രചന : വാസുദേവൻ. കെ. വി✍
സമൂഹം ദിശ തെറ്റുമ്പോൾ തിരുത്തൽശക്തിയായി പതാക വാഹകരാവേണ്ടവരാണ് എഴുത്തുകാരെന്ന് കുറിച്ചിട്ടത് കവിയും ഫിലോസഫറുമായ എസ്. ടി.കോൾഡ്രിജ്.
അധികാരവർഗ്ഗം എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണങ്ങൾക്ക് ശ്വാന സമൂഹം കണക്കെ കാത്തിരിക്കേണ്ടവരല്ല അവർ. മുദ്രാവാക്യ കവിതകൾ കൊണ്ട് ഭരണകൂടങ്ങളെ വാഴ്ത്തുപാട്ടുകൾ കവി പടച്ചുവിട്ട് പദവികൾ യാചിക്കുമ്പോൾ സ്വയം അപഹാസ്യരാവരുതെന്ന് ഓർമ്മിപ്പിക്കേണ്ട ഉത്തരവാദിത്തം സഹഎഴുത്തുകാർക്കുണ്ട്. പ്രതിബദ്ധത അവനവനോട് മാത്രമാകാതെ സമൂഹത്തോടും സാഹിത്യകർക്കുണ്ടാവേണ്ടതുണ്ട്.
പഴയൊരു ലേഖനത്തെ പൊടി തട്ടിയെടുത്ത് വിളമ്പുന്നത് കേട്ട് വാഴ്ത്തുപാട്ടുകൾ മൂളുന്നവർ മൂളുന്നവർ ഓർക്കേണ്ടതുണ്ട് നാലുകെട്ടുകാരന് മുമ്പും അത്തരം വിളമ്പലുകൾ ഉണ്ടായിട്ടുണ്ട്.
അഭിമുഖങ്ങളിലെ ചോദ്യങ്ങൾക്ക് മുമ്പിൽ മിതഭാഷയിൽ കാച്ചിക്കുറുക്കി മറുപടി പറയുന്ന ഖസാക്കിന്റെ ഇതിഹാസകാരൻ. മാധ്യമ ചോദ്യങ്ങൾക്ക് മുമ്പിൽ ചാട്ടൂളി പോലത്തെ ഉത്തരങ്ങൾ കുറിക്കുകൊള്ളുന്നത്.
രാഷ്ട്രീയവൽക്കരിക്കപ്പെട്ട് സർഗ്ഗാത്മക മുഖം നഷ്ടപ്പെട്ട കലാലയങ്ങൾ. പഴയ കോളേജുകളിലെ പുതിയ തലമുറയോട് എന്താണ് പറയാനുള്ളത് എന്ന ചോദ്യത്തിന് “തീ വെക്കുക “എന്ന വാക്കായിരുന്നു ഉത്തരം.
പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ശ്രദ്ധേയ കഥ പറയൂ “ഫാദർ ഗോൺസാൽവസ് “. മതസംഹിതകളോട് ഒരു തികഞ്ഞ കമ്യൂണിസ്റ്റ്കാരന്റെ ആശങ്ക പ്രകടമാക്കുന്ന ചോദ്യങ്ങൾ അതിൽ. കഥ പിറന്ന് ആറു പതിറ്റാണ്ടുകൾക്ക് ശേഷം ഫാദർ ഗോൺ സാൽവാസിനോട് ഇപ്പോൾ എന്തൊക്കെ ചോദിക്കാനുണ്ട് എന്ന ചോദ്യത്തിന് ഇന്ന് കമ്യൂണിസ്റ്റും, കമ്യൂണിസ്റ്റ് വിരുദ്ധരും അപ്രസക്തമായ ഫോസിലുകളാണെന്ന മറുപടി കാലിക മാറ്റം ചൂണ്ടി പറയൽ കൂടിയാണ്.
കേരളത്തിലെ കമ്യൂണിസ്റ്റ് സർക്കാരിനെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് കേരളത്തിൽ കമ്യൂണിസ്റ്റ് സർക്കാർ ഉണ്ടോ എന്ന മറുചോദ്യവും.
സക്കറിയ,സി വി ബാലകൃഷ്ണൻ, ടി പത്മനാഭൻ തുടങ്ങിയവർ ഉയർത്തിയ ചോദ്യങ്ങൾക്കപ്പുറം ഒന്നും വിളമ്പിയില്ല കോഴിക്കോടിപ്പോൾ.
എന്നിട്ടും ആദ്യമായൊരാൾ വിളമ്പിക്കണ്ടത് പോലെ നമ്മൾ വാഴ്ത്തിപ്പാടുന്നു. അറിഞ്ഞുകൊണ്ടുള്ള കാപട്യ വിളമ്പൽ കൂടിയാണത്.
രാഷ്ട്രീയ ചലനങ്ങളും ചാക്രികമാണ്. പ്രത്യാശയോടെ കാത്തിരിക്കാം തിരുത്തപ്പെടുന്ന അധികാര വർഗ്ഗത്തെയും. അടച്ചാക്ഷേപം കൊണ്ട് നിസ്സാരവൽക്കാനുള്ളതല്ല പൂർവ്വികർ ജീവൻ നൽകി നേടിത്തന്ന ജനാധിപത്യ വ്യവസ്ഥിതി. കുറ്റവാളികളെ പേരെടുത്തു ചൂണ്ടി പ്പറയാനുള്ള ആർജ്ജവമാണല്ലോ വേണ്ടത്.