓഡിറ്റ്‌ റിപ്പോർട്ട് നൽകിയില്ലെങ്കിൽ പിറ്റേവർഷം അത് കിട്ടുകയുമില്ല.
കുട്ടികളെ പ്രദർശിപ്പിക്കുന്നു എന്നല്ല നിങ്ങൾ പറയേണ്ടത്, സ്വന്തം വീട്ടിലുള്ള മനുഷ്യർക്ക് പോലും പൊതുഇടങ്ങളിൽ ഇതുപോലുള്ള കുട്ടികളെ കൊണ്ടുപോകാൻ നാണക്കേടുള്ളവരെ എനിക്കറിയാം. അത്തരത്തിൽ നോക്കുമ്പോൾ നിറഞ്ഞ സദസ്സിന് മുന്നിൽ അവരെത്തി അവർ ആർജ്ജിച്ച കഴിവുകൾ പ്രദർശിപ്പിച്ച് ആത്മവിശ്വാസവും സന്തോഷവും നേടുന്നത് എത്ര മഹത്തരമാണ്!അതിനൊരു വേദി സ്നേഹപൂർവ്വം വെച്ചുനീട്ടുന്നതിനെ എന്താണ് നിങ്ങൾ വിളിക്കേണ്ടത്!!


കാസർഗോഡ് എൻഡോസൾഫാൻ വിതച്ച ദുരിതങ്ങൾ ഇന്നും പേറുന്ന കുറെയേറെ കുട്ടികളുണ്ട്. അവിടെയും ഇതുപോലൊരു സ്ഥാപനം ആവശ്യമാണ്‌.അത് ഉയർന്നു വരാതിരിക്കാൻ തത്പരകക്ഷികൾ അഴിച്ചുവിടുന്ന റൂമറുകളിൽ കയറിപ്പിടിച്ച് നിങ്ങൾ പടയ്ക്കുന്ന നുണകളിൽ എത്രയെത്ര മനുഷ്യരുടെ പുഞ്ചിരികൾ അണഞ്ഞുപോകുമെന്ന് ചിന്തിക്കുക.


ഒരാളിലേക്ക് പുഞ്ചിരിയെത്തിക്കുക എന്നത് എത്രയേറെ ബുദ്ധിമുട്ട് നിറഞ്ഞ കാര്യമാണ് എന്നറിയണമെങ്കിൽ വിമർശിക്കാതെ നിങ്ങൾ ശ്രമിച്ചുനോക്കുക.നമുക്കാകില്ല, ഇത്രയധികം മനുഷ്യരെ ചേർത്തുപിടിക്കാൻ….. ഒരാൾ തന്റെ ജീവിതവും സമയവും ഇതിനായി ഉഴിഞ്ഞുവെച്ചെങ്കിൽ അദ്ദേഹത്തെ വാക്കുകളുടെ അമ്പേറിൽ തളർത്തരുത്!!
കത്തിനിൽക്കുന്ന പ്രകാശത്തെ നുണകളുടെയും സ്വാർത്ഥതയുടെയും വിഷത്തുള്ളികൾ അണയ്ക്കുമ്പോൾ എത്രയോ മനുഷ്യർ അന്ധകാരത്തിലാകും എന്ന് ഓർക്കുക!!
🖤🍀
മാജിക്ക് പ്ലാനറ്റ് എന്ന സ്ഥാപനമുള്ളത് എന്റെ നാട്ടിലാണ്, അതുകൊണ്ട് തന്നെ ഒന്നിലേറെ തവണ അവിടെ പോയിട്ടുണ്ട്, അവിടത്തെ കുട്ടികളുടെ സന്തോഷവും മാതാപിതാക്കളുടെ പുഞ്ചിരിയുമാണ് ഇതെഴുതാൻ കാരണം, വ്യക്തി വൈരാഗ്യവും സഹതാപ തരംഗവും എന്റെ വിഷയമല്ല.നൂറ് നന്മകൾ കുറച്ച് ശബ്ദത്താൽ അടയരുത്….. അതുപോലെ തിരിച്ചും.സത്യാവസ്ഥ പുറത്തുവരട്ടെ!!

സഫി അലി താഹ

By ivayana