അമ്മയുടെ
ഗർഭപാത്രത്തിന്റെ
വാതിൽ തുറന്ന്
ഞാൻ
ഭൂമിയിൽ
അവതരിച്ചപ്പോൾ
തൊള്ളതുറന്ന് കരഞ്ഞ്
മാളോരെ
സാന്നിധ്യം
അറിയിച്ചിരിക്കണം.
അമ്മയുടെ
അമ്മിഞ്ഞക്കണ്ണുകൾ
എന്റെ
വായിൽ തിരുകി
എന്നെ
നിശബ്ദനാക്കിയിരിക്കണം.
ഗർഭപാത്രം തന്നെ
ഉടുപ്പായിരുന്നത് കൊണ്ട്
പിറന്നാൾ
വേഷത്തിലായിരുന്നിരിക്കും
എന്റെ അവതാരം.
അമ്മ
വാത്സല്യം
മുലപ്പാലായി ചുരത്തി
എന്റെ
കത്തലടക്കിയിരിക്കണം.
പൊക്കിൾക്കൊടി
മുറിച്ചാൽ പിന്നെ
അതല്ലേ രക്ഷ?
അങ്ങനെ
ദിവസങ്ങൾ
കടന്നു പോയിരിക്കണം.
ഇതിനിടയിൽ
മുത്തശ്ശിയോ,
ചിറ്റമ്മമാരോ
എന്നെ
കോരിയെടുത്ത്
സ്നാനപ്പെടുത്തിയിട്ടുണ്ടാകും.
ബേബി പൗഡർ
പൂശി,
കണ്ണെഴുതിച്ച്,
പൊട്ടു തൊടീച്ച്,
ഒരു ബ്യൂട്ടി സ്പോട്ടും
മുഖത്ത് കുത്തി,
കുഞ്ഞുടുപ്പ് ധരിപ്പിച്ച്,
സ്വർണ്ണമാല ചാർത്തി,
കൈകാലുകളിൽ
സ്വർണ്ണത്തളകൾ ചാർത്തി
സുന്ദരനാക്കിയിരിക്കണം.
അമ്മയുടെ
അമ്മിഞ്ഞപ്പാൽ
വറ്റിയതോടെ
വീണ്ടും
ഞാൻ
വിശ്വരൂപം കാട്ടി
അലമുറയിട്ടിരിക്കണം.
ചെറിയ തോതിൽ
മർദനവും,
തുടർന്ന് ലാളനയും
ഏറ്റുവാങ്ങിയിരിക്കണം.
തിളപ്പിച്ച
പശുവിൻ പാൽ
ചൂടാറ്റി,
മധുരമിട്ട്
കുപ്പിവായയ്ക്ക്,
അമ്മിഞ്ഞക്കണ്ണ് പോലുള്ള
നിപ്പിൾ
ഫിറ്റ് ചെയ്ത്
എന്റെ വായിൽ
കുത്തിയിറക്കി
അലമുറക്ക്
വിരാമമിട്ടിരിക്കണം.
അമ്മയുടെ
സാമീപ്യം
വിരസമായതോടെയായിരിക്കണം
അച്ഛനും
അമ്മാവന്മാരും
ചിറ്റമ്മമാരും
മച്ചിൽ നിന്ന് തൂക്കിയ
തൊട്ടിലിലേക്ക്
ഞാൻ
ഹനുമാൻ ചാട്ടം
നടത്തിയത്.
അവിടെ
എന്റെ മാത്രമായ
ഭാഷയിൽ
പറഞ്ഞും,
പാടിയും,
ഇടക്കിടെ
കുപ്പിപ്പാൽ കുടിച്ചും,
ദിവസങ്ങൾ പിന്നിട്ടത്.
പോരെങ്കിൽ
തൊട്ടിലാട്ടി,
ചാഞ്ചക്കം പാടാൻ
മുതിർന്നവരുണ്ടായിരുന്നല്ലോ?
എന്റെ
ഊഞ്ഞാൽ ആട്ടദിനങ്ങൾ
അങ്ങനെ
ആനന്ദ ലഹരിയിലായിരുന്നിരിക്കണം.
ദിവസങ്ങളുടെ
ഇലകൾ
കൊഴിയവേയായിരിക്കണം
ഒരു നാൾ
തൊട്ടിലിൽ നിന്ന്
തറയിലേക്ക്
ആരോരുമറിയാതെ
ഊർന്നിറങ്ങി വീണതും
തൊള്ള തുറന്നതും.
ഓരോന്ന് ചൊല്ലി
ആശ്വസിപ്പിക്കാൻ
ലാളനയുടെ
മുഖങ്ങൾ
മത്സരിച്ചെത്തിയിട്ടുണ്ടാവും.
തറയിൽ
കമിഴ്ന്നു
നീന്തി, നീന്തി
മുട്ടുകാലിലിഴഞ്ഞ്,
ചുറ്റുപാടും
കണ്ണുകളെറിഞ്ഞ്
ചിരിച്ചുല്ലസിച്ച്,
ഒരു നാൾ
ആരുടെയെങ്കിലും
വിരലിൽ തൂങ്ങി
നടക്കാൻ
തുടങ്ങിയിട്ടുണ്ടാവും.
പുറംലോകം കണ്ട്,
അവരുടെ ഭാഷ
ഞാനും
പഠിച്ച് തുടങ്ങിയിട്ടുണ്ടാവും.
അത് പിന്നെ
അങ്ങനെയൊക്കെയാണല്ലോ?
ഉമ്മറത്ത് നിന്ന്
തോട് കണ്ട്
പാടം കണ്ട്
പാടത്തിനക്കരെ
വീടുകൾ കണ്ട്
അമ്പലം കണ്ട്
രാത്രിയിൽ
അമ്പിളിയമ്മാവനോടും
നക്ഷത്രങ്ങളോടും
സല്ലപിച്ച്
രസിച്ച്
ദിവസങ്ങൾ
പിന്നിട്ടിരിയ്ക്കണം.
ഒരു നാൾ
വള്ളി നിക്കറും,
കുഞ്ഞ് ഷർട്ടുമിട്ട്
അന്ന്
പാവാടക്കുട്ടിയായ
ചിറ്റമ്മയുടെ
വിരലിൽ തൂങ്ങി
പാലം കടന്ന്,
പച്ചച്ച
പാടവരമ്പുകളും പിന്നിട്ട്,
കുറ്റിക്കാട്ടമ്പലത്തിന്റെ
പടിഞ്ഞാറും,
കിഴക്കുമുള്ള
കൊട്ടോമ്പടികളും
കടത്തി
ചിറ്റമ്മ
പഞ്ചാരവാക്കും പറഞ്ഞ്
വായനശാല വരെ
എടുത്തും
നടത്തിയും
കൊണ്ട് പോയി
ഇട്ട് കൊടുത്തത്
പ്രിൻസിപ്പൽ
പ്രൊഫസർ
ഗോവിന്ദനാശാന്റെ
നാരായത്തുമ്പിലേക്ക്,
ഇറയത്ത് നിരത്തിയ
മണലിലേക്ക്,
കുറെ കൂട്ടുകാരിലേക്കും.
അന്ന് തുടങ്ങിയതാണ്
എന്റെ ഹയർ സ്റ്റഡീസ്.
പ്രിൻസിപ്പൽമാരും,
സ്ഥാപനങ്ങളും
മാറി മാറി
വന്നെന്ന് മാത്രം.
ഒടുവിൽ
ഞാൻ തന്നെയായി
എന്റെ പ്രിൻസിപ്പലും
ശിഷ്യനും.

കെ.ആർ.സുരേന്ദ്രൻ

By ivayana