രചന : ഷാജി പേടികുളം ✍
മരണം കോമാളിയെ –
ന്നാരോ ചൊല്ലി
നാമതേറ്റു ചൊല്ലി
രംഗ ബോധമില്ലാത്തവനത്രെ
മരണമെന്നത്
കേവലമൊരു കാഴ്ചപ്പാട്.
ജനിക്കുമ്പോൾ
നിഴലായ് നമുക്കൊപ്പം
ജനിച്ച് നമുക്കൊപ്പം വളർന്ന്
നമ്മളിലെ ചൈതന്യത്തെ
കെടാതെ സൂക്ഷിച്ചു
മരണം കൂടെയുണ്ടെന്ന്
ഇടയ്ക്കിടെയോർമിപ്പിച്ച്
തെറ്റുകൾ തിരുത്താൻ
പ്രേരിപ്പിക്കുന്ന സഹയാത്രികൻ
അവനല്ലേ മരണം ?
മനസ്സു ഗതി മാറുമ്പോൾ
യുക്തിയുക്തം ശാസിച്ചും
മനസ്സു കൈവിടുമ്പോൾ
കരുതലോടെ ചേർത്തുപിടിച്ചും
അഹംഭാവം ഫണമുയർത്തുമ്പോൾ
മരണ ഭയം സൃഷ്ടിച്ചും
ഒടുവിൽ സമയമാകുമ്പോൾ
നിറമിഴികളോടെ വിതുമ്പലോടെ
വിറകൈകളാൽ ജീവനെ
മെല്ലെ വേർപെടുത്തുന്ന
മരണം കോമാളിയാണോ ?
രംഗ ബോധമില്ലാത്ത കോമാളി?