രചന : കുട്ടുറവൻ ഇലപ്പച്ച✍
പ്രപഞ്ചം ഒരു കാമുകനു വേണ്ടി
പ്രവർത്തിക്കുന്ന വിധം
പ്രേമത്തിലേക്ക് തിരിച്ചു വരൂ
പ്രേമത്തിലേക്ക് തിരിച്ചു വരൂ എന്ന്
മഞ്ഞും മഴയും വെയിലും നിലാവും അവളോട് മാറിമാറിപ്പറഞ്ഞു
ജനൽ തുറക്കുമ്പോൾ തല നീട്ടി വന്ന പനിനീർപ്പൂവ്
പൂക്കളുടെ ഉത്സവം നടത്തുന്നതിനിടെ സുഗന്ധങ്ങളുടെ
മെസ്സേജുകൾ (ക്ഷണക്കത്തുകൾ) അയക്കുന്ന കാപ്പിത്തോട്ടം
നിഗൂഢകാമുകിമാരായി ജനിച്ച്
ചുവന്ന സാരിയുടെ അറ്റം കടിച്ച്
കാമുകന്മാരെ പാളിനോക്കുന്ന ചെമ്പരത്തികൾ
സമയം കിട്ടുമ്പോൾ എല്ലാവരും അവളോട് അതുതന്നെ പറഞ്ഞു
വാട്ട്സപ്പും മെസഞ്ചറും ഇനി തുറക്കുകയില്ലെന്ന്
അവൾ പ്രതിജ്ഞ എടുത്തിട്ടുണ്ട്
അവൾ അവളുടെ കാമുകനോട് പിണങ്ങിയിരിക്കുന്നു
അയാളുടെ നൂറായിരം വിളികളെ
അവളുടെ ഫോൺ തടുത്ത് വച്ചിരിക്കുന്നു
പശുവിന് കൊടുക്കാൻ പിണ്ണാക്ക്
വാങ്ങാൻ പോകുന്ന വഴിയിൽ
അവളെ കാത്തുകാത്തു നിന്ന വരിക്കപ്ലാവ് അവളോട് പറഞ്ഞു
നീ അറിഞ്ഞില്ലേ നിൻറെ കാമുകൻ
ഇപ്പോൾ ഒരു മരക്കൊമ്പ് നോക്കി നടക്കുകയാണ്.
ട്രാവൽ വ്ളോഗ് നടത്തുന്ന നാകമോഹൻ എന്ന പക്ഷി
ഞാനും കണ്ടിരുന്നു അയാളെ
ഇതൊന്നും അത്ര ശരിയല്ല എന്ന്
അവളെ തറപ്പിച്ചു നോക്കുന്നു.
ഉറക്കത്തിൽ നിന്നും ഞെട്ടിയുണർന്ന നത്ത്
ചിറകുകൊണ്ട് ചുണ്ട് ചൊറിഞ്ഞ്
സാക്ഷ്യം പറഞ്ഞു
ആ ചങ്ങാതി ഉറങ്ങാതെ ഇന്നലെയും കൂടി…
പ്രേമത്തിലേക്ക് തിരിച്ചു വരൂ
പ്രേമത്തിലേക്ക് തിരിച്ചു വരൂ എന്ന്
ലോകം മുഴുവൻ ഒറ്റ ഓർക്കസ്ട്രയായി തിരയടിച്ചു.
പ്രപഞ്ചം മുഴുവൻ ആ കോന്തന്റെ ആളുകളാണോ എന്ന്
ഒരുവേള അവൾ സംശയിച്ചെങ്കിലും
ഈ പ്രേമത്തിൽ ഇനി സംശയിക്കാനില്ല എന്ന്
അവൾ ഉറപ്പിച്ചു.
അവൾ അവളുടെ മൊബൈൽ ഫോൺ
കാലങ്ങൾക്ക് ശേഷം തുറന്നു
അതിലെ വാട്സാപ്പിൽ നിന്നും
മെസഞ്ചറിൽ നിന്നും പുറത്തേക്ക് ഒഴുകിവന്നു
പതിനായിരക്കണക്കിന്
ചുവന്ന ഹൃദയങ്ങൾ ചിത്രശലഭങ്ങൾ
ചുംബനക്കൊതിയുള്ള ചുണ്ടുകൾ
പക്ഷികൾ നക്ഷത്രങ്ങൾ പൂവുകൾ മഴവില്ലുകൾ
നാനാജാതി സ്മൈലികൾ…
അതൊരു നദിയായിരുന്നു
ആ നദിയിൽ അവൾ ഒലിച്ചുപോയി;
അവളുടെ പഴയ കാമുകൻറെ അടുത്തേക്ക്.
അപ്പോൾ,
ഇനി മിടിക്കാമല്ലോ എന്നു പറഞ്ഞ്
ലോകത്തെ ഘടികാരങ്ങളെല്ലാം
പ്രേമം പ്രേമം എന്ന്
പഴയതുപോലെ വീണ്ടും മിടിച്ചു തുടങ്ങി