രചന : ഗായത്രി രവീന്ദ്ര ബാബു✍
ആശാന്റെ ആരാധകനായിരുന്നില്ല എന്റെ അച്ഛാച്ഛൻ ; അചഞ്ചല ഭക്തനായിരുന്നു. ഒരു ഇരുണ്ട കാലഘട്ടത്തെയും അന്നത്തെ അനാചാരങ്ങളെയും നിശിതമായി വിമർശിച്ച ആശാൻ, കവിതകളിലൂടെ എത്ര അനായാസേനയാണ് സമൂഹത്തെ പരിഷ്ക്കരിച്ചത്. ജാതിക്കോമരങ്ങൾ എന്ന് പരിഹസിച്ച് , നിശിതമായും കണിശമായും അയിത്തോച്ചാടനത്തിന് നേതൃത്വം വഹിച്ചു. മാതൃകയായി.
തൊട്ടുകൂടാത്തവർ തീണ്ടിക്കൂടാത്തവർ
ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ
കെട്ടില്ലാത്തോർ തമ്മിലുണ്ണാത്തോരിങ്ങനെ
ഒട്ടല്ലഹോ ജാതിക്കോമരങ്ങൾ
ഇന്നും പ്രസക്തമായ ഈരടികൾ !
ഒരു യഥാർത്ഥ സ്നേഹ ഗായകൻ , നവോത്ഥാന നായകൻ എന്ന നിലയിൽ അദ്ദേഹം ഒരു ദീപസ്തംഭമായി ; ഭാഷ ഉള്ളിടത്തോളം കാലം. കാലാതിവർത്തിയായി.
ഇന്നലെ ചെയ്തൊരബദ്ധം മൂഢർ –
ക്കിന്നത്തെയാചാരമാകാം
നാളത്തെ ശാസ്ത്രമതാകാ –
മതിൽ സമ്മതം മൂളായ്ക രാജൻ
മാറ്റുവിൽ ചട്ടങ്ങളെ സ്വയമല്ലെങ്കിൽ
മാറ്റുമതുകളീ നിങ്ങളെത്താൻ
ദാരിദ്യമെന്തെന്നറിഞ്ഞവർക്കേ
പാരിൽ പരക്ലേശ വിവേകമുള്ളൂ
വ്യഥ പോലറിവോതിടുന്ന സദ്ഗുരുവും
മർത്ത്യന് വേറെയില്ല താൻ
കനിവാർന്നനുജാ പൊറുക്ക ഞാൻ
നിനയാതോതിയ കൊള്ളിവാക്കുകൾ
അനിയന്ത്രിതമായ് ചിലപ്പൊഴീ
മനമോടാത്ത കുമാർഗമില്ലെടോ
ഞാൻ പാഠങ്ങൾ പഠിച്ച് തീരുന്നതും കാത്ത്, ആശാന്റെ നളിനിയോ ലീലയോ ചണ്ഡാല ഭിക്ഷുകിയോ ദുരവസ്ഥയോ കരുണയോ ഏതെങ്കിലും ഒരു കാവ്യ പുസ്തകം കയ്യിൽ കരുതി, ക്ഷമയോടെ കാത്തിരിക്കുന്ന അച്ഛാച്ഛന്റെ സ്നേഹം ഇതെഴുതുമ്പോൾ എന്നെ വന്നു പൊതിയുന്നു. സ്വയം വായിക്കുന്നതല്ല, ഞാൻ വായിച്ചു കേൾക്കുന്നതായിരുന്നു ആ ആസ്വാദക ഭക്തന് സായുജ്യം . ചങ്ങമ്പുഴ, ഇടപ്പള്ളി തുടങ്ങിയ കവികളെയും അദ്ദേഹം വീണ്ടും വീണ്ടും ശ്രവിച്ചിരുന്നു. അന്ന് അദ്ദേഹത്തിനു വേണ്ടി , ചില്ലുവിളക്കിന്റെ ഇത്തിരി വെട്ടത്തിൽ , മനമില്ലാ മനസ്സോടെ വായിച്ചു കേൾപ്പിച്ച ആ വിശിഷ്ട കാവ്യങ്ങളാണ് ഇന്ന് എന്റെ ഏക കൈമുതൽ. വീണപൂവിനെ വിണ്ണോളം ഉയർത്തി അനശ്വരമാക്കിയ കവിയുടെയും എന്റെ ഗുരുവും ഉറ്റ സുഹൃത്തുമായ അച്ഛാച്ഛന്റെയും അന്ത്യം രണ്ടു രീതിയിലായാണ് അസ്വാഭാവികമായത് യാദൃച്ഛികമാവാം
ഖണ്ഡകാവ്യങ്ങൾ മാത്രമെഴുതിയ മഹാകവി കുമാരനാശാന്റെയും അദ്ദേഹത്തിന്റെ അചഞ്ചല ഭക്തന്റെയും ദീപ്ത സ്മരണകൾക്കു മുന്നിൽ വിനീത നമസ്ക്കാരം 🙏
ഇന്ന് മഹാകവിയുടെ ചരമ വാർഷിക ദിനം 🪔🥀🪷🌼🌻