രചന : സതി സുധാകരൻ പൊന്നുരുന്നി✍
ആ കാണും കുന്നിൻ ചരുവിലായി
തേക്കിന്റെ തൈയ്യൊന്നു നട്ടു ഞാനും.
ഓരോദിനവും വളർന്നു വന്ന്
എന്നോളം പൊക്കത്തിലെത്തി നിന്നു.
തേക്കിന്റെ കൂമ്പൊന്നു കിളളി ഞാനും
കൈവിരൽ ചോപ്പിച്ചു നിന്നനേരം,
അച്ഛനന്നെന്നോടു ചൊല്ലി മെല്ലെ
തേക്കിന്റെ കൂമ്പു കിള്ളാതെ മോളെ…
പൊൻപണം കായ്ക്കുന്ന മരമല്ലയോയിത്
മക്കളെപ്പോലെ വളർത്തിടേണം.
ആശകളോരോന്നായ് എൻ മനതാരിലും ,
മുല്ലപ്പൂ മൊട്ടായ് വിരിഞ്ഞു വന്നു.
കുഞ്ഞിളം കൈകളാൽ മാടി വിളിച്ചവൾ
എന്നേയും നോക്കിച്ചിരിച്ചു നിന്നു.
കുളിരുള്ള കാറ്റേറ്റ് തൈമരച്ചില്ലകൾ
തഞ്ചത്തിൽ താളത്തിൽ നൃത്തമാടി.
പുതുമഴ പെയ്തു തണുത്തപ്പോൾ ഭൂമിയിൽ
കർഷകർ വിത്തുവിതച്ചു നീളെ…
തേക്കിൻ മരവും പൂത്തുലഞ്ഞു
വണ്ടുകൾ പാറിപ്പറന്നുവന്നു
പൊൻപണം കായ്ക്കുന്ന കാഴ്ച കാണാൻ
കൊതിയോടെ നോക്കിയിരുന്നു ഞാനും
ഓടിക്കിതച്ചൊരു കാറ്റു വന്നു
പൂങ്കുലയെല്ലാം കൊഴിച്ചു പോയി.
ആശകളെല്ലാം വെടിഞ്ഞു ഞാനും
പൂവിനെ നോക്കിക്കരഞ്ഞ നേരം,
പിന്നേയും ചൊല്ലിയെന്റച്ഛനന്ന്
കരയാതെയെന്റോമനക്കുഞ്ഞു മോളെ…
ഇനിയുമാചില്ലയിൽ പൂവിരിയും
പ്രകൃതി തൻ നിയമങ്ങളാണിതെല്ലാം
ഓരോരോ തൈനട്ടു നമ്മളെല്ലാം
ഭൂമിക്കു തണലേകി നിന്നിടേണം.
………….