രചന : ഷബ്ന ഷംസു ✍
ഞങ്ങൾടെ കല്യാണം ഉറപ്പിച്ച സമയത്ത് ഇക്ക ഇടക്കൊക്കെ എന്നെ ഫോൺ ചെയ്യാറുണ്ടായിരുന്നു..
അന്നൊന്നും മൊബൈൽ ഫോൺ ഇത്രക്കങ്ങ് പ്രചാരത്തിൽ വന്നിട്ടില്ല..
എൻ്റെ വീട്ടിൽ ലാൻഡ് ഫോണുണ്ട്..
അതിലേക്കാണ് വിളിക്കാറ്..
ഉപ്പ കിടക്കുന്ന റൂമില് കട്ടിലിനോട് ചേർന്ന് മരത്തിൻ്റെ ഒരു മേശയുണ്ട്..
അതിൻ്റെ മുകളിൽ ലാൻഡ് ഫോൺ, ബാറ്ററി ഇടുന്ന സ്റ്റീലിൻ്റെ ഒരു ടോർച്ച്, ഉപ്പാൻ്റെ ഗുളിക പ്പെട്ടി, ഒരു ടൈഗർ ബാം..
ഇത്രേം സാധനങ്ങളാണ് ഉള്ളത്..
രാത്രി ഒരു ഒമ്പതിനും പത്തിനും ഇടക്കാണ് ഇക്ക വിളിക്കാറ്…
ഫോൺ ബെല്ലടിക്കുന്ന ഒച്ച കേട്ടാൽ വീടിൻ്റെ ഏതേലും മൂലയിലായാലും ശരി, ഇന്ത്യ വിട്ട മംഗൾയാൻ പോലെ എൻ്റെ ഉപ്പ ഓടി വന്ന് ഈ കട്ടിലിൽ ഒന്നും ചെയ്യാണ്ട് ചുരുണ്ട് കൂടി കിടക്കും…
നിക്കാഹ് കഴിയുന്ന വരെ ഇക്ക അന്യ പുരുഷനാണെന്നും ഉപ്പാക്കും കൂടെ കേൾക്കാൻ പറ്റുന്ന കാര്യങ്ങൾ പറഞ്ഞാൽ മതിയെന്നുമാണ് ഈ മംഗൾയാൻ്റെ പിന്നിലെ ലക്ഷ്യം..
അങ്ങനെ ഞങ്ങൾ ഫോൺ വിളി തുടങ്ങും
ഹലോ
ഹലോ
ഇയ്യെന്താക്കായ്നും
റ്റി വി കാണായ്നും
ചോറ് തിന്നോ
ആ തിന്ന്
ന്താ കൂട്ടാൻ
പരിപ്പ് കറിയും പയറ് ഉപ്പേരീം… ഇങ്ങള് ചോറ് തിന്നോ
ആ തിന്ന്..
ന്താ കൂട്ടാൻ..
ഉണക്കച്ചെമ്മീൻ ചാറും
നേന്ത്രക്കായ ഉപ്പേരീം…
അതും കഴിഞ്ഞ് കനത്ത നിശബ്ദതയുടെ ഒരു അഞ്ച് മിനിറ്റ്….
ഞാനന്നേരം ടൈഗർ ബാമിന്ന് ലേശം തോണ്ടിയെടുത്ത് വെറുതേ മണപ്പിക്കും..
ടോർച്ച് ഓണാക്കിയും ഓഫാക്കിയും ഞെക്കി നോക്കും..
ഗുളിക്കപ്പെട്ടിയിലെ മരുന്നുകളുടെ പേരുകള് വീണ്ടും വീണ്ടും വായിക്കും.
ചുരുക്കി പറഞ്ഞാ ഞങ്ങൾടെ കല്യാണത്തിൻ്റെ അന്ന് വരെ ഒന്ന് പ്രേമത്തോടെ സംസാരിക്കാൻ മംഗൾയാൻ സമ്മയ്ച്ചില്ല..
അതിലും മുമ്പ് ഞാൻ പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വണിന് ക്ലാസ്സ് തുടങ്ങുന്നതിൻ്റെ ആദ്യത്തെ ദിവസം..
പഠനത്തിൽ എല്ലാവിധ റഹ്മത്തും ബർക്കത്തും ഉണ്ടാവണേന്ന് മനസില് നിയ്യത്ത് വെച്ച് ഉപ്പാൻ്റെ അനുഗ്രഹം വാങ്ങാൻ റൂമിലെത്തി..
ഉപ്പ അന്നേരം പുല്ല് തിന്നുന്ന പശൂൻ്റെ കൂട്ട് എൻ്റെ തല പിടിച്ച് കുനിച്ച് നിർത്തി..
എന്നിട്ട് പറഞ്ഞു..
“ഏനാന്ദം കൊഞ്ച്ണ കുട്ട്യോളെ ഒപ്പരം കൂടി കുടുംബത്തിന് ചീത്തപ്പേരുണ്ടാക്കുന്ന വല്ലതും പറയിപ്പിച്ച് വന്നാ ഈ കൗത്തിന് മേലെ തല ണ്ടാവൂല…”
എന്നും പറഞ്ഞ് എൻ്റെ മൂർദ്ധാവിലൊരു ഉമ്മ തന്ന് ഉപ്പാൻ്റുട്ടി നല്ലോണം പഠിച്ച് വാ ട്ടോന്നും പറഞ്ഞ് അനുഗ്രഹിച്ചു…
അറക്കാൻ കൊണ്ടോവുന്ന പൂവൻ കോഴിക്ക് സംസം വെള്ളം കൊടുക്കുന്ന പോലെയുള്ള അനുഗ്രഹോം വാങ്ങി ഞാനങ്ങനെ സ്ക്കൂളിൽ പോയി…
പിന്നീട് പലവട്ടം റൗഫും അബ്ദുൽ ഷുക്കൂറും ഷാജഹാനും ചുരുട്ടി പിടിച്ച കടലാസും കൊണ്ട് എന്നെ നോക്കി സൈറ്റടിച്ചപ്പോളൊക്കെയും എനിക്ക് പുല്ല് തിന്നുന്ന പശൂനെ ഓർമ വരും…
കൗത്തിന് മേലെ തലയില്ലാതെ ഞാൻ ചോര വാർന്ന് മരിക്കുന്നതോർക്കും…
അങ്ങനെ വീണ്ടും ചുരുക്കി പറഞ്ഞാ പഠിക്കുന്ന കാലത്തും എനിക്കൊന്ന് പ്രേമിക്കാൻ പറ്റിയില്ല..
പിന്നെ പിന്നെ കാലം കുറേ കഴിഞ്ഞപ്പോ എനീക്ക് പ്രേമിക്കുന്ന ആൾക്കാരെ കാണുമ്പോ വല്ലാത്തൊരു കുശു കുശുമ്പ് വരും..
അങ്ങനെ ഉള്ളവരുടെ അടുത്ത് പോയി നിന്ന് നിർത്താതെ ചുമച്ചും എപ്പളും ജലദോഷള്ള മൂക്ക് കൊണ്ട് വെറുതെ ഒച്ചപ്പാടുണ്ടാക്കിയും പരമാവധി അലോസരം സൃഷ്ടിക്കും..
എനിക്കില്ലാത്തതൊന്നും വേറൊരാൾക്കും വേണ്ടെന്നുള്ള ശരാശരി മലയാളിയുടെ മനോവിചാരം വല്ലാണ്ട് തിക്ക് മുട്ടും..
ഈ അടുത്ത് ഒരു ദിവസം ഡ്യൂട്ടി കഴിഞ്ഞ് ഫാർമസി പൂട്ടി ഇറങ്ങാൻ നേരം എന്തെന്നില്ലാത്ത മഴ..
ഒരു വിധത്തിൽ മഴ നനയാതെ ബസ് സ്റ്റോപ്പിലെത്തിയപ്പോഴാണ് ആ കാഴ്ച കണ്ടത്..
മുപ്പത്തഞ്ച് വയസ് തോന്നിക്കുന്ന ഒരു യുവാവും മുപ്പതിനടുത്തെത്തിയ ഒരു യുവതിയും അവർക്കായി പെയ്ത മഴ പോലെ നനഞ്ഞൊട്ടി ബസ് സ്റ്റോപ്പിൻ്റെ മൂലക്കിരുന്ന് പ്രേമിക്കുന്നു…
ഞാൻ പിന്നൊന്നും നോക്കിയില്ല..
അവരോട് ചേർന്ന് തൊട്ടടുത്ത് ഇരുന്നു…
ആ സമയത്ത് എനിക്കെന്തോ എൻ്റെ പതിവ് ശൈലി എടുക്കാൻ തോന്നിയില്ല..
അവര് പറയുന്നത് കേൾക്കാൻ കാത് കൂർപ്പിച്ചിരുന്നു..
ബസ് സ്റ്റോപ്പിൻ്റെ മേൽക്കൂര അലൂമിനിയം ഷീറ്റ് കൊണ്ട് മറച്ച പഞ്ചായത്ത് അധികൃതരോട് എന്തെന്നില്ലാത്ത വിധം ദേഷ്യം തോന്നി..
ഓട് മേഞ്ഞതോ വാർത്തതോ ആയിരുന്നെങ്കിൽ കുറച്ചൂടി വ്യക്തമായി കേൾക്കാമായിരുന്നു..
ഷീറ്റിലെ മഴയുടെ ഒച്ച കാരണം കാത് കൂർപ്പിച്ചിട്ടും വ്യക്തത കുറവാണ്…
ഞാൻ കുറച്ചൂടെ ചേർന്നിരുന്നു…
രണ്ട് പേരും കൈകള് കോർത്ത് പിടിച്ചിട്ടുണ്ട്..
യുവാവിൻ്റെ മുഖത്ത് വല്ലാത്ത പരിഭവം ഉണ്ട്..
യുവതി അന്നേരം കാര്യമെന്താണെന്ന് ചോദിക്കുന്നുണ്ട്…
”മോളൂസേ… ഇന്നലെ രാത്രി വീഡിയോ കോള് ചെയ്തപ്പോ മോളൂസെ ന്തിനാ പെട്ടെന്ന് കട്ട് ചെയ്തേ… ഞാൻ പിന്നെ ഉറങ്ങിയതേ ഇല്ല…”
അത് ചേട്ടാ… ചെറിയ മോൻ മൂത്രൊഴിക്കാൻ പെട്ടെന്ന് എണീച്ചപ്പോ ഞാൻ കട്ടാക്കിയതാ…”
“ഇന്ന് മോനെ ഉറക്കുമ്പോ മൂത്രം ഒഴിപ്പിച്ചിട്ട് കിടത്തിയാ മതി ട്ടോ…. “
അന്നേരമാണ് ബസ്സ് വന്നത്…
യുവതി ബസില് കയറിയപ്പോ മഞ്ഞൾ പൊടിയിടാത്ത മീൻ കൂട്ടാൻ പോലെ വിളറിച്ചോന്ന മുഖവും കൊണ്ട് യുവാവ് ബസ് സ്റ്റോപ്പിലിരുന്ന് കൈ വീശി കാണിച്ചു…
പ്രണയം വിരഹത്തിലേക്ക് വഴിമാറിയ കാഴ്ച കണ്ട് ഞാൻ ധൃതംഗം പുളകിച്ചു…
എൻ്റെ ചിന്ത മുഴുവനും അന്ന് രാത്രിയിലെ അവരുടെ വീഡിയോ കോളിനെ കുറിച്ചോർത്തായിരുന്നു…
എനിക്കും വീഡിയോ കോള് ചെയ്യണം..
അന്ന് രാത്രിയില് ഇക്ക വന്നപ്പോ എൻ്റെ ആഗ്രഹം പറഞ്ഞു..
എൻ്റെ മണം കിട്ടാതെ ഉറങ്ങാറില്ലാത്ത ഇക്കാ നോട് അന്ന് മുകളിലത്തെ റൂമിൽ കിടക്കാൻ പറഞ്ഞു…
ഒരു പതിനൊന്ന് മണി ആവുമ്പോ നമുക്ക് വീഡിയോ കോള് ചെയ്യാന്നും കുറേ പ്രേമിക്കാന്നും പറഞ്ഞു…
ഇനി ലക്ഷ്യം കുഴി മാത്രം എന്നും പറഞ്ഞോണ്ടിരിക്കുന്ന കാലത്താണ് ഓളൊരു വീഡിയോ കോൾ…
മുണ്ടാണ്ട് കിടന്നുറങ്ങാൻ നോക്കെന്നും പറഞ്ഞ് എൻ്റെ ആഗ്രഹത്തിന് തടയിട്ടു..
ഒരു വിധത്തിൽ ഇക്കാനെ പറഞ്ഞ് സമ്മതിപ്പിച്ച് ഉന്തിത്തള്ളി ഞാൻ മുകളിലത്തെ റൂമിലാക്കി..
ഞാൻ താഴെ റൂമിലും കിടന്നു…
മുടി പിന്നിയിട്ടു..
മുറ്റത്തെ മുല്ലവള്ളീന്ന് കോർത്തെടുത്ത മുല്ലപ്പൂ തലയിൽ ചൂടി..
അത്തറ് പുരട്ടി,
കസവുള്ള തട്ടം കൊണ്ട് തല മറച്ചു…
പൗഡറും കൺമഷിയുമിട്ടു..
ഫോണിലെ നെറ്റോണാക്കി..
ഇക്കാൻ്റെ നമ്പറെടുത്ത് വീഡിയോ കോള് ചെയ്തു..
പാതിയടഞ്ഞ കണ്ണും കൊണ്ട് ആധാർ കാർഡിലെ ഫോട്ടോ പോലെ ഇക്ക സ്ക്രീനിൽ തെളിഞ്ഞു…
“ആ…. പറഞ്ഞൂട് ബലാലേ..”
അപ്പളാണ് എനിക്ക് രാവിലേക്കുള്ള അരി വെള്ളത്തിലിട്ടില്ലാന്നുള്ള കാര്യം ഓർമ വന്നത്…
“ഇക്കാ … കട്ടാക്കല്ലി ട്ടോ.. അരി വെള്ളത്തിലിട്ടിട്ട് ഓടി വരാ.. “
മറുപടി പറയും മുമ്പേ ഞാൻ ഓടിപ്പോയി വെള്ളത്തിലിട്ടു..
തിരിച്ച് വന്നപ്പോ കണ്ണ് മുക്കാലോളം അടഞ്ഞിട്ടുണ്ട്..
“വെള്ളത്തിലിട്ടോ..”
“ആ .,,ഇട്ട് “
“നാളെ ദോശയാണോ.. “
“ആ “
“കറിയെന്താ ”
“മുട്ടക്കറി “
“അന്ന് ചാണകക്കുഴീൻ്റെ അടുത്ത്ന്ന് വെട്ടിയ വാഴക്കുല തീർന്നോ.. “
“ഇല്ല.. രണ്ട് മൂന്ന് കായും കൂടി ബാക്കി ണ്ട്.. “
“ആ.. ന്നാ നാളെ ഉച്ചക്ക് ഉണക്ക ചെമ്മീനും ഇട്ട് കറി വെച്ചാള… “
ഞാനന്നേരം മരുന്നിന് പോലും ഒന്ന് മൂത്രമൊഴിക്കാൻ ഉണരാത്ത ചെറിയ മോളെ നോക്കി…
ആധാർ കാർഡിലെ ഫോട്ടോയിലെ കണ്ണ് മുക്കാലും കഴിഞ്ഞ് മുഴുവനും പൂടിയിട്ടുണ്ട്..
കൂർക്കം വലിക്കുന്ന ശബ്ദം കേൾക്കുന്നുണ്ട്…
ഞാനപ്പോ മനസ്സില് മെല്ലെനെ മൂളി…
എൻ്റെ ഖൽബിലെ വെണ്ണിലാവ് നീ നല്ല പാട്ടുകാരാ…
തട്ടമിട്ടു ഞാൻ കാത്ത് വെച്ചൊരെൻ മുല്ലമൊട്ടിലൂറും അത്ത റൊന്ന് വേണ്ടേ… അത്ത റൊന്ന് വേണ്ടേ…
❤️