ഒരു പ്രവാസി സുഹ്യത്തിൻറെ അനുഭവ കഥ അടുത്ത ആനുകാലിക സംഭവങ്ങൾ കൂട്ടിച്ചേർത്തു പറയാൻ ശ്രമിക്കുകയാണ് ..കഥയ്ക്ക് വേണ്ടി എൻറെ സ്ഥിരം കഥാ നായകൻ ചന്ദ്രേട്ടൻ ഈ കഥയിലൂടെ വീണ്ടും നിങ്ങളുടെ മുന്നിലേക്ക് ഒരു പ്രവാസിയായി വരുന്നു ….

വെയിൽ തലക്കു മുകളിൽ… ദേഹമാസകലം പൊള്ളുന്നു .അതിനിടയിൽ ചൂട് കാറ്റ് കണ്ണിലേക്കു വീശിയടിക്കുന്നു. ചൂടുള്ള പൊടിമണൽ കണ്ണിൽ വന്നു വീഴുന്നു ..ഒന്നും കാര്യമാക്കാതെ തൻറെ സൺ ഗ്ലാസ് ഊരി വണ്ടിയുടെ മുകളിലേക്കിട്ടു .. വീണ്ടും കണ്ണെത്താ ദൂരത്തു മണൽക്കൂരയിലേക്കു നോക്കിയിരിക്കുന്നു .. നമ്മുടെ നായകൻ ചന്ദ്രൻ …. ആ മണൽ കുന്നിൽ വണ്ടിയുടെ മുകളിൽ ഇരുന്നുകൊണ്ട് ആലോചനയിൽ മുഴുകി …വെള്ളിയാഴ്ച ചെറിയൊരു ഔട്ടിങ്ങിന് ഇറങ്ങിയതാണ് .. തിരക്ക് പിടിച്ച ജോലി ഭാരം ഒന്ന് കുറക്കുന്നതിനുവേണ്ടി സഹമുറിയനായ ഫൈസലും ഒരുമിച്ചു ..ഫൈസൽ വണ്ടിയിൽ ഇരുന്നുകൊണ്ട് കറുത്ത സ്ഫടിക കുപ്പിയിൽ നിന്നും ചുവന്ന ദ്രാവകം ഗ്ലാസ്സിലേക്കു പകരുന്നു.. അടുത്ത കുപ്പിയിൽ നിന്നും വെള്ളം നിറക്കുന്നു ..ഒരു ഗ്ലാസ് മുകളിലേക്ക് വരുന്നു മറു ഗ്ലാസ്സ് ഫൈസലിൻറെ വായിലേക്കും… അങ്ങനെ രണ്ടു മൂന്നു തവണ തുടർന്ന് കൊണ്ടിരുന്നു .ഫൈസൽ ഒരു സിഗരറ്റിനു തീകൊടുത്തു. പുക ചുരുളുകൾ ഊതി വിട്ടുകൊണ്ടിരുന്നു ..അതിനിടയിൽ ചന്ദ്രനോടായി ..അളിയാ .. നീ എന്താ ആലോചിക്കുന്നത് .. ചന്ദ്രൻ അതെ ഫൈസൽ കണ്ടോ? അങ്ങ് ദൂരെ …മണൽകാറ്റിൽ ഒരു ചുഴി ഉണ്ടാകുന്നതു.. അത് വട്ടം കറങ്ങി കറങ്ങി ആകാശത്തേക്കുയരുന്നത് നീ കണ്ടോ .. ഫൈസൽ വണ്ടിയിൽ നിന്നും പുറത്തിറങ്ങി.. നോക്കി അതെ ഞാനും കാണുന്നു ..അതി ശക്തിയായി കാറ്റ് വീശിയടിച്ചു ..ചന്ദ്രേട്ടാ നമുക്ക് തിരിച്ചു പോകാം ..ചന്ദ്രൻ ആ മണൽകൂനയിലേക്കു ചാടിയിറങ്ങി വണ്ടിയിൽ കയറി .കൂടെ ഫൈസലും .,നേരെ ഫ്ളാറ്റിലേക്ക് .അവിടെ പുറത്തു വണ്ടി പാർക്ക് ചെയ്തു രണ്ടാളും ഫ്ലാറ്റിലെത്തി. ജോയി പുറത്തു പോയിട്ട് വന്നില്ല എന്നുതോന്നു ..ഇല്ല ഞാൻ നേരത്തെ വന്നു .ജോയി മൊഴിഞ്ഞു …ന്യൂസ് കാണുകയാണ് ..വൈറൽ ന്യൂസ് “കൊറോണ “എന്ന വൈറസ് ചൈനയിൽ നിന്നും…ദേ നമ്മുടെ നാട്ടിലേക്കും എത്തിയെന്നു . ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നു .. ദേ ദോഹയിലും പുറത്തിറങ്ങണമെങ്കിൽ മാസ്ക് വേണം. ഒരു മീറ്റർ അകലം പാലിക്കണം ..കൈകൾ കഴുകണം അങ്ങനെ കുറെ നിബന്ധനകളും ..അവർ മൂവരും ശ്രദ്ധയോടെ ന്യൂസ് കണ്ടിരുന്നു ..ജോയി അതിനിടയിൽ പറഞ്ഞു.. ഞാൻ കട അടയ്ക്കുന്നതിനു മുൻപ് പോയി കുറച്ചു മാസ്ക് മേടിച്ചു കൊണ്ട് വരാം .. കുറച്ചു ഭക്ഷണ സാധനങ്ങളും വാങ്ങിക്കോ ? ചന്ദ്രൻ വിളിച്ചു പറഞ്ഞു . അങ്ങനെ രോഗം പടർന്നു പിടിച്ചു കൊണ്ടിരുന്നു ലോകം മുഴുവൻ …എല്ലായിടത്തും ലോക് ഡൗൺ ജോലിയില്ലാതെ ആയി ..ഭഷ്യ സാധനങ്ങൾ കിട്ടാതെ ആയി.. അവർ മൂവരും കഷ്ടിച്ച് പിടിച്ചു നിന്നു ..അടുത്ത ഫ്ലാറ്റുകളിൽ കൊറോണ പിടിച്ചു ആളുകൾ മരണപ്പെട്ടു തുടങ്ങി . നാട്ടിൽ നിന്നാണെങ്കിൽ ദേവുവും അമ്മയും വിളി തുടങ്ങി ചന്ദ്രേട്ടൻ ഇതുവരെ എംബസ്സിയിൽ രെജിസ്റ്റർ ചെയ്തില്ലേ .. എത്രയും പെട്ടെന്ന് അവിടുന്ന് പോരാൻ നോക്ക് ..ദേവു എന്നും വിളിച്ചു പറയും…ഇവിടെ ഞങ്ങൾക്ക് ആകെ ഭയം ആണ് .. ഇവിടെ വന്നു ഉള്ളതുകൊണ്ടു കഴിയാം ..ദേവുവിന്റെ പരാതിക്കൊടുവിൽ ചന്ദ്രേട്ടൻ നോർക്കയിലും എംബസ്സിയിലും രെജിസ്റ്റർ ചെയ്തു. അടുത്ത വന്ദേ ഭാരത് മിഷനിലെ ലിസ്റ്റിൽ ചന്ദ്രേട്ടൻ കയറിപ്പറ്റി ..അങ്ങനെ നാട്ടിലെത്തി ..എയർപോർട്ടിൽ കൂടെ കൂട്ടാൻ അനുജൻ സുനി വന്നിട്ടുണ്ട് വണ്ടിയുമായി ..എന്തെ രവി വന്നില്ല? എന്ന ചോദ്യത്തിന് സുനി അറിയില്ല എന്ന് മൂളി ..വണ്ടി വീടിൻറെ മുൻപിലെത്തി ..അവിടെ ഒരുകൂട്ടം ആളുകൾ കൂടി നിൽക്കുന്നു ..ചന്ദ്രൻ ഒന്ന് ഭയന്ന് ഇനി അമ്മക്ക് വല്ലതും .. എന്ന് സുന്നിയോട് ചോദിച്ചു ..ഇല്ല ഒന്നുമില്ല ..വണ്ടി മുറ്റത്തു നിർത്തി ..ചന്ദ്രൻ വണ്ടിയിൽ നിന്നും ഇറങ്ങാൻ തുടങ്ങിയപ്പോൾ കൂടിനിന്നവരിൽ ഒരാൾ പറഞ്ഞു ചന്ദ്രൻ ഇറങ്ങാൻ വരട്ടെ . ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണെന്നുള്ള ഡോക്ടറുടെ പേപ്പർ ഇല്ലാതെ വീട്ടിൽ കയറാൻ പറ്റില്ല ..അല്ലെങ്കിൽ 14 ദിവസം ക്വറേന്റീനിൽ കഴിയണം …. താൻ കാശുകൊടുത്തു പണിത തന്റെ സ്വന്തം വീട്ടിൽ കയറണമെങ്കിൽ മറ്റുള്ളവരുടെ അനുവാദം വേണമെന്ന് കാലം പോയ പോക്കേ …ചന്ദ്രൻ അയാളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ..അതെ മോഹനനൻ രണ്ടു വർഷം മുൻപ് തൻറെ കൈയ്യിൽ നിന്നും വാൽവ് ഓപ്പറേഷനു വേണ്ടി കാശ് വാങ്ങിയ മനുഷ്യൻ .. ഞാൻ എന്റെ ഭാര്യയെയും അമ്മയെയും ഒന്ന് കണ്ടിട്ട് നിങ്ങൾ പറയുന്ന എന്തും ചെയ്യാം ചന്ദ്രൻ ഉറക്കെ പറഞ്ഞു ..അതൊന്നും പറ്റില്ല ..ആൾകൂട്ടം ബഹളം വച്ചുതുടങ്ങി ..ദേവു വണ്ടിയുടെ അടുത്തേക്ക് ഓടി വന്നു ..അവിടെ കൂടി നിന്ന ഒരു സ്ത്രീ ദേവുവിനെ പിടിച്ചു പുറകോട്ടു വലിച്ചു .. ആ സ്ത്രീയെ ചന്ദ്രനു നല്ല ഓർമ്മ .. മകളുടെ കല്യാണത്തിനു വേണ്ടി അമ്മയുടെ മുൻപിൽ കരഞ്ഞു കാലുപിടിച്ചു പൈസ കടം വാങ്ങിയിട്ട് ഇതുവരെ തന്നിട്ടില്ല ..അതെ ആ സ്ത്രീ .. വിടൂ എൻറെ ദേവുവിനെ… വിടു ..ഞാൻ ക്വറേന്റീനിൽ പൊയ്ക്കൊള്ളാം എന്ന് പറഞ്ഞു നിറ കണ്ണുകളോടെ ചന്ദ്രൻ തലയുയർത്തി നോക്കിയതും .അതാ നിനക്ക് നല്ലതു മോനേ ! എന്ന് കണ്ണുരുട്ടി മീശപിരിച്ചു അതാ അവൻ നിൽക്കുന്നു.. തൻറെ ഉറ്റ ചങ്ങാതി രവി … സംശയം തീർക്കാൻ ചന്ദ്രേട്ടൻ സുനിയോട് .. അത് രവിയല്ലേ? അതെ എന്ന് സുനി ഉറക്കെ പറഞ്ഞു. വണ്ടി നേരെ അടുത്ത ആശുപത്രിയിലേക്ക് പോകട്ടെ സുനി .അങ്ങനെ ചന്ദ്രേട്ടൻ നേരെ അടുത്ത ആശുപത്രിയിലേക്ക് ..അവിടെ കോവിഡ് ടെസ്റ്റ് നടത്തി… ഫലം നെഗറ്റീവ് …എങ്കിലും പതിനാലു ദിവസം ക്വറേന്റീനിൽ ഇരിക്കുന്നതാണ് നല്ലത് ഡോക്ടറുടെ ഉപദേശത്തിന് വഴങ്ങി ..ചന്ദ്രൻ നേരെ സുനിയോട് പറഞ്ഞു നീ വണ്ടി നമ്മുടെ പഴയ വീട്ടിലേക്കു വിടു .. അവിടെ ഇപ്പോൾ ആരും വാടകയ്ക്ക് ഇല്ലല്ലോ ,,,,ഇല്ല ..എങ്കിൽ അങ്ങോട്ട് പോകാം ..അവിടെ എനിക്ക് ക്വറേന്റീനിൽ ഇരിക്കാനുള്ള എല്ലാ സൗകര്യവും ഉണ്ടല്ലോ ? നീ ഭക്ഷണം കൊണ്ട് വന്നു തന്നാൽ മാത്രം മതി, സുനി എല്ലാം തലയാട്ടി .. എന്നാലും രവി അവൻ ആകെ മാറിയിരിക്കുന്നു ..പിന്നെ നീ ഈ ഫോണിൽ കുറച്ചു കാശ് നിറക്കണം നേടി സൗകര്യത്തോടെ .. അത്യാവിശ്യത്തിനു വിളിക്കാമല്ലോ .വല്ല പാമ്പും കടിച്ചാൽ ഒരു സഹായത്തിനു നിന്നെ എങ്കിലും എനിക്ക് വിളിക്കാമല്ലോ ?.വണ്ടി പഴയ വീടിന്റെ മുൻപിൽ നിർത്തി ..ചേട്ടൻ ഇവിടെ ഇരിക്ക് ഞാൻ താക്കോലും, ഭക്ഷണവും, സിം ചാർജും ചെയ്തു, അമ്മയോടും ചേച്ചിയോടും പറഞ്ഞിട്ട് വരാം …പിന്നെ സുനി ..നീ നമ്മുടെ മോളോട് പറയേണ്ട ..അവൾ ഇങ്ങോട്ടു ഓടി വരും. എനിക്ക് പിടിച്ചു നില്ക്കാൻ ആകില്ല .. നാല് വർഷമായി കണ്ടിട്ട് .ഉം ഒന്ന് മൂളി സുനി വണ്ടിയുമായി മറഞ്ഞു .. അങ്ങനെ നമ്മുടെ ചന്ദ്രേട്ടൻ ക്വറേന്റീനിൽ പതിന്നാലു ദിവസം കഴിഞ്ഞു. തുടർ ടെസ്റ്റുകൾ എല്ലാം നെഗറ്റീവ് ..ചന്ദ്രേട്ടൻ ദേവുവിന്റെയും മോളുടെയും അമ്മയുടെയും അടുത്തേക്ക് ..താൻ പുതിയതായി പണിത വീട്ടിലേക്കു ആദ്യമായി കാലെടുത്തു വയ്ക്കുന്നു .വീടിൻറെ കടം എല്ലാം കഴിഞ്ഞ വർഷമാണ് വീട്ടിയത് ..അത് കൊണ്ട് ഗ്രഹ പ്രവേശനത്തിന് മനഃപൂർവ്വം വന്നില്ല .അങ്ങനെ മാസം മൂന്നു കഴിഞ്ഞു ..അങ്ങോട്ടേക്ക് അയൽക്കാർ ആരും വരാതെ ആയി . പണ്ട് എന്തിനും ഏതിനും ഓടിയെത്തുന്നവർ… ഇപ്പോൾ കണ്ടാൽ പുറം തിരിഞ്ഞു നടക്കുന്നു ..ചന്ദ്രൻ ഉമ്മറത്ത് കസേരയിൽ ഇരുന്നു ..ഫോണിൽ എന്തോ തിരഞ്ഞു കൊണ്ടിരിക്കുമ്പോൾ ..ദേവു കൈയ്യിൽ ഒരു ഗ്ലാസ് ചായയുമായി വന്നു .എന്നിട്ടു ചന്ദ്രേട്ടനോടായ് പറഞ്ഞു ..അപ്പുറത്തെ രവിയുടെ മോളുടെ കല്യാണമാ ഇന്ന് ..ചേട്ടൻറെ ഉറ്റ ചങ്ങാതിയുടെ മകളുടെ .. അവർ ഇവിടെ മാത്രം വിളിച്ചില്ല ബാക്കി എല്ലാ വീടുകളിലും വിളിച്ചു! നമ്മെ മാത്രം ഒഴിവാക്കി…, അവൻ പേടിച്ചിട്ടായിരിക്കും വിളിക്കാത്തത് ചന്ദ്രൻ പറഞ്ഞു ..അതിനു ചന്ദ്രേട്ടൻ വന്നിട്ട് മൂന്നു മാസം കഴിഞ്ഞില്ലേ ഇനി എന്തിനാ പേടിക്കുന്നത് . അവരൊക്കെ കരുതിയിരിക്കുന്നത് പ്രവാസികളാണ് കൊറോണ കൊണ്ട് വരുന്നതും പകർത്തുന്നതും എന്നാണ് .. പക്ഷെ എൻറെ റിസൾട്ട് നെഗറ്റീവ് ആണ് ഞാൻ വന്നിട്ടും മാസങ്ങൾ കഴിഞ്ഞു.. എന്നിട്ടും അവർ ഭയക്കുന്നു .ദേവു വീണ്ടും പറഞ്ഞു ..അല്ല പണ്ടൊക്കെ കാശിനു ആവശ്യമുള്ളപ്പോൾ ഒന്നും നോക്കാതെ ഓടി വരുമായിരുന്നു ..എത്ര തവണ പലർക്കായി ചേട്ടൻ കാശ് കൊടുത്തിരിക്കുന്നു .എല്ലാം അവർ മറന്നിരിക്കുന്നു .അല്ല അവർ നമ്മളെ മനഃപൂർവ്വം മറന്നിരിക്കണൂ ..അങ്ങനെ ആകുമ്പോൾ ഇനി ആർക്കും കടം വാങ്ങിയ കാശുതിരിച്ചു തരേണ്ടല്ലോ ? അല്ലേ ?
നിനക്കിപ്പോ എന്താ അവരുടെ കല്യാണത്തിന് പോകണോ ?
ഹേ ഞാൻ വിളിയാ ചാത്തം ഉണ്ണാൻ പോകുവോ ? ദേവു മുഖം കറുപ്പിച്ചു ..
ഇത് കേട്ടുകൊണ്ട് വന്ന ‘അമ്മ ..അതല്ലടാ മോനെ അവളു പറയുന്നതിലും കാര്യമുണ്ട്. എന്ത് കാര്യത്തിനും ഓടി വന്നിരുന്നത് ഇങ്ങോട്ടാ… എന്നിട്ട് മോൻ വരുന്നതറിഞ്ഞപ്പോ മുതൽ പിന്നെ ഇങ്ങോട്ട് തിരിഞ്ഞ് നോക്കിയിട്ടില്ല . മാങ്ങൾ കഴിഞ്ഞില്ലേ വീടിൻ്റെ പടിക്കൽ വരുമ്പോ ആരും കാണാതിരിക്കാൻ ഒറ്റ ഓട്ടമാ …

അമ്മേ അവരെ പറഞ്ഞിട്ടും കാര്യമില്ല കൊറോണയെ കുറിച്ച് ആളുകൾക്ക് വളരെ ഭീതിയുണ്ടമ്മേ ..

അതെ അതെ എന്നിട്ടാ കൂട്ടംകൂടി ആളുകൾ കാട്ടിക്കൂട്ടുന്നത് ..എൻറെ ശിവനെ ഇവരെ കാത്തോളണേ ..
മറ്റുള്ളവർ പറഞ്ഞാണോ നമ്മൾ ആ കൊച്ചിൻറെ കല്യാണ കാര്യം അറിയേണ്ടത്? .ഇതിലെ ഓടിച്ചാടി നടന്ന പെൺകുട്ടിയ ..ങ്ങാ .ഫോണിൽക്കൂടി പകരുമോ ഈ രോഗം? ഒന്ന് വിളിച്ചു പറയാമായിരുന്നു ആ രവിക്ക് നിന്നോട് ..അത് മറന്നുകള അമ്മേ ..നിങ്ങൾ രണ്ടാളും ആ പെൺകുട്ടിക്ക് നല്ല കുടുംബ ജീവിതം കിട്ടട്ടെ എന്ന് ദേവിയോട് പ്രാർത്ഥിക്ക് ..ഓരോ ദിവസവും അമ്പതു പേർക്കുള്ള സദ്യയാണ് ….ഒരു ദിവസം അയൽവാസികൾക്കും പിറ്റേ ദിവസം ബന്ധുക്കൾക്കും അങ്ങനെ രണ്ടു ദിവസമായി ..പിന്നെ വൈകിട്ട് ഈവെനിംഗ് പാർട്ടിയുമുണ്ടെന്നു ..ഇതെല്ലം കഴിയുമ്പോൾ കാശ് തീരുമ്പോൾ .. കൊറോണയുടെ വിഹാരം തീരുമ്പോൾ … വീണ്ടും കാശ് കടം ചോദിച്ചു ഇങ്ങോട്ടു രവി വരും… അപ്പോൾ രണ്ടു വർത്തമാനം മുഖത്തു നോക്കി പറയണം .
‘അമ്മ ഒന്നും പറയാൻ നിൽക്കേണ്ട ..നമ്മൾ സഹായിച്ച കണക്കും പറയേണ്ട ?..ചന്ദ്രൻ പറഞ്ഞു ..

അതല്ല ചന്ദ്ര അമ്മക്ക് ഇത്തിരി ദെണ്ണം ഉണ്ട് ..നല്ല വിഷമവുമുണ്ട് ..മോനോട് ഒന്നും പറഞ്ഞില്ല എന്നെ ഉള്ളു ….

എന്താ അമ്മയ്ക്കിത്ര സങ്കടം എനിക്കില്ലാത്ത സങ്കടം ..പറ ചന്ദ്രൻ അമ്മയോട് .

മോൻ നമ്മുടെ പഴയ വീട്ടിൽ ക്വാറൻ്റൈയിൽ കഴിഞ്ഞപ്പോൾ എല്ലാവരും നമ്മളെ ഒറ്റപ്പെടുത്തി… പാൽക്കാരൻ വരാതായി , മീനുമായി വരുന്ന ആൾ വീടിൻ്റെ പടിക്കലെത്തുമ്പോൾ വണ്ടീടെ സ്പീഡ് കൂട്ടി മീൻ തീർന്നെന്ന് കള്ളം പറഞ്ഞു. സ്കൂട്ടർ വിട്ടുപോകും ..അപ്പുറത്തെ വറീത് വൈകിട്ട് ജോലി കഴിഞ്ഞു പോകുമ്പോൾ വണ്ടി നിർത്തി കുശലം ചോദിച്ചിട്ടേ പോകുമായിരുന്നുള്ളു ..ഇപ്പോൾ അതും ഇല്ല ..
എല്ലാവരാലും ഒറ്റപ്പെട്ട അവസ്ഥ .. സുനിയുടെ കടയിൽ ആളുകൾ വരാതെയുമായി …

അതൊക്കെ തരണംചെയ്തു കഴിഞ്ഞല്ലോ അമ്മെ. ഇനി അതും പറഞ്ഞ് സങ്കടപ്പെട്ടിട്ട് എന്താ കാര്യം
ഇനി മുതൽ മീൻ ചന്തയിൽ പോയി വാങ്ങിയാൽ മതി… അതുപോലെ പാലും…അതുപോരെ ..

‘അമ്മ വീണ്ടും ..അങ്ങനാണോ വേണ്ടത് .. നമ്മൾ അങ്ങനെ ചെയ്യുന്നത് ശരിയല്ല …
ചന്ദ്രൻ :അവർ ഭയന്നിട്ടാണ് അങ്ങനെ ചെയ്തത് നമുക്ക് എല്ലാവരും എല്ലാ കാലത്തും വേണം.അങ്ങോട്ടും ഇങ്ങോട്ടും സഹായം വേണം …
‘അമ്മ :അവർ എന്തിനാ ഭയക്കുന്നത് ?മോൻ നമ്മുടെ പഴയ വീട്ടിൽ അല്ലേ ക്വറേന്റീനിൽ ഇരുന്നേ . ഞങ്ങളുമായി യാതൊരു ബന്ധവും ഇല്ലായിരുന്നല്ലോ ?
ചന്ദ്രൻ :അത് ഈ നാട്ടുകാർ മനസ്സിലാക്കാത്തതാ അവരുടെ പ്രശ്നം. അമ്മ പോയി നല്ലൊരു കട്ടൻ ചായ ഇട്ടോണ്ട് വന്നേ…
‘അമ്മ അകത്തേക്ക് നടന്നു .

അങ്ങനെ രവിയുടെ മകളുടെ രണ്ട് ദിവസം നീണ്ടു നിന്ന കല്യാണം അടിപൊളിയായി നടന്നു.. വൈകിട്ടുള്ള പാർട്ടീയുടെ ഒച്ചയും ബഹളവും കാരണം ഉറങ്ങാൻ പോലും കഴിഞ്ഞില്ല .
പിറ്റേ ദിവസം രാവിലെ ചായയുമായി വന്ന ദേവു ചന്ദ്രേട്ടനോട് …അതെ രാവിലെ സുനി കടയിൽ കച്ചവടം ഇല്ല എന്ന് പറഞ്ഞു തിരിച്ചു വന്നപ്പോൾ ഒരു കാര്യം പറഞ്ഞു ..

ചന്ദ്രൻ :എന്താണ് പെണ്ണെ പറ ഒന്ന് ..നമ്മുടെ മോൾ എന്തിയേ?
ദേവു: അവൾ ഓൺലൈൻ പഠനത്തിൽ മുഴുകിയിരിക്കുവാ..
ചന്ദ്രൻ :എന്നും മടിയിൽ വന്നിരിക്കുന്നതാ ഇന്ന് കണ്ടില്ല അതാ ..
ദേവു :ഇനി ക്ളാസ്സുകഴിഞ്ഞേ ചന്ദ്രേട്ടനെ അന്വേഷിക്കു ..
ചന്ദ്രൻ :എന്താ അവൻ പറഞ്ഞത് ..
ദേവു :അതെ ഇന്നലെ രവിയുടെ വീട്ടിൽ കല്യാണം കൂടാൻ വന്ന ഒരു ബന്ധുവിനു കൊറോണ ആണെന്ന് .
ചന്ദ്രൻ :ആണോ ? ആരുപറഞ്ഞു ?
ദേവു :തെക്കേതിലെ ശാന്ത കടയിൽ വന്നപ്പോൾ പറഞ്ഞതാണ്. ആരോഗ്യ പ്രവർത്തകരും പോലീസും വന്ന് കല്യാണം കൂടിയാ എല്ലാവരോടും നിരീക്ഷണത്തിൽ പോകാൻ പറഞ്ഞു..അവരുടെ അഡ്രസ്സും പേര് തപ്പിയെടുത്തു ..കൂടാതെ
രണ്ടു ദിവസമായി അവിടെ വന്ന എല്ലാവരോടും കൂടെ
പാർട്ടിയിൽ പങ്കെടുത്തവരോടെല്ലാം നിരീക്ഷണത്തിൽ പോകാനും പറഞ്ഞു.

ചന്ദ്രൻ :അത് കഷ്ടമായല്ലോ ക്വാറൻ്റൈയിനിൽ ഇരിക്കുക എന്ന് പറഞ്ഞാൽ അത്ര സുഖമുള്ള കാര്യമല്ല ഒരു തരം ഏകാന്തവാസമാണ്. അത് അനുഭവവിച്ചഎനിക്ക് മനസ്സിലാകും..
എന്തായാലും രവി കല്യാണം വിളിക്കാതെ ഇരുന്നത് നന്നായി അല്ലേൽ നമ്മളും നിരീക്ഷണത്തിൽ പോകേണ്ടി വന്നേനെ..അപ്പോ അവരോട് നന്ദിയല്ലെ പറയേണ്ടത്..

ദേവു :ഉവ്വ ..അതെ അതെ.. ചന്ദ്രേട്ടൻ എന്നും ഒരു ന്യായം കണ്ടുപിടിക്കും …
ചന്ദ്രൻ :ന്യായമല്ല ദേവു സത്യം ..ഇപ്പോ നിങ്ങളുടെ പരാതി തീർന്നല്ലോ?

അതെ ഇത് കൊറോണയുടെ കാലമാണ് ..ആരിൽ നിന്നും ആർക്കും ഈ മാരക വൈറസ് പടരാം ..പ്രവാസികൾ എന്നോ നാട്ടുകാർ എന്നോ അഥിതി തൊഴിലാളികൾ എന്നോ … കൊറോണക്ക് വ്യത്യാസം ഇല്ല .അപ്പപ്പോൾ അതാതു സർക്കാർ പറയുന്ന മുൻകരുതലുകൾ അനുസരിക്കുക . ഒരു കല്യണമാണോ? ജീവനാണോ വലുത് എന്ന് തിരിച്ചറിയുക . സൗക്യം ശ്രദ്ധിച്ചാൽ ഈ മഹാരോഗത്തെ ചെറുക്കൻ കഴിയും ..ആളുകൾ അകലം പാലിക്കുക മാസ്കുകൾ ധരിക്കുക കൈകൾ കഴുകുക ..പറ്റിയാൽ കൈയ്യിൽ ഗ്ലൗസുകൾ ധരിക്കുക ..അങ്ങനെ മാത്രമേ ഇതിനൊരു പ്രധിവിധി ഇതുവരെ കണ്ടു പിടിക്കപ്പെട്ടിട്ടുള്ളു ..

ഒരു കഷ്ണം തുണി വന്നപ്പോൾ.മനുഷ്യരുടെ ജീവിതം മാറിമറിയുന്നു കണ്ടോ ? സ്ത്രീകൾ ബ്യൂട്ടിപാർലറിൽ പോകുന്നത് ഉപേക്ഷിച്ചു. പുരുഷന്മാർ ബാർബർ ഷോപ്പിൽ പോകുന്നത് ഉപേക്ഷിച്ചു..
പോയിട്ടും വലിയ കാര്യം ഒന്നുമില്ല എന്ന്
നിസ്സാരം ഒരു വൈറസ്സ് നമ്മെ പഠിപ്പിച്ചു…
ഇപ്പോൾ ആരുടെയും മുൻപിൽ സൗന്ദര്യം കാണിച്ചു നടക്കണ്ടേ.പൊങ്ങച്ചം കാണിക്കേണ്ട .. ആരധനാലയങ്ങളിലെ ദൈവങ്ങൾ എല്ലാം കണ്ണടച്ചിരിക്കുന്നു .. കുറെ ആപ്പുകൾ വഴി പുതിയ യന്ത്ര ദൈവങ്ങൾ പൊട്ടി മുളച്ചിരിക്കുന്നു ..അവർക്കും ജീവിക്കേണ്ട ? സ്വന്തം ജീവൻ മതിയേ എന്ന് പറഞ്ഞു കൊണ്ടുള്ള ജനങ്ങളുടെ നെട്ടോട്ടം അല്ലേ…. പിന്നെ എന്തിന് അഹങ്കാരം കാണിക്കുന്നത്… എല്ലാരും ഇനിയെങ്കിലും പരസ്പരം സ്നേഹിച്ചു മുന്നോട്ട് പോവുക…
ആരെയും അകത്തി നിർത്താതെ …
ചന്ദ്രേട്ടൻ തന്റെ ഉള്ളിലെ വികാരങ്ങൾ തുറന്നു വിട്ടു ..ദേവു ചന്ദ്രേട്ടനെ തുറിച്ചു നോക്കി പ്രസംഗം കഴിഞ്ഞോ ?
ചന്ദ്രൻ :അല്ല ദേവു എന്നെ തുറിച്ചു നോക്കാതെ… നീ ആ ടിവി ഓണാക്കിക്കെ ..
ദേവു ടി വി ഓണാക്കി ..അത് കോട്ടയത്തല്ലേ ..ചന്ദ്രേട്ടൻ പറഞ്ഞു
..അതെ അവിടെ കൊറോണ ബാധിച്ച രോഗിയുടെ ശവം മറവു ചെയ്യാൻ അനുവദിക്കില്ല എന്നും പറഞ്ഞു സമരം ചെയ്യുന്ന ആ വിവരമില്ല ജനങ്ങളെ കണ്ടോ ? അക്ഷര കളരി എന്നറിയപ്പെടുന്ന കോട്ടയത്ത്.
അതെ ദേ ചന്ദ്രേട്ടാ നോക്കിക്കേ.. വിവരം കൂടിയ മനുഷ്യർ ഒരു ശവം മറവു ചെയ്യാൻ അനുവദിക്കാതെ …
ചന്ദ്രൻ :ഹും ഈ മനുഷ്യർക്ക് അറിയില്ലേ ദഹിപ്പിക്കുന്ന മനുഷ്യ ശരീരത്തിൽ വൈറസുകൾ നശിച്ചു പോകുമെന്ന് .. അതെ കഷ്ടം .. ഈ മനുഷ്യരെ ഒരിക്കലും നന്നാക്കാൻ പറ്റില്ല ..സ്വയം നന്നാവാതെ ..ആ ടിവി അങ്ങ് നിർത്തിയെരെ ദേവു ഇനി ഒന്നും കാണാനുള്ള ശക്തിയില്ല ..നീ വാ നമുക്ക് നമ്മുടെ കൃഷിയിടത്തിൽ കുറച്ചു കൃഷിയിറക്കാം.. ആ തൂമ്പയും കൊട്ടയും എടുത്തോ .. അവർ പതുക്കെ അടുത്ത കൃഷിയിടത്തിലേക്ക് നടന്നു ..സ്നേഹത്തോടെ എല്ലാവരെയും ചേർത്ത് പിടിച്ചു കൊണ്ട് നമ്മുടെ ചന്ദ്രേട്ടൻ ദേവുവിൻറെ കൈ പിടിച്ചു നടന്നു ..അതാ പുറകിൽ നിന്നും ഒരു വിളി അച്ഛാ ഞാനും വരുന്നു ..മോൾ ഒരു കൊട്ടയുമെടുത്തു കൊണ്ട് .. ‘അമ്മ ഉമ്മറത്ത് അവരുടെ പോക്ക് നോക്കി ആനന്ദ കണ്ണുനീർ വീഴ്ത്തി .. എന്റെ കൃഷ്ണാ എന്റെ മക്കളെയും ഈ ലോകത്തെയും നീ കാത്തുകൊള്ളണേ ..തൊഴുകൈയ്യുമായി ‘അമ്മ അടുക്കളയിലേക്കും നടന്നു ..

ജോർജ് കക്കാട്ട്

By ivayana