ലോകത്തിലെ തന്നെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നായ ഭാരതത്തിൽ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി കഴിഞ്ഞു. നാനാത്വത്തിൽ ഏകത്വമെന്ന മഹദ് സന്ദേശത്തിലാണ് ഭാരതത്തിന്റെ അസ്തിത്വം നിലകൊള്ളുന്നത്. വിവിധ വർണ വർഗ ഭാഷകളെയും മതങ്ങളെയും സംസ്കാരങ്ങളെയും വേഷങ്ങളെയും ഒരേ കുടക്കീഴിൽ നട്ടുനനച്ചു വളർത്തി വർണവസന്തം തീർത്ത മഹാ പൈതൃകത്തിന്റെ മഹത്വം
വർഗീയത തലക്കുപിടിച്ച പകയുടെ വെറുപ്പിന്റെ വൈരത്തിന്റെ അസഹിഷ്ണുതയുടെ ഭാണ്ഡം പേറുന്നകോമരങ്ങൾക്കറിയില്ല.അവർക്ക് വേണ്ടത് അധികാര
ത്തിന്റെ അപ്പക്കഷ്ണങ്ങളാണ്. ഇത്തരക്കാർക്ക് മറുപടി കൊടുക്കാനുള്ള ഏക വഴിയാണ് നമ്മുടെ വോട്ടവകാശം. ഭാരതത്തിന്റെ നല്ല നാളെക്കായി നമുക്ക് ഒന്നു ചേരാം.

കലക്കു വെള്ളം നോക്കി മീൻ പിടിച്ചിടാനായ് വന്നവർ
കുരുക്കെറിഞ്ഞു നാടിനെ കുരുക്കിലാക്കിടുന്നിതാ
പൊരുതി നേടിയുള്ള പൊൻ വിളക്കിൻ ശോഭയൊക്കെയും
നിർദ്ദയം ശ്രമിച്ചിടുന്നു
പ്രഭയത് അണക്കുവാൻ
കറുപ്പു വീണ ഹൃത്തിനാൽ
കുറുക്കുവഴികൾ തേടിയോർ
ശ്രമിച്ചിടുന്നു നാടിതിന്റെ ഒരുമയെ തകർത്തിടാൻ
വിതച്ചിടുന്നു മണ്ണിതിൽ വെറുപ്പതിന്റെ വിത്തുകൾ
ചീറ്റിടുന്നു നാക്കിനാൽ
വിഷം വമിക്കും വാക്കുകൾ
ഓർമ വേണം നാടിതിന്റെ സമര ചരിത ഗാഥകൾ
പൊൻ വസന്തം തീർത്ത സഹന സമര സ്നേഹ ഗാഥകൾ
ജാതിയൊന്ന് മനിതരൊന്ന്
ദൈവമൊന്ന് ചൊല്ലിടാൻ
ഉടപ്പിറപ്പിൻ ഉയിര് കാക്കാൻ ഉൺമ ചൊല്ലി നിന്നവർ
സോദരി തൻ മാറതൊന്ന് മാനമായ് മറച്ചിടാൻ
മാറിടം മുറിച്ച് ചോര ചിന്തിയ ത്രെ നാരികൾ
ദൃഷ്ടി പോലും ദോഷമായി കണ്ടൊരു ജനതയെ
ചേർത്തു നിർത്തി
സ്വന്തം ചോരയാണതെന്നുണർത്തിയോർ
ഫണം വിടർത്തി വനിടുന്നു
വീണ്ടുമിന്നു ഫാസിസം
ആഞ്ഞു കൊത്താൻ നോക്കിടുന്നു നാടിതിന്റെ കരളതിൽ
നാടിതിന്റെ ഐക്യവും പെരുമയെന്നും കാത്തിടാൻ
കരുത്തരായി നിൽക്ക നമ്മൾ ധീരവീര ശൂരരായ്

ടി.എം. നവാസ്

By ivayana