അന്ന്, നടവഴികള്‍,
നിരത്തായിരുന്നില്ല,നിരപ്പായിരുന്നില്ല,
ചക്രവാത്തോളം മിനുസപ്പുളപ്പുമായിരുന്നില്ല.
പച്ചക്കരകളുള്ള,
@ കൊച്ചു കുറിയാണ്ടുകളായിരുന്നു.
സന്ധ്യാനാമത്തോടൊപ്പം,
അമ്മ തോരാതുരുവിട്ടു പഠിപ്പിച്ചു;
“ഞാനെ” ന്നൊരുനാളും ചൊല്ലരുതുണ്ണീ നീ.
“ഈയുള്ളവനെ”ന്നായിടാം.
“നമ്മളെ”ന്നാകുകിലാണേറെ നന്മ.
“കുണ്ടി” യോളം നാറ്റമില്ലെന്നിരിക്കിലും,
“ഞാനി”ലുമുണ്ടൊത്തിരി നാറ്റമെന്നന്നു തന്നെ ഞാനുറപ്പിച്ചു.
2
സ്കൂളുകളിൽ
എന്‍റെ മഷിത്തണ്ടുകളാണ്
മറ്റുള്ള സ്ലേറ്റുകളൊക്കെ തെകാലിബിംബംപ്പേജുകലാക്കിയത്‌.
കൂട്ടരും,നാട്ടാരും സ്നേഹച്ചിരി ചൊരിഞ്ഞു.
അമ്മക്കണ്ണുകൾ തിളങ്ങി,
ജീവിതലക്ഷ്യം എനിക്ക് കിറുകൃത്യമായി.
2
കോളേജുകാലത്ത്,
ഒരേ പെണ്ണ്,
ഒരേ ചൂടത്ത്
എന്നോടുമപരനോടും
ഒരേയീണത്തിൽ,
ചിരി കിലുക്കിയപ്പോൾ,
അമ്മ, എന്നെമാത്രം വിലക്കി.
3
ഡയറക്ടറുടെ, ഇൻസ്പെക്ഷനിൽ
ജൂനിയറിന്റെ സ്നേഹോപദേശം
അമ്മമൊഴിയായിരുന്നു എനിക്ക്.
പക്ഷെ, ഒറ്റയൊപ്പിന്
അയാളെന്റെ, ബോസായിട്ട് കണ്ണുരുട്ടിയപ്പോൾ,
ഞാനമ്മയെ ആകാശത്ത് തിരഞ്ഞു.
4
പന്തികളില്‍, ആദ്യമിരിക്കാതെ, എഴുന്നേല്‍ക്കാതെ,
തുരുമ്പിച്ച ഗേറ്റിൽ, കറങ്ങുന്ന വാതിലുകളിൽ, ലിഫ്റ്റിൽ,
വീട്ടിൽ, വിപണിയിൽ, ഓട്ടപ്പന്തയത്തിൽ,പൊക്കച്ചാട്ടങ്ങളിൽ,
ഏസി മീറ്റിങ്ങുകളിൽ, ചൂടു കമ്മിറ്റികളിൽ,
പാട്ടുമാട്ടവും, കവിതയും, മുഴങ്ങുന്ന
സ്വകാര്യ, പൊതുകാര്യ പൊതുവേദികളിൽ
നോക്കിലും,നാക്കിലും, നടപ്പിലു,മിരുപ്പിലും, അശ്ലീലനാകാതെ,
കണ്ടിട്ടും,കണ്ടെന്ന് കാട്ടാത്തവരെ, കുശലം പൂശിച്ച് ചിരിച്ചിട്ട്
“ശ്ലീല പുണ്യവാളനാ”യി,
പെൻഷനറായി
മാതൃകാ കുടുംബസ്ഥനായി.
5
സംതൃപ്തനാണോന്ന് ചോദിച്ചാൽ —–?
ഇന്നോളം കള്ളം പറയാതെ കഴിഞ്ഞില്ലേ?
പക്ഷെ,
തലയ്ക്കുള്ളിലൊരു ചെറു മൂളക്കം പോലെ;
“അശ്ലീലമോ ഞാനുര?”
6
ചുറ്റും നോക്കുമ്പോൾ,
പച്ചക്കര കുറിയാണ്ടുകളൊക്കെ
കസവു കംബളങ്ങളായ് തിളങ്ങി നീളുന്നു.
ചേറ്റുപാടങ്ങളിൽ കൊയ്തു പാട്ടല്ലിപ്പോൾ
യന്ത്രത്തോറ്റങ്ങളുടെ മുഴക്കമാണ്.
മുഖപ്പേജുകളടിമുടി
നേതൃത്തലകളും,
സുവർണപ്പണ്ടങ്ങളും, ദൈവമന്ദിരങ്ങളുമാണ്.
പ്രൈംടൈമിൽ, മുഴങ്ങുന്നത്, കളിയല്ല,കലയല്ല.
കൊലയും,കൊള്ളിവെയ്പ്പും,അടവ് മിടുക്കുകളുമാണ്.
കസേരക്കുത്തകകൾ , മാറുന്നുണ്ട് എങ്കിലും,തീരുന്നില്ല.
സ്വനഗ്രാഹികളെ കുപ്പയിലാഴ്ത്തി
ഉച്ചഭാഷിണികൾ അത്യുന്നതങ്ങളിൽ കൂവി വിളിക്കുന്നുണ്ട്.
രാജരാജനും,സാമന്തരാജാക്കളും
അഹമഹമികയാ
“ഞാൻ” ഗ്യാരൻ്റികൾ മുഴക്കുന്നുണ്ട്.
വാഴ്ത്തുപാട്ടുകാർക്കിപ്പോൾ അമൃത കാലം.
അഹംകാരമിവിടിപ്പോൾ അലങ്കാരമാണെന്നോ?!
ആരവങ്ങളുമവാർഡുകളും അവർക്ക് മാത്രമെന്നോ?
6
ഞാൻ മാത്രമെന്തിനു മൗനം ഭജിക്കണം?
മണ്ടനായ് മാറണം?
ഉള്ളുരക്കാതെ ഞാൻ
മണ്ണടിഞ്ഞെന്നാൽ,
ആർക്കുണ്ടു ചേതം?
കാലത്തിനപ്പുറം ആരാനുമെത്തുമോ
കെടാതെ ഞാൻ കാത്ത ദീപനാളത്തിൻ
തുമ്പൊന്നു കാട്ടി പറയുവാൻ?
7
ശ്വാസത്തിന്നിഴപോലും
വിലപേശി വിൽക്കുമ്പോൾ
‘അഹ’മകത്തൊളിപ്പിച്ചി –
‘ട്ടടിയൻ’ കളിക്കുന്ന
സർക്കസ് മൈതാനത്തിലെ
കോമാളിയാണ് ഞാൻ.
ചിരി,നിർത്തി നിങ്ങൾ
കൈലേസെടുക്കുക.
അശ്ലീലമല്ലെനിക്കിനി മേലിലെന്നുടെ
അതിവീര, അതികായ “ഞാനുരപ്പേച്ചുകൾ!”
———–

പി.ഹരികുമാര്‍

By ivayana