രചന : അശോകൻ പുത്തൂർ ✍
പുണ്യസ്ഥലങ്ങൾ സന്ദർശിക്കും.
പൂർവ്വീക സ്വത്ത്
അധീനതയിലാവും.
കോപ്പിയടി പിടിക്കപ്പെടാം.
നല്ല ഭക്ഷണം ഉണ്ടാക്കിത്തിന്നും.
മുൻ ചെയ്തികൾ ഓർത്ത്
അകാരണമായ ഭയത്തിലകപ്പെടും
കൈക്കൂലി വാങ്ങുമ്പോൾ പിടിക്കപ്പെടാം.
തന്റേടം കാട്ടി
തല്ലുകൊള്ളാൻ സാധ്യത ഉണ്ട്.
ഭാര്യയുമായി ഭിന്നതയാവും
രണ്ടാഴ്ച മാറിക്കിടക്കും.
അദ്ധ്വനിക്കാതെ
പണക്കാരനാകാനുള്ള ത്വര
ക്രമാതീതമായി ഉയരും.
അപ്പുറവും
ഇപ്പുറവുമുള്ള വീടുകളിലെ
സന്തോഷം കണ്ട്
ആത്മഹത്യക്ക് ശ്രമിക്കും.
വീട്ടിലെ
കക്കൂസ് കുളിമുറി എന്നിവ
അറ്റകുറ്റപ്പണി നടത്തും
ബസ്സിൽ
പെണ്ണിന്റ ചന്തിക്ക് പിടിച്ച്
നാട്ടുകാർ എടുത്തിട്ട് അലക്കും.
നഷ്ടപ്പെട്ടെന്നു കരുതിയ സമാധാനം
വീട്ടുകാർക്ക്
കൊറിയറായി തിരിച്ചു കിട്ടും.
ഉന്നതരുമായി
അവിഹിത ബന്ധം തരപ്പെടും.
അന്യന്റെ ഉയർച്ചയിൽ
മാട്ടും മാരണവും ആഗ്രഹിക്കും.
ഇങ്ങിനെയൊക്കെ ആണെങ്കിലും
ആക്രാന്തത്തിനും മ്ലേച്ചത്തരത്തിനും
ഡോക്ടറേറ്റ് കിട്ടാൻ
ഈ രാശിക്കാർക്ക്
പഞ്ഞമുണ്ടാവാൻ ഇടയില്ല.