രചന : തോമസ് കാവാലം ✍
ശാലിനിയുടെ വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് അഞ്ചു വർഷം ആകുന്നു. അവളെ വിവാഹം കഴിച്ചതാകട്ടെ ഒരു എൽ ഡി ക്ലാർക്ക്. അതിനെ ഒരു ആഘോഷം എന്ന് വിളിക്കാമോ എന്ന് അറിഞ്ഞുകൂടാ. വിവാഹം രജിസ്ട്രാറുടെ ഓഫീസിൽ വച്ചായിരുന്നു. വളരെ നാടകീയമായിരുന്നു ആ രംഗങ്ങൾ. കാരണം വളരെ വ്യക്തമായിരുന്നു.
അന്യമതത്തിൽപ്പെട്ട ആളായിരുന്നു റോബർട്ട്. ആ നാട്ടുകാരൻ തന്നെയായിരുന്നു അവൻ. മൂന്നുവർഷം ശാലിനിയുടെ പുറകെ നടന്നു അവൻ. വിവാഹാഭ്യർത്ഥനയുമായി. ഒരു ഘട്ടത്തിൽ ശാലിനി തന്നെ അത് വേണ്ടെന്ന് വെച്ചതാണ്. പലപ്രാവശ്യം അവൻ വീട്ടിൽ ആലോചനയുമായി ചെന്നു. പലരെയും പറഞ്ഞു വിട്ടു. പക്ഷേ അച്ഛൻ അടുത്തില്ല. അച്ഛന് മാത്രമല്ല, വീട്ടിൽ എല്ലാവർക്കും എതിർപ്പായിരുന്നു. ഒരു ഘട്ടത്തിൽ ഈ വിവാഹാലോചന നടന്നാൽ അമ്മ തൂങ്ങി ചാകും എന്ന് വരെ പറഞ്ഞുനോക്കി.അത്രയ്ക്കും എതിർപ്പായിരുന്നു ആ വിവാഹത്തോട്. പക്ഷേ അവർ കൂടുതൽ കൂടുതൽ അതുവഴി അടുത്തതേയുള്ളൂ.
ശാലിനി അതീവ സുന്ദരിയായിരുന്നു. അവളുടെ വിടർന്ന കണ്ണുകളും ഇടതൂർന്ന മുടിയും ഗോതമ്പിന്റെ നിറവും ആരെയും ആകർഷിക്കുന്നതായിരുന്നു. അവൾക്ക് വിവാഹപ്രായമായപ്പോൾ മുതൽ പലരും അവളെ നോട്ടമിട്ടിരുന്നു. കോളേജിൽ പ്ലസ്ടുവിന് പഠിക്കുമ്പോഴാണ് റോബർട്ട്മായി അടുത്തത്. അടുപ്പം പിരിയാൻ പറ്റാത്ത സ്ഥിതിയിലായി.
റോബർട്ടിനോടുള്ള എതിർപ്പിന് മറ്റൊരുകാരണകൂടിയുണ്ടായിരുന്നു. ശാലിനിയുടെ വീട്ടിൽ നിന്നും അധികം അകലെയല്ലാതെ അവളുടെ കൂട്ടുകാരി പൊന്നുമണി താമസിച്ചിരുന്നു. ശാലിനിയുടെ അതേ മതവിഭാഗത്തിൽ പെട്ടവളായിരുന്നു അവളും. അവൾ ഇതുപോലെ തന്നെ ഒരു മുസ്ലിം ചെറുപ്പക്കാരനുമായി അടുപ്പത്തിലാകുകയും ഒളിച്ചോടി പോവുകയും ചെയ്തു. ഒന്നൊന്നര വർഷം അങ്ങനെ അവർ ഇവിടെയും അവിടെയും ഒക്കെയായി നടന്നു. ഒരു കുഞ്ഞുമായി. ഒരു ദിവസം അവൾ വീട്ടിലേക്ക് തിരിച്ചുപോന്നു. പിന്നീടുള്ള അവളുടെ ജീവിതം വളരെ കഷ്ടത്തിലായിരുന്നു.
ഒരു സുപ്രഭാതത്തിൽ റോബർട്ട് വീട്ടിലേക്ക് കയറി വന്നു. അപ്പോൾ അച്ഛൻ ഉമ്മറത്തുതന്നെ ഇരിപ്പുണ്ടായിരുന്നു. അവൾ അടുക്കളയിൽ പശുവിന് കൊടുക്കാനുള്ള പുളിങ്കുരു വേവിച്ചു കൊണ്ടിരിക്കുകയായിരുന്നു. അച്ഛനെ കണ്ടതാ റോബർട്ട് ചോദിച്ചു:
“ അച്ഛാ ഞാൻ റോബർട്ട് ആണ്. ശാലിനിയെ കാണാൻ വന്നതാണ്. “
“ ശാലിനി ഇവിടെ ഇല്ല!”
വളരെ ഗൗരവ ഭാവത്തിൽ അച്ഛൻ പറഞ്ഞു. അച്ഛൻ റോബർട്ടിന്റെ മുഖത്ത് നോക്കിയില്ല.
“ അവൾ ഇവിടെ ഉണ്ടെന്ന് എനിക്കറിയാം അച്ഛൻ നുണ പറയേണ്ട!”
“ അവളെ നീ കാണണ്ട. കാണേണ്ട ആവശ്യമില്ല”
ഗൗരവം വിടാതെ അച്ഛൻ തുടർന്നു.
“ ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്. ഞങ്ങളുടെ വിവാഹം നടത്തിത്തരണം “
റോബർട്ട് യാചനാസ്വരത്തിൽ പറഞ്ഞു.
“ അത് നടക്കില്ല. നാട്ടുനടപ്പു മാത്രമേ നടക്കത്തുള്ളൂ”.
“ നാട്ടിൽ ഇങ്ങനെയും വിവാഹങ്ങൾ നടക്കുന്നുണ്ടല്ലോ. ഞാനൊരു ക്രിസ്ത്യാനിയായി പോയത് ശാലിനിയുടെയോ എന്റെയോ കുറ്റമല്ലല്ലോ. ഞങ്ങളെ അനുഗ്രഹിക്കണം”.
“ നിങ്ങളെ അനുഗ്രഹിക്കാൻ ഞാനെന്താ ദൈവമാണോ?”
“ ദൈവമല്ല; ദൈവത്തെ പോലെയാണ്”
റോബർട്ട് വിട്ടുകൊടുക്കാൻ തയ്യാറല്ലായിരുന്നു.
വാദം കേട്ട് അമ്മയും ശാലിനിയും പുറത്തേക്ക് വന്നു. ശാലിനിയെ കണ്ടതോടുകൂടി റോബേർട്ടിന്റെ വാശി മൂത്തു. അയാൾ പറഞ്ഞു:
“ എനിക്ക് തന്നില്ലെങ്കിൽ ഞാൻ വിളിച്ചിറക്കി കൊണ്ടുപോകും”.
“ അവൾ വരുമെങ്കിൽ കൊണ്ടുപോക്കോളൂ “
പെട്ടന്ന് അച്ഛന് അങ്ങനെയാണ് വാക്കുകൾ വായിൽ വന്നത്. അത് വിനയായി പോയെന്ന് പിന്നീട് അച്ഛന് തോന്നി.
ശാലിനിയുടെ നെഞ്ചിടിച്ചു. റോബർട്ട് വിളിച്ചു കൊണ്ടുപോകുമോ? വിളിച്ചാൽ പോകണമോ? പോകാതിരുന്നാൽ പിന്നെ റോബർട്ടുമൊത്തുള്ള ജീവിതം ഉണ്ടാകില്ലെന്നു അവൾക്ക് നന്നായി അറിയാമായിരുന്നു. അവൾ വിചാരിച്ചത് തന്നെ സംഭവിച്ചു. ആ വാശിക്ക് റോബർട്ട് വിളിച്ചു:
“ ശാലിനി നീ ഇറങ്ങി വാ. എന്റെ ജീവനുള്ളിടത്തോളം കാലം ഞാൻ നിന്നെ നോക്കിക്കോളാം”
അങ്ങനെ അന്ന് തന്നെ ആ വിവാഹം നടന്നു. ആ പുതുവർഷ ദിനം ഒരു പുതിയ ജീവിതത്തിന്റെ ആരംഭം ആയിരുന്നു.ഏതാനും സുഹൃത്തുക്കളുടെ സഹകരണത്തോടെയും സാക്ഷ്യത്തോടെയും..
ശാലിനിയുടെ അച്ഛൻ മധുസൂദനൻ ഒരു സാധാരണ കൃഷിക്കാരൻ ആയിരുന്നു. അമ്മ ഒരു വീട്ടുകാരിയും. അധികം സമ്പാദ്യങ്ങൾ ഒന്നുമില്ലായിരുന്നു. എങ്കിലും അങ്ങനെ കഴിഞ്ഞു പോന്നു. അയാൾക്ക് മൂന്ന് പെൺമക്കളായിരുന്നു. ഏറ്റവും ഇളയ ഒരു ആൺകുട്ടിയും. ശാലിനിയുടെ മൂത്ത രണ്ടുപേരെയും ഒരു വിധം കല്യാണം കഴിച്ച് അയച്ചു. ശാലിനിയുടെ ഊഴം വന്നപ്പോൾ മധുസൂദനൻ ആകെ ക്ഷയിച്ച പോലെ ആയി. രണ്ടുമൂന്ന് വർഷങ്ങളായിട്ട് കൃഷിയിൽ നിന്ന് ലാഭമില്ല. ഒരേക്കർ വരുന്ന നെൽപ്പാടത്ത് വരികിളുത്തത് കൃഷിച്ചിലവ് വർദ്ധിപ്പിച്ചു. കൂലി ചെലവ് കൊണ്ട് എല്ലാവർഷവും കൃഷി നഷ്ടത്തിലായിരുന്നു.
അന്നൊരു ദിവസം വീടിന്റെ വാതിൽക്കൽ കൂടി കടന്നു പോകുമ്പോൾ വീട്ടുമുറ്റത്ത് പന്തലിട്ടിരിക്കുന്നത് ശാലിനി കണ്ടു. അവിടെ എന്തോ വിശേഷം നടക്കുന്നുണ്ടെന്ന് അവൾക്ക് മനസ്സിലായി. ഒരു നിമിഷം അങ്ങോട്ട് കയറി ചെന്നാലോ എന്ന് അവൾ ആലോചിച്ചു. ഇറങ്ങി പോന്ന അന്നുമുതൽ മനസ്സിലുണ്ടായ ചിന്തയാണ് അത്. ഇപ്പോൾ അത് വളരെ ഉൽക്കടമായിരിക്കുന്നു. അനിയന്റെ വിവാഹമായിരിക്കണം. അവളുടെ മനസ്സു മന്ത്രിച്ചു. ആരെയാകും കെട്ടുക എവിടുന്നാകും പെണ്ണ് എന്നൊക്കെ അവളുടെ മനസ്സ് ആലോചിച്ചു. പിന്നൊരു നിമിഷത്തിൽ എന്തിന് ഇതിനെക്കുറിച്ച് എല്ലാം ആലോചിക്കുന്നുവെന്ന് അവളുടെ മനസ്സ് അവളോടുതന്നെ ചോദിച്ചു. ആ ബന്ധം മുറിച്ച് ഇറങ്ങിപ്പോന്നവളാണ് താൻ. എത്ര വെച്ചുകെട്ടിയാലും ആ മുറിവ് ഉണങ്ങില്ല. അവൾ വേഗം നടന്നു. വഴിയിൽ ചില പരിചയക്കാരെയൊക്കെ കണ്ടെങ്കിലും പരിചയം ഭാവിച്ചില്ല. അവരെന്തെങ്കിലും ഒക്കെ കുത്തു വർത്തമാനം പറയുമെന്ന് അവൾ ഭയപ്പെട്ടു.
വീട്ടിൽ ചെന്ന് അവൾ റോബർട്ടുമായി കണ്ട കാര്യം പങ്കുവെച്ചു. അപ്പോൾ റോബർട്ട് അവളുടെ വിചാരങ്ങൾ ശരിയാണെന്ന് തീർത്തു പറഞ്ഞു. അക്കൂട്ടത്തിൽ റോബർട്ട് ഒരു പ്രധാന കാര്യം കൂടി പറഞ്ഞു. അച്ഛന് എന്തോ കലശലായ രോഗമാണ്. കുറേ ദിവസങ്ങൾ ആശുപത്രിയിലായിരുന്നു. സാമ്പത്തികമായി വളരെ ഞെരുക്കത്തിലാണ്.
ശാലിനി വീട്ടിൽനിന്ന് ഇറങ്ങിപ്പോന്നതിൽ പിന്നെ അമ്മയും വളരെ വിഷമത്തിലായിരുന്നു. നാട്ടിൽ അവർക്കുണ്ടായിരുന്ന അന്തസ്സ് പൊയ്പോയെന്ന് അമ്മ വിലപിക്കുമായിരുന്നു.
ഭർത്താവ് ഒരു എൽ ഡി ക്ലർക്ക് ആയിരുന്നെങ്കിലും ജീവിതം വളരെ ബുദ്ധിമുട്ടായിരുന്നു ശാലിനിക്ക്. അതിനിടയ്ക്ക് ഒരു കുഞ്ഞു കൂടി ജനിച്ചതോടുകൂടി ജീവിത ഭാരം കൂടി. വാടകവീട്ടിലായിരുന്നു താമസം. റോബർട്ടിന് അവന്റെ വീട്ടിൽ നിന്നും അധികം സഹകരണവും സഹായവും കിട്ടിയിരുന്നില്ല. അവരുടെവീട്ടിലാണെങ്കിൽ യാതൊരുവിധ ഉപകരണങ്ങളും ഉണ്ടായിരുന്നില്ല. ചെറിയ കുടുംബം ആണെങ്കിലും പിടിപ്പതു പണിയുണ്ടായിരുന്നു ശാലിനിക്ക്..
ഒരു ദിവസം യാദൃശ്ചികമായാണ് അച്ഛന്റെ അയൽക്കാരനെ റോബർട്ട് കാണാനിടയായത്. അയാളിൽ നിന്നും ഒരു സുപ്രധാന വാർത്ത റോബർട്ടിനു കിട്ടി. അച്ഛൻ തന്റെ പേരിലുള്ള ഒരേക്കർ നിലം വിൽക്കാൻ പോകുന്നു. എന്താവശ്യത്തിനാണെന്ന് അയാൾ പറഞ്ഞില്ല. എങ്കിലും അത് അറിഞ്ഞപ്പോൾ മുതൽ ശാലിനിക്ക് ഒരു വിഷമം. തനിക്ക് കൂടി അവകാശപ്പെട്ടതാണല്ലോ അത്എന്ന് അവൾ വിചാരിച്ചു. അച്ഛന് മനസ്സലിവുണ്ടായാൽ ചിലപ്പോൾ എന്തെങ്കിലും തന്നെന്നിരിക്കും. അവളുടെ മനസ്സിൽ പുതു നാമ്പു മുളയിട്ടു. വൈകിട്ട് റോബർട്ട് ശാലിനിയോട് പറഞ്ഞു:
“ നീ ഏതായാലും അവിടം വരെ ഒന്ന് ചെല്ല്. അച്ഛന് സുഖമില്ലെന്നാണ് അറിഞ്ഞത്.പിണക്കമാണെങ്കിലും മനസ്സ് അച്ഛന്റെയല്ലേ!. കുഞ്ഞിനെ കാണുമ്പോൾ അച്ഛൻ എല്ലാം മറക്കും. സ്നേഹത്തിന് വീണ്ടെടുക്കാൻ പറ്റാത്തതായി ഈ ലോകത്ത് ഒന്നുമില്ല”
“ എങ്കിൽ ഞാൻ നാളെ തന്നെ പോകാം, ചേട്ടാ”
പിറ്റേന്ന് ശാലിനി കുഞ്ഞിനെയും കൂട്ടി അച്ഛനെ കാണാൻ പോയി. ദൂരെ നിന്ന് തന്നെ അമ്മ അവളെ കണ്ടു. ഓടിവന്ന് കുഞ്ഞിനെ കയ്യിൽ വാങ്ങി. എന്നിട്ട് കുശലം ചോദിക്കാൻ തുടങ്ങി.
“ എങ്കിലും നീ പലപ്രാവശ്യം ഇതുവഴി കടന്നുപോയിട്ടും ഇതുവരെ ഇങ്ങോട്ട് ഒന്ന് കയറിയില്ലല്ലോ. നിന്റെ മനസ്സ് ഉരുക്കാണ്”
അമ്മ പരിഭവപ്പെട്ടു.
“ അച്ഛൻ എവിടെ, അമ്മേ?”
ശാലിനി ചോദിച്ചു.
“ നീ അറിഞ്ഞില്ലേ അച്ഛന് കാൻസറാണ്. കിടപ്പിലാണ്. ഇനി അധികകാലം ഇല്ലെന്നാണ് ഡോക്ടർ പറഞ്ഞത്.!”
വളരെ വിഷമത്തോടെ അമ്മ പറഞ്ഞു. എന്നിട്ട് അമ്മ ശാലിനിയെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
“ അച്ഛൻ നന്നായി ക്ഷീണിച്ചു പോയി. രോഗം വല്ലാതെ അലട്ടുന്നുണ്ടോ?”
ശാലിനി അച്ഛനോട് ചോദിച്ചു.
“ഇനി എന്ത് അലട്ടാൻ എന്നെ കൊണ്ടുപോകാൻ കാത്തുനിൽക്കുകയാണ് രോഗം. “
അച്ഛൻ കിടക്കയിൽ കിടന്നു തന്നെ സംസാരിച്ചു.അച്ഛന്റെ സ്വരം നേർത്തതും ബലഹീനവും ആയിരുന്നു. അച്ഛൻ മരണത്തെ മുന്നിൽ കണ്ടതുപോലെ തോന്നി.
ശാലിനി ഏകദേശം രണ്ടു മണിക്കൂർ അവിടെ ചെലവഴിച്ചു. പിന്നീട് സന്തോഷത്തോടെ വീട്ടിലേക്ക് പോയി.
ശാലിനിക്ക് അപ്രതീക്ഷിതമായി പലതും നടക്കുന്ന ദിവസമായിരുന്നു ജനുവരി ഒന്നാം തീയതി. ആ വർഷവും വളരെ അപ്രതീക്ഷിതമായി ചിലത് നടന്നു. അന്ന് അച്ഛൻ അവളുടെ വീട്ടിൽ വന്നു. അച്ഛനെ കാണാൻ വീട്ടിൽ ചെന്നപ്പോൾ അച്ഛൻ കിടക്കയിൽ നിന്ന് എഴുന്നേൽക്കുമെന്ന് പോലും ശാലിനി വിചാരിച്ചിരുന്നില്ല. അങ്ങനെയുള്ള ആൾ എഴുന്നേറ്റ് നടന്നു എന്ന് കേട്ടപ്പോൾ ശാലിനിക്ക് അതിശയം തോന്നി. അച്ഛൻ വന്നതിനു പുറകെ ഒരു പിക്കപ്പ് വാൻ വന്നു നിന്നു. കുറെ പേർ കൂടി ഒരു വാഷിംഗ് മെഷീൻ പുറത്തേക്ക് ഇറക്കി. കൂടാതെ ഒരു അലമാരിയും. ശാലിനിയുടെ ചെറിയ വാടകവീട്ടിലേക്ക് ഇതെല്ലാം കയറ്റിയപ്പോൾ ശാലിനിയും റോബർട്ടും ഞെട്ടിപ്പോയി.. അച്ഛൻ ആകെ മാറിയിരുന്നു.
വീടിന്റെ വരാന്തയിൽ കസേരയിലിരുന്ന അച്ഛൻ ചായ കുടിക്കുന്നതിനിടയിൽ പറഞ്ഞു:
“ഇത് നിനക്കുള്ളതാണ്. എന്റെ പേരിൽ ഉണ്ടായിരുന്ന ഒരേക്കർ നിലം വിറ്റു. ഇത് പത്തു ലക്ഷം രൂപയുണ്ട്.. നിന്നോട് ഈ അച്ഛൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ക്ഷമിക്കുക.”
ഉടൻതന്നെ അച്ഛൻ വീട്ടിലേക്ക് മടങ്ങി.
ഡിസംബറിന്റെ ക്രൂരമായ തണുപ്പിനെ നേരിടാൻ ജനുവരിയുടെ സ്നേഹ സാന്ദ്രമായ വസന്തം വന്നതുപോലെ എല്ലാവർക്കും അനുഭവപ്പെട്ടു.
പിറ്റേന്ന് രാവിലെ ശാലിനി കേട്ടുണർന്നത് ഒരു ദുഃഖ വാർത്തയായിരുന്നു. അച്ഛൻ ഈ ലോകത്തോട് വിട പറഞ്ഞിരിക്കുന്നു. ശാലിനിയുടെ ഹൃദയം തകർന്നു പോയി. ദേഹമാസകലം മരവിച്ചതുപോലെ. എന്തെല്ലാമോ ഓർമ്മകൾ അവളുടെ മനസ്സിലേക്ക് ഇരച്ചു വന്നു. ഒരു നിമിഷം അവൾ അവളെത്തന്നെ മറന്നു. അവൾ മൂലം അച്ഛന്റെ മനസ്സിന് ഏൽപ്പിച്ച മുറിവിനെ കുറിച്ച് ഓർത്ത് അവൾ വിതുമ്പി. എങ്കിലും കുഞ്ഞിന്റെ കരച്ചിലും സാമീപ്യവും അവളെ ഈ ലോകത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു.