രചന : മോഹൻദാസ് എവർഷൈൻ✍
കാലങ്ങളേറെ പോയിമറഞ്ഞട്ടും
കോലങ്ങളതിലേറെ മാറിയിട്ടും
മക്കളെ മാറോട് ചേർക്കുമൊരു
താതന്റെ മനമൊട്ടും മാറിയില്ല.
മക്കളെ നിങ്ങളിന്നെങ്ങോട്ട് പോകുന്നു?
ചോദ്യങ്ങൾ കേൾക്കുവാൻ നേരമില്ല
ഉത്തരം നൽകുവാനൊട്ടു നേരമില്ല.
താതന്റെ വിയർപ്പിനോ മൂല്യമില്ലിന്ന്,
വാത്സല്യമെന്നോരു വാക്കിനിന്നർത്ഥമില്ല.
വാർദ്ധക്യമെത്തുമ്പോൾ വഴിയിലു –
പേക്ഷിപ്പാൻ കാത്തിരിപ്പോരുടെ കാലം.
കട്ടിലൊഴിയുവാൻ മക്കൾ കാവൽ
നില്ക്കുന്ന കാലമോ കലികാലം?.
കരളിലെ കനിവാകെയും കവർന്നവർ
ചുണ്ടിലെ പുഞ്ചിരി പോലും മറന്നവർ
അരികത്ത് നിന്നനേരത്തുമന്യരായി
നിന്നവർ തൻ കിടാങ്ങൾ അതിരുകൾ
താണ്ടി, ആഴികൾ താണ്ടി പറന്നിടുമ്പോൾ
അശരീരിപോലെയിന്നാരോ ചൊല്ലുന്നു.
ഇത് കാലം വിധിച്ചൊരു കാവ്യനീതി.
കണ്ടാലറിയാത്തവർ കൊണ്ടാലറിയുമെ –
-ന്നിന്നലെ ചൊല്ലിയതെത്ര സത്യം.