എന്റെ അനിയത്തി എന്നൊരു മൊതല് കട്ടപ്പാരയായി എന്റെ ജീവിതത്തിൽ അവതാരമെടുത്തതുമുതൽ അവൾക്കിട്ടൊരു നല്ല പണി എങ്ങനെ കൊടുക്കാം എന്നാണ് ഓർമ്മവെച്ചത് മുതൽ ഞാനെന്ന ചേച്ചിയുടെ ഊണിലും ഉറക്കത്തിലെയും ചിന്ത. എന്റമ്മയുടെ സ്നേഹം പങ്ക് വെക്കപ്പെടുന്നതിലുള്ള സ്വാർത്ഥത തന്നെയായിരുന്നു അതിന്റെ പ്രധാന കാരണം. അങ്ങനെ ചിന്തിച്ചുചിന്തിച്ച് എന്റെ കുത്സിതങ്ങളും എനിക്കൊപ്പം ചടപടേന്ന്‌ വളർന്നുകൊണ്ടേയിരുന്നു.


അങ്ങനെയിരിക്കുമ്പോഴാണ് തേടിയ വള്ളി കാലിൽ ചുറ്റും പോലെ അവൾ അഞ്ചാംക്ലാസിൽ നിന്നും ആറിലേക്കും ഞാൻ എഴിലേക്കും ജയിക്കുന്നത്. മണ്ണുത്തി സി. എം. എസ്. സ്കൂളിനെക്കാൾ ദൂരത്താണ് യൂ. പി സ്കൂളായ സെന്റ്ജോർജ് സ്കൂൾ ചുരുക്കിപ്പറഞ്ഞാൽ ഇനി മുതൽ ഞാനെന്ന ചേച്ചി വേണം നോക്കീം കണ്ടും അവളെ സ്കൂളിൽ കൊണ്ടുപോകാനും തിരിച്ചു കൊണ്ട് വരാനും. “അമ്പടി ജിഞ്ചിനക്കടി” അവളെ എടുത്തിട്ടു അമ്മാനമാടാനുള്ള ലൈസൻസ് കയ്യിൽ കിട്ടുമെന്ന് സാരം.
എന്റെ കറുപ്പ്നിറം കാരണം പണ്ടേ കട്ടകോംപ്ലക്സ് അടിച്ചിരിക്കുന്ന ഞാൻ അന്ന് മുതൽക്കേ സ്വന്തമായ സൗന്ദര്യ പരീക്ഷണനിരീക്ഷണങ്ങൾ നടത്തിയിരുന്നു.

എങ്ങനെയെങ്കിലും വെളുക്കുക എന്നതായിരുന്നു അക്കാലത്തെ എന്റെ ഏറ്റവും വലിയ ജീവിതാഭിലാഷം. അതിന്റെ ഭാഗമായി കറുക്കാൻ സാധ്യത ഉണ്ടെന്ന് പലരും പറഞ്ഞു വിശ്വസിപ്പിച്ച കട്ടൻചായ മുതൽ കറുത്ത കോഴിയുടെ വെളുത്ത മുട്ട വരെ ഞാൻ ഉപേക്ഷിക്കുകയും ചെയ്തു. ആരും എന്റെ സൗന്ദര്യപരീക്ഷണത്തിന് തലവെച്ചു തരാത്ത സാഹചര്യത്തിൽ വീട്ടിലെ പൂച്ചപ്പെണ്ണായ കുറിഞ്ഞിയും സാറ എന്ന കോഴിപ്പെണ്ണുമായിരുന്നു എന്റെ സ്ഥിരം ഇരകൾ. കണ്ണെഴുതിച്ചും പൊട്ട് തൊട്ടും കഴുത്തിൽ റിബൺ കെട്ടിയും സുന്ദരിയാക്കിയ കുറിഞ്ഞി റിബൺ വേലിയിൽ കുടുങ്ങി ഈരെഴുപതിനാല് ലോകവും കണ്ടു തിരിച്ച് വന്നതിന് ശേഷം എന്റെ തലവെട്ടം കണ്ടാൽ തന്നെ ഓടിയൊളിക്കുന്നത് കൊണ്ട് മാത്രം അവളെ പരീക്ഷണവസ്തുവാക്കുന്നത് ഞാൻ പാടേ നിർത്തിയിരുന്നു. സാറയുടെ അഭൗമസൗന്ദര്യത്തിൽ മതിമറന്നാണോ എന്തോ ഒരു കീരി സേർ അവളെ തട്ടിക്കൊണ്ടുപോകുകയും ചെയ്തു.


അങ്ങനെ ഇരിക്കുമ്പോഴാണ് ഈ തേടിയ വള്ളിഇങ്ങോട്ട് വന്ന് കാലിൽ ചുറ്റുന്നത്. സ്വതവേ പേടിത്തൊണ്ടിയായിരുന്ന അവളെ പേടിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന ഞാനെന്ന സൈക്കോ ചേച്ചി തന്റെ ഭാവിപരിപാടികളെക്കുറിച്ച് ഒരു അവലോകനം നടത്തി. അവളുടെ “ആസ്ഥാനമേക്കപ്പ് മാൻ” സോറി “വുമൺ” ആയി സ്വയം പ്രഖ്യാപിച്ചു. എന്റെ കൂടെ കൊണ്ട് പോകണമെങ്കിൽ ഞാൻ തന്നെ മേക്കപ്പ് ചെയ്തു ഒരുക്കും ഇതായിരുന്നു എന്റെ ആദ്യഡിമാൻഡ്. ദേഷ്യം വന്നാൽ എന്റെ കാലിൽ കേറി നിന്ന് ചവിട്ടിക്കൂട്ടുന്ന ഒരു വൃത്തികെട്ട സ്വഭാവം അവൾക്കുണ്ടായിരുന്നു. സ്വതവേ മെലിഞ്ഞുണങ്ങിയ എന്നേക്കാൾ തണ്ടും തടിയും ഉള്ളത് കൊണ്ട് ആ ചവിട്ടിക്കൂട്ടലിൽ തോൽവി സമ്മതിച്ച് കല്ലേറ് കൊണ്ടൊരു നായ്ക്കുട്ടിയെ പോലെ നിർത്താതെ മോങ്ങിക്കൊണ്ടിരിക്കുമ്പോൾ അമ്മ ഇടപെട്ട് അവളെ പിടിച്ചുമാറ്റും. കാലങ്ങളായി ഒരാചാരമെന്നോണം നടന്നുവന്നിരുന്ന ആ ചവിട്ടിക്കൂട്ടൽ പാടേ നിർത്തണം അതായിരുന്നു രണ്ടാമത്തെ ഡിമാൻഡ്.

എന്റെ രണ്ട് ഡിമാന്റുകളും എതിരില്ലാതെ പാസ്സായി കാരണം ഞാൻ മുൻപേ പറഞ്ഞു പേടിപ്പിച്ചു നിർത്തിയിരുന്ന പട്ടാപകൽ പോലും കുട്ടികളെ ആകർഷിച്ചു കഴുത്തു പീച്ചിക്കൊല്ലുന്ന പ്രേതങ്ങൾ നിറഞ്ഞ പള്ളിസെമിത്തേരിയും ഒറ്റയ്ക്ക് പോകുന്ന കുട്ടികളെ പിടിച്ചു തിന്നുന്ന മുതലക്കുളവും അടക്കം പലതും താണ്ടി വേണമല്ലോ ഞങ്ങൾക്ക് സ്കൂളിൽ പോകാൻ. ഇതൊക്കെ ഞാനെന്ന ചേച്ചി ഇമ്മിണി വല്യസംഭവം ആണെന്നും ഇതൊക്കെ നേരിട്ട് എത്ര ചങ്കൂറ്റത്തോടെയാണ് പഠിക്കാൻ പോകുന്നതെന്നും വരുത്തി തീർക്കാൻ പറഞ്ഞ വെറും നട്ടാൽ കിളിർക്കാത്ത നുണകളാണെന്ന് അവൾക്കറിയില്ലല്ലോ.

അങ്ങനെ ഞാനും അവളും സ്കൂളിൽ പോയിത്തുടങ്ങി. രാവിലെ പൗഡറിട്ട് കണ്ണെഴുതി ബ്യൂട്ടിസ്‌പോട്ടും കുത്തി ഞാനവളെ എഴുന്നെള്ളിച്ചു കൊണ്ടുപോയി. “ആഹാ.. എന്താ ചന്തം” എനിക്ക് തന്നെ എന്നെപ്പറ്റി അഭിമാനം തോന്നിപ്പോയ നിമിഷങ്ങൾ.. പക്ഷേ വെറും മൂന്ന് ദിവസം കൊണ്ട് വഴിയിലെ സെമിത്തേരി ഒഴികെയുള്ള എന്റെ തള്ളുകളെല്ലാം പൊളിഞ്ഞുപാളീസായി എല്ലാം പച്ചക്കള്ളങ്ങളാണെന്ന് അവൾക്ക് മനസ്സിലായതോടെ എന്റെ മേക്കപ്പ് അവൾ നിഷ്കരുണം വേണ്ടെന്നു വെച്ചു. ഈ പറഞ്ഞ സംഭവങ്ങളെല്ലാം എന്നെ സഹിക്കുന്നതിനേക്കാൾ ഒത്തിരി ഭേദമാണെന്ന് കരുതിയിട്ടോ എന്തോ…. തനിയെ സ്കൂളിൽപോക്കും തുടങ്ങി. അങ്ങനെ എന്റെ ബ്രൂട്ടീഷൻ സ്വപ്‌നങ്ങൾ കുരുന്നിലേ തകർന്നടിഞ്ഞുപോയി.


എങ്കിലും അവൾക്കെന്നോട് ഒരുപാട് സ്നേഹമുണ്ട് ഗയ്സ്…. കാരണം അവളോട് വഴക്കിട്ട കുട്ടിയോട് പകരം ചോദിക്കാൻ ചെന്ന ഞാനെന്ന ചേച്ചി തോറ്റു തുന്നംപാടി കരഞ്ഞുവിളിച്ച്‌ അലമ്പാക്കിയപ്പോൾ അവളെന്നെ ചേർത്തുപിടിച്ച് കണ്ണീർ തുടച്ചുതന്ന് സമാധാനിപ്പിച്ച് തിരികേ എന്റെ ക്ലാസ്സിൽ കൊണ്ടുവിട്ട കാര്യം വർഷങ്ങളിത്ര കഴിഞ്ഞിട്ടും അവളാരോടും പറഞ്ഞിട്ടില്ലെന്നേ…സ്വന്തം ചേച്ചിയുടെ ഇമേജ് പോകാതെ ഈ രഹസ്യം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ഒരു അനുജത്തി…. സത്യത്തിൽ ഇതൊക്കെയല്ലേ യഥാർത്ഥ സഹോദരസ്നേഹം.😬😬

ബിന്ദു ബാലകൃഷ്ണൻ

By ivayana