രചന : മൻസൂർ നൈന ✍
അറിയുമോ നിങ്ങൾ വിമൽ കുമാറിനെ ?
കേട്ടിട്ടുണ്ടോ ഇങ്ങനെയൊരു സംവിധായകനെ കുറിച്ചു ?
യഥാർത്ഥ പേര് X.T. അറക്കൽ എന്ന സേവ്യർ തോമസ് അറക്കൽ , സിനിമയ്ക്ക് വേണ്ടി വിമൽ കുമാർ എന്ന പേര് സ്വീകരിച്ചു . ‘തിരമാല’ എന്ന ചിത്രത്തിന്റെ സംവിധാനവും സംഗീത സംവിധാനവും , ‘പുത്രധർമ്മം ‘ എന്ന സിനിമയുടെ സംഗീതവും സംവിധാനവും , ‘ അച്ചനും മകനും ‘ എന്ന സിനിമയുടെ സംവിധാനം കൂടാതെ ‘ബാല്യകാലസഖി’ യുടെ നിർമ്മാണ മേൽനോട്ടം , ഉമ്മ , സീത , നീലി സാലി , എന്നീ സിനിമകളുടെ തിരക്കഥയും സംവിധാന മേൽനോട്ടവും അങ്ങനെ സംവിധാനം , തിരക്കഥ , സംഗീത സംവിധാനം എന്നീ മേഖലകളിൽ കഴിവു തെളിയിച്ച പ്രതിഭ , 50 കളിൽ മലായാള സിനിമാ രംഗത്ത് നിറഞ്ഞു നിന്ന വിമൽ കുമാർ എന്ന തോമസ് അറക്കൽ .
തോമസ് ബർലി , അശോക് മാർഷൽ എന്നിവരുമായുള്ള സംഭാഷണമാണ് വിമൽ കുമാറിനെ കുറിച്ച് എഴുതണമെന്നു തോന്നിയത് .ഫോർട്ടുക്കൊച്ചിയിൽ നിന്നു ഏകദേശം 12 കിലോമീറ്ററും , തോപ്പുംപടിയിൽ നിന്നു 10 കിലോമീറ്ററുമാണ് കണ്ടക്കടവ് എത്തുവാനുള്ള ദൂരം . ചെല്ലാനം – കുമ്പളങ്ങി ഗ്രാമങ്ങളുടെ അതിരുകൾ പങ്കിടുന്ന പ്രദേശമാണ് കണ്ടക്കടവ് . ദൃശ്യ മനോഹരമായ കണ്ടക്കടവ് കണ്ടൽ കാടുകളും , പാടശേഖരങ്ങളും , ചെമ്മീൻ കെട്ടുകളാലും കണ്ണുകൾക്ക് വിരുന്നൊരുക്കുന്നു . നാടൻ പക്ഷികളും വിരുന്നെത്തുന്ന ദേശാടന പക്ഷികളും കണ്ടക്കടവിൽ പറന്നിറങ്ങുന്നു പ്രത്യേകിച്ച് pelican ( ഞ്ഞാറപ്പക്ഷി ) ഉം , flemingo ( രാജഹംസം ) യും .കണ്ടൽ കാടുകളാൽ തിങ്ങി നിറഞ്ഞ കണ്ടൽ കടവുള്ള ഈ പ്രദേശം പിന്നീട് ‘കണ്ടക്കടവ് ‘ ആയി മാറി .
പതിനാറാം നൂറ്റാണ്ടിൽ ഗോവയിൽ നിന്നു കൊച്ചിയിലേക്ക് കുടിയേറിയ കൊങ്കണികളായിരുന്നു ചെല്ലാനം , കണ്ടക്കടവ് ഭാഗങ്ങളിൽ ഏറെയും വസിച്ചിരുന്നത്. അതൊക്കെ പിന്നീട് ഒരവസരത്തിൽ പറയാം .
പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ( 1780 ) തൃശൂർ ജില്ലയിലെ കുന്നംകുളത്ത് നിന്നും കണ്ടക്കടവ് പ്രദേശത്തേക്ക് കുടിയേറിയവരാണ് അറക്കൽ കുടുംബം .
അറക്കൽ തൊമ്മൻ സേവ്യറിന്റെ നാലാമത്തെ മകനായ സേവ്യർ തോമസ് അറക്കൽ കുമ്പളങ്ങി സെന്റ് പീറ്റേർസ് ഹൈസ്ക്കൂളിൽ നിന്നും , എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കി . സ്ക്കൂളിലും കോളേജിലും പഠിക്കുമ്പോൾ തന്നെ നാടകങ്ങളോടും , സംഗീതത്തോടും അദ്ദേഹത്തിനു വലിയ കമ്പമായിരുന്നു .
പൂനയിലെ ഓഡിനൻസ് ഫാക്ടറിയിൽ ജോലി ചെയ്യുകയായിരുന്ന സേവ്യർ തോമസിന്റെ സംഗീതത്തിൽ ആകൃഷ്ട്ടനായി ഫാക്ടറിയിലെ മാനേജിംഗ് ഡയറക്ടറായിരുന്ന സായിപ്പ് സേവ്യർ അറക്കലിന് സാമ്പത്തിക സഹായം നൽകി കർണാട്ടിക്കും , ഹിന്ദുസ്ഥാനി സംഗീതവും പഠിപ്പിച്ചു.
ബോളീവുഡിൽ സംഗീത സംവിധായകനായി സേവ്യർ തോമസ് തന്റെ സിനിമാ ജീവിതം ആരംഭിച്ചു . കൂടാതെ രണ്ടു മൂന്ന് തമിഴ് സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. വിമൽ കുമാർ എന്ന പേര് സ്വീകരിച്ചതോടെ പിന്നീടങ്ങോട്ട് സേവ്യർ തോമസ് വിമൽ കുമാറായി അറിയപ്പെട്ടു.
പൂനെയിൽ പാലൂസ്കറിന്റെ സംഗീത സഹായിയായി പ്രവർത്തിച്ചിരുന്ന സന്ദർഭത്തിലാണ് പാലൂസ്കറിന്റെ ശിഷ്യ മറാത്തി സ്വദേശിനിയായ ബ്രാഹ്മണയുവതിയുമായി അടുപ്പത്തിലാവുന്നത് . വിമൽ കുമാറിനെ വിവാഹം ചെയ്ത അവർ പിന്നീട് മേരി എന്ന പേര് സ്വീകരിച്ചു . ഈ ദാമ്പത്യ ബന്ധത്തിൽ ജനിച്ച ആദ്യ കുഞ്ഞ് മരണപ്പെട്ടു. പിന്നീട് നാല് മക്കളുണ്ടായി ക്ലാരൻസ് , സ്റ്റെല്ല , സ്റ്റാൻലി , തങ്കം എന്നിവരാണത് . ഇതിൽ സ്റ്റെല്ലയും , തങ്കമ്മയും ജീവിച്ചിരിപ്പുണ്ട്
വിമൽ കുമാർ ബോംബെയിൽ തന്റെ മകളുടെ പേരിൽ സ്റ്റെല്ല കമ്പെയിൻസ് എന്ന ഒരു പ്രൊഡക്ഷൻ തുടങ്ങി . സ്റ്റെല്ല ഇപ്പോൾ കാനഡയിൽ സ്ഥിരവാസമാണ് .
ഭാര്യ മരണപ്പെട്ടതോടെ വിമൽ കുമാർ തന്റെ ജീവിതം ബോംബെയിൽ നിന്നു നാട്ടിലേക്ക് പറിച്ചു നട്ടു .
വിമൽ കുമാർ തിരുവനന്തപുരത്ത് സുബ്രമണ്യത്തിന്റെ മെറിലാന്റ് സ്റ്റുഡിയോയിൽ ജോലി നോക്കി . പിന്നീട് ആലപ്പുഴ ഉദയാ സ്റ്റുഡിയോയിലും പ്രവർത്തിച്ചു . ഉദയാ സ്റ്റുഡിയോയിൽ അക്കാലത്ത് നിർമ്മിച്ച ഉമ്മ , സീത , നീലി സാലി എന്നീ സിനിമകളുടെ തിരക്കഥയും , സംവിധാന മേൽനോട്ടവും വിമൽ കുമാർ നിർവ്വഹിച്ചു .
കാഞ്ഞിരപ്പള്ളിക്കാരനായ പി.ആർ.എസ്. പിള്ള ഒരു മലയാള സിനിമ നിർമ്മിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു .
‘ തിരമാല ‘ എന്നു പേര് നൽകിയ സിനിമയുടെ സംവിധായകനായി വിമൽ കുമാറിനെ പിള്ള കണ്ടെത്തുന്നു . ഈ സിനിമയുടെ സംവിധാനം മാത്രമല്ല സംഗീത സംവിധാനവും നിർവ്വഹിച്ചത് വിമൽ കുമാറാണ് . പി.ആർ.എസ്. പിള്ള പിന്നീട് കേരള സ്റ്റേറ്റ് ഫിലിം ഡവലപ്പ്മെന്റ് കോർപ്പറേഷന്റെ ചെയർമാനും , മാനേജിംഗ് ഡയറക്ടറുമായി.
‘ തിരമാല ‘ സിനിമയുടെ സംവിധാനത്തിനുള്ള തീരുമാനവുമായി വിമൽ കുമാർ കൊച്ചിയിലെത്തുന്നു. അഭിനയമോഹവുമായി നടക്കുന്ന ഫോർട്ടുക്കൊച്ചി കുരിശ്ശിങ്കൽ തറവാട്ടിലെ തോമസ് ബർലിയുടെ അടുത്തെത്തിയ വിമൽ കുമാറിന്റെ അപ്രതീക്ഷിതമായ ചോദ്യം ” ഞാനൊരു സിനിമ എടുക്കാൻ ഉദ്ദേശിക്കുന്നു . താങ്കൾക്കതിൽ അഭിനയിക്കാമോ ?”
വിമൽ കുമാർ കുരിശ്ശിങ്കൽ തറവാട്ടിലെ തോമസ് ബർലിയുടെ അരികിലെത്താൻ കാരണം വിമൽ കുമറിന്റെയും , തോമസ് ബർലിയുടെയും കുടുംബങ്ങൾ തമ്മിലുള്ള ബന്ധം തന്നെ . കൊടുങ്ങല്ലൂരിൽ പായ്കപ്പൽ നിർമ്മാണ വ്യവസായത്തിൽ
ഏർപ്പെട്ടിരുന്ന തോമസ് ബർലിയുടെ കുരിശ്ശിങ്കൽ തറവാട് പിന്നീട് ബ്രിട്ടീഷ് കൊച്ചിയിലേക്ക് പറിച്ചുനടപ്പെട്ടവരാണ് . തൃശൂർ ജില്ലയിലെ കുന്നംകുളത്ത് നിന്നും കണ്ടക്കടവ് എത്തിയ അറക്കൽ കുടുംബവുമായി കുരിശ്ശിങ്കൽ തറവാടിന് ബന്ധങ്ങളുണ്ട്.
സിനിമയിൽ അഭിനയിക്കുവാനുള്ള ആവേശത്തോടെ മേക്കപ്പ് ടെസ്റ്റിനായി തിരുവന്തപുരത്തേക്ക് പുറപ്പെടുന്നതിനു ഒരുക്കങ്ങൾ നടക്കുന്നതിനിടയിലാണ് രണ്ടു പേർ ഒരു ക്യാമറ വിൽക്കുന്നതിനായി ഫോർട്ടുക്കൊച്ചിയിലെ കുരിശ്ശിങ്കൽ തറവാട്ടിൽ തോമസ് ബർലിയുടെ അച്ചന്റെ അരികിലെത്തുന്നത് . നാടക നടൻ എഡ്ഡി മാസ്റ്ററും മറ്റൊരാൾ
‘ നീലക്കുയിൽ ‘ , ‘ചെമ്മീൻ’ എന്നീ സിനിമകളിലൂടെ പിന്നീട് സിനിമാ ലോകത്ത് തന്നെ ചർച്ചയായി മാറിയ രാമു കാര്യാട്ടുമായിരുന്നു അവർ .
ക്യാമറ വിൽക്കാൻ കഴിഞ്ഞില്ല പക്ഷെ തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ ബർലിയോടൊപ്പം ഇവരുമുണ്ടായിരുന്നു.
അങ്ങനെ ‘തിരമാല ‘ യുടെ സംവിധായകൻ
വിമൽ കുമാറും , രാമുകാര്യാട്ട്
സഹസംവിധായകനുമായി . ഈ സിനിമയുടെ ആദ്യ ഷോട്ട് എടുത്തത് രാമു കാര്യാട്ടായിരുന്നു . 1953 ൽ നിർമ്മിച്ച ഈ ചിത്രത്തിന്റെ സംഗീത സംവിധായകനും വിമൽ കുമാറായിരുന്നു.
തോമസ് ബർലി നായകനായ ഈ ചിത്രത്തിൽ വില്ലനായി അഭിനയിച്ചത്
പിന്നീട് പ്രശസ്ത നടനായി മാറിയ സത്യനായിരുന്നു . അക്കാലത്ത് പ്രേംനസീറും , സത്യനും രംഗത്ത് വരുന്നതേയുള്ളു . മറ്റൊരു രസകരമായ കാര്യം സംഗീത സംവിധാനത്തിനായി വിമൽ കുമാറിനെ സഹായിക്കാൻ അന്നു കൊണ്ടു വന്നത് പിന്നീട് മലയാള സിനിമാ ചരിത്രത്തിൽ മായ്ക്കാൻ കഴിയാത്ത അടയാളമായി മാറിയ എം.എസ്. ബാബു രാജിനെയാണ് .
തോമസ് ബർലി ലോസ് ആഞ്ചലസിലുള്ള യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ നിന്നു അഭിനയം പഠിച്ചിറങ്ങി . നിരവധി മെക്സിക്കൻ ടി.വി. സീരിയലുകളിലും , ചില ഇംഗ്ലീഷ് ചിത്രങ്ങളിലും വേഷങ്ങൾ ചെയ്തു . അങ്ങനെ ഫോർട്ടുക്കൊച്ചിക്കാരാനായ തോമസ് ബർലി ഒരു ഹോളിവുഡ് നടനായി.
കണ്ടക്കടവ് പള്ളിയിൽ നാടകവും , ഗാനവും , സംഗീതവും എഴുതി സംവിധാനം ചെയ്ത വിമൽ കുമാർ ഈ നാടകത്തിൽ നാട്ടിലെ ചെറുപ്പക്കാരെയും ചെറുപ്പക്കാരികളെയും അഭിനയിപ്പിച്ച് കൈയ്യടി നേടി. കൂടാതെ കണ്ടക്കടവ് ശ്രീ കാർത്ത്യാനി ക്ഷേത്രത്തിൽ ‘ ലങ്കാദഹനം ‘ എന്ന നാടകം കൊങ്കണി ഭാഷയിൽ എഴുതി കൊങ്കണികളായ കുടുംബി സമുദായക്കാരെ മാത്രം നടന്മാരാക്കി സംവിധാനം ചെയ്തു അവതരിപ്പിച്ചു.
1964 ശ്രീ സെബാസ്റ്റ്യൻ കുഞ്ഞു കുഞ്ഞു ഭാഗവതരുടെ അനുജൻ ശ്രീ ആലപ്പി വിൻസെന്റിന്റെ ആലുവയിലെ തോട്ടുമുഖത്തുള്ള അജന്താ സ്റ്റുഡിയോയിൽ , പ്രശസ്ത നോവലിസ്റ്റായ കാനത്തിന്റെ ‘ കാട്ടുമങ്ക ‘ എന്ന കഥ സിനിമയാക്കുന്ന തിരക്കുകൾക്കിടയിൽ ,പെട്ടെന്ന് വിമൽ കുമാറിന് പക്ഷാഘാതം സംഭവിക്കുകയായിരുന്നു . എറണാകുളത്ത് കച്ചേരിപ്പടിയിലുള്ള സർക്കാർ ആയുർവേദ ആശുപത്രിയിൽ ദീർഘനാൾ ചികിത്സിച്ചു . ശേഷം ജേഷ്ട്ട സഹോദരൻ മാർഷലിന്റെ വസതിയിൽ വിശ്രമജീവിതം നയിക്കവേ 1968 -ൽ വിമൽ കുമാർ എന്ന ആ മഹാപ്രതിഭ അന്തരിച്ചു .ചിത്രത്തിൽ കാണുന്നത് തിരമാലയിലെ ഒരു ഗാനരംഗത്തിന്റെ ചിത്രീകരണമാണ്. നടുവിൽ സംവിധായകൻ വിമൽ കുമാർ.