അപരിചിതരാവുന്ന നാളുകളിൽ,
ജീവിതമെന്ന സമസ്യയുടെ,
അപാരതയ്ക്കുള്ളിൽ കഴിഞ്ഞു കൊണ്ട്,
നമുക്കീ കാലത്തെക്കുറിച്ചോർമ്മിക്കാം,
അപരിചിതരാകുവാൻ മാത്രമല്ലാതെ,
ഇനിയും ഒരാളെയും കണ്ടുമുട്ടേണ്ടതില്ല,
പരമാവധി മനുഷ്യരിൽ നിന്നുമുള്ള
വഴി മാറലാണ്,
ഞാനെന്നെ പഠിപ്പിക്കുന്ന,
പൂർണമായ വിമോചനം,
സന്തോഷവും,സമാധാനവും
മനസ്സിന്റെ അടിത്തട്ടിൽ,
സൗന്ദര്യമുള്ള കണ്ടെത്തലാവുമ്പോൾ,
ബോധ്യങ്ങൾ ബുദ്ധസങ്കേതത്തിലെ
തോരണങ്ങളെന്ന ഭാവത്തിൽ,
ശാന്തമായി പുഞ്ചിരിക്കുന്നു,
മനസ്സിനു മുകളിൽ
ആഹ്ലാദപൂർണമായൊരു
ആധിപത്യമാണ്,
നിർമ്മിച്ചെടുക്കാൻ ശ്രമിക്കുന്നത്,
അതൊരിക്കലും ദുഃഖഭരിതമായൊരു
നാടോടിഗാനമല്ല,
മറ്റൊരു വ്യക്തിയ്ക്കോ,
വാക്കുകൾക്കോ,
ഒരിക്കലും
പകർന്നു നൽകാൻ
ശേഷിയില്ലാത്തതൊന്ന്,
ദിവ്യമായ കാഴ്ചകൾ പോലെ,
വെളിച്ചം വിതറുന്നതൊന്ന്,
ധ്യാനം പോലെ,
പുതപ്പ് പോലെ,മഞ്ഞിലെ തീച്ചൂട്
പോലെ,
അനുഭൂതികൾ പങ്കുവയ്ക്കാൻ
കഴിയാത്തതൊന്ന്,
സ്നേഹത്തിന്റെ പാട്ടുകാർക്ക്,
വരും കാലങ്ങൾ മനോഹരമായി,
മാത്രം ഭാവന ചെയ്യാൻ കഴിയുന്നവർക്ക്,
ഈ ചിന്തകൾ മനസ്സിലാവണമെന്നില്ല,
അതെന്റെ തെറ്റല്ല,
അവരുടേതുമല്ല,
എന്നെ അവഗണിക്കാനുള്ള
ഏതൊരാളുടെയും
സ്വാതന്ത്ര്യത്തെക്കുറിച്ച്,
എന്റേതായ ഇടങ്ങളിലെല്ലാം ഞാനേറെ
ചുവരെഴുതിയിട്ടുണ്ട്,
ഇടുങ്ങിയ മുറിയിലേക്കുള്ള തുറന്നിട്ട
വാതിലല്ല,
തുറന്ന മൈതാനം മാത്രമാണ്,
കൂടാരങ്ങൾ വലിച്ചു കെട്ടിയാലും,
ആഴത്തിൽ കുഴിയെടുത്താലും,
ചവിട്ടിക്കടന്നു പോയാലും,
എനിക്കു വേദനിക്കുകയില്ല,
സഞ്ചരിക്കുന്നില്ല,
യാത്രികരെ അനുഗമിക്കുകയുമില്ല,
മൂകസാക്ഷിയായി ഞാനിവിടെ
കാലത്തിനു കൂട്ടിരിക്കുകയാണ്,
എനിക്കു തോന്നുന്നു….
ലോകത്തിന്റെ കാഴ്ചകൾ,
എത്രത്തോളം അവഗണിക്കാൻ
കഴിയുന്നോ,
അത്രത്തോളം സ്വയം,
തകർച്ചകളില്ലാതെ നിലനിൽക്കുന്നു.

By ivayana