പുഴക്കര ഗ്രാമത്തിൽ
കുഞ്ഞന്നാമ്മയുടെ തൊഴുത്തിനു
പിന്നീക്കൂടെ ഒഴുകുന്ന പുഴയിൽ
ചാണകത്തിൻ്റെ ഗന്ധം കലർന്നിരുന്നു
എത്ര ശ്രമിച്ചാലും വലേക്കേറാത്ത
കാരിയും പള്ളത്തിയും മുഷിയും
ആറ്റുവാളയുമെല്ലാം
ചാണകം മുത്തിയാണ്
നെല്ലിത്തറ കടന്ന് നീന്തുന്നത്
പാപ്പൻ്റവിടത്തെ തെങ്ങേന്ന് വീണ
മടൽ അഴുകി പുഴ
കോലം കെട്ടൊഴുകുന്നെന്ന്
നാട്ടാരെന്നും പരാതി പറയും
പുഴയതിന് പുല്ലുവില കൊടുത്ത്
പിന്നേമൊഴുകി
പാപ്പച്ചിയും കല്ലടി സുകുമാരനും
നേരം പുലരുമ്മുമ്പേ
പുഴക്കരേ വെളിക്കിരുന്ന്
പുഴയിലിറങ്ങി ചവരിക്കും
കല്ലേമുട്ടികൾ ചന്തിയേമുട്ടി
പുഴയിലേക്ക് തിരിഞ്ഞോടും
തൊട്ടുതാഴെ ,
പെലന്നാ പിന്നെ പെണ്ണുങ്ങൾ
തുണീംമണീമലക്കി വിരിക്കും
മേല് കഴുകി മുടികോതി തുവർത്തും
പുഴ മുട്ടിയൊഴുകുമ്പോൾ
വെള്ളത്തിനടീ പെൺകാലുകൾ
ചന്തത്തിലിളകിമറിയും
ഇപ്പോൾ ,
പുഴക്കരേ തൊഴുത്തുണ്ടായിരുന്ന
കുഞ്ഞന്നാമ്മ എല്ലാം വിറ്റു പെറുക്കി മലബാറിന് പോയി
പാപ്പച്ചി ഷുഗറു വന്ന് കാലുമുറിച്ച്
ഒറ്റക്കാലൻ പാപ്പച്ചിയായി
പുഴേചവരിക്കാതെ കക്കൂസിലായി കാര്യങ്ങൾ
സുകുമാരൻ ഗൾഫിലെ മകൻ്റെ
പെരകാവലിന് വിസയെടുത്തു
പുഴയിൽ മാലിന്യം വീഴാതായി
ഫാക്ടറി വന്നേപ്പിന്നെ കൃഷിക്കാരെല്ലാം തൊഴിലാളികളായി
പുതിയ മാലിന്യങ്ങളോട്
പൊരുത്തപ്പെടാനാവാതെ
പുഴ പിണങ്ങിയുണങ്ങി
ഒഴുകാത്ത പുഴേനോക്കി
പുതുതലമുറ
ശുദ്ധവെള്ളം കുപ്പീ വാങ്ങിക്കുടിച്ചു ,
നാട്ടുകാർ വൃത്തിയുള്ളവരായി.
കാലം മുന്നോട്ട് പോകെപ്പോകെ
പുഴക്കരക്കാർ ,
പുഴയെ മറക്കുമായിരിക്കും
ആറ്റുവാളയും കല്ലേമുട്ടിയും
കണ്ണുതുറിച്ച് ചെകിളവിറച്ച്
വെയിലത്ത് ചത്തുണങ്ങുമായിരിക്കും
പിന്നെ ,
പുഴ… പുഴപോലെന്തോ ആകുമായിരിക്കും
പതിയെപ്പതിയെ പുഴക്കര ഗ്രാമം
പുഴയില്ലാത്ത …കരയില്ലാത്ത…
ഗ്രാമമായേക്കും
✍️

വൈഗ

By ivayana