തറവാട്ട് വീട്ടിലെ
ചില്ലലമാരയിൽ
നരച്ചു പിഞ്ഞിപ്പോയ
സാരികളെക്കാൾ കൂടുതൽ
പല വർണങ്ങളിലും
വലിപ്പത്തിലുമുള്ള
മുഖം മൂടികളായിരുന്നു
ചെറുപ്പം മുതലേ
പല നിറത്തിലുള്ള
മുഖം മൂടി വെച്ച്
കളിക്കൂട്ടുകാരെ പേടിപ്പിക്കുന്നത്
വലിയ രസമായിരുന്നു
ചൂട്ടു വെളിച്ചത്തിന് പിന്നാലെ
അച്ഛനോപ്പം
കോട്ടയിൽ അമ്പലത്തിലെ
തിറക്ക് പോകുമ്പോൾ
കുരങ്ങിന്റെ മുഖം മൂടിയും
ബലൂണും വാങ്ങിക്കാൻ
വാശി പിടിച്ചു കരയാറുണ്ടായിരുന്നു
പ്രണയ കാലത്ത്
അവന് മുഖമല്ല
മുഖം മൂടി മാത്രമേ
ഉണ്ടായിരുന്നുള്ളുവെന്ന്
ആദ്യ രാത്രി തന്നെ
മനസിലാക്കിയിരുന്നു
ചേരാത്ത മുഖം മൂടികൾ
ഒരുപാട് തവണ മാറി മാറി
അണിഞ്ഞു നോക്കിയെങ്കിലും
ഒടുക്കം വഴി മുട്ടിയപ്പോഴാണ്
അവന്റെ ജീവിതത്തിൽ
നിന്നും ഇറങ്ങി നടന്നത്
ഒറ്റക്കായപ്പോൾ
വീണ്ടും മുഖം മൂടികളെ
പ്രണയിച്ചു തുടങ്ങി
ഉള്ളെരിയുമ്പോൾ
പുറത്ത് നിറഞ്ഞു ചിരിക്കുന്ന
മുഖം മൂടികൾ തിരഞ്ഞു നടന്നു
ഒറ്റക്ക് ജീവിക്കാൻ
വലിയ പാടാണ്
കെട്ട്യോൻ ഇട്ടിട്ട് പോയിട്ടും
വലിയ അഹങ്കാരമാണെന്ന്
ചുറ്റിലും അടക്കം പറച്ചിലുകൾ
സ്കൂൾ ഗ്രൂപ്പിലെ കൂട്ടുകാരൻ
നഗരത്തിലെ
വലിയ കോഫി ഷോപ്പിലേക്ക്
നിരന്തരം ക്ഷണിക്കുമ്പോൾ
പിന്നെയും ഇരുമ്പ് പെട്ടി തുറന്നു
രാവിലെ ഫോൺ നോക്കിയപ്പോൾ
നിനക്ക് ഇങ്ങനൊരു
മുഖം ഉണ്ടായിരുന്നോയെന്ന്
അവന്റെ ദേഷ്യം കലർന്ന പരിഭവം
എന്നും ഇടവഴിൽ
സുഖാന്വേഷണം
തിരക്കിവരുന്നൊരാളോട്
വെറുതെ ദേഷ്യപ്പെട്ടു
അത് വരെ കാണാത്തൊരു
മുഖം മൂടി കണ്ടയാൾ
നിശബ്ദനായി നടന്നു പോയി
രാത്രി വൈകി
കാച്ചെണ്ണ പുരണ്ട്
നിറം മങ്ങിപ്പോയ തലയിണയിൽ
മുഖമമർത്തി തേങ്ങും നേരം മാത്രം
എല്ലാ മുഖം മൂടികളും
അഴിച്ചു വെക്കും

വര : Sudhi Anna

യൂസഫ് ഇരിങ്ങൽ

By ivayana