രചന : സണ്ണി കല്ലൂർ ✍
അശോക്സെക്കൻറ് ഷോ കഴിഞ്ഞു. കോഴികൾ കൂവാൻ വെയിറ്റ് ചെയ്യുന്നു.
അയാൾ പൊന്തകാടിനുള്ളിൽ പതുങ്ങി നിന്ന് ഷർട്ടും മുണ്ടും അഴിച്ച് ഭദ്രമായി ചുരുട്ടി പിൻഭാഗത്ത് വച്ച് മുറുക്കി കെട്ടി. എണ്ണ പുരട്ടിയ ദേഹത്ത് ഇനി ഇരുണ്ട കളസം മാത്രം… കുളിര് തോന്നി..
ഒന്നു രണ്ടു മാസമായി ഈ പദ്ധതി ആസൂത്രണം ചെയ്തിട്ട്, പരിസരം വീക്ഷിച്ചു. ശാന്തം. വീടിൻറ പടിഞ്ഞാറു വശത്തെ ജനൽ തുറന്നു കിടക്കുന്നു. ശബ്ദമുണ്ടാക്കാതെ അവിടെയെത്തി… ചെവി വട്ടം പിടിച്ചു. തൻറ ചങ്ക് ഇടിക്കുന്ന സ്വരം മാത്രം…..
കള്ളന്മാരെ സപ്പോർട്ട് ചെയ്യുന്ന എൻറ പുണ്യാളച്ചാ.. കാത്തു കൊള്ളേണമെ.. ധൈര്യം തരണേ… ആമേൻ..
അങ്ങനെ പ്രാർത്ഥിച്ചപ്പോൾ മനസ്സിന് സമാധാനം തോന്നി,
നീ ധൈര്യമായിട്ട് പോടാ… എന്ന് പുണ്യാളൻ തൻറ ചന്തിക്ക് തട്ടി പറയുന്നതു പോലെ…
മുറിക്കകത്ത് ഇരുട്ടാണ്… എങ്കിലും ഉടയതമ്പുരാന് പേടിയാകാതിരിക്കാൻ കത്തിച്ചു വച്ചിരിക്കുന്ന കെടാവിളക്കിൻറ മങ്ങിയ വെളിച്ചത്തിൽ അവൻ അതു കണ്ടു.
മുണ്ടും ബ്ലൗസും…. ചെമ്മീനിലെ കള്ളിചെല്ലമ്മയേ പോലെ.. സുന്ദരി…. കഴുത്തിൽ മാലയുണ്ട് ഒരുഭാഗം തലയിണയിൽ… തെക്കോട്ട് തലവച്ചാണ് കിടക്കുന്നത്… അശേഷം അറിവും ബോധവുമില്ല. കഴുത. കാലൻ പിടിച്ചു കൊണ്ടു പോകും…
വലതു കൈ സ്ലോ മോഷനിൽ തലയിണയിലേക്ക്… തുമ്പിയെ പിടിക്കുന്നതു പോലെ… മാലയിൽ തൊട്ടു. ചൂണ്ടാണി വിരലിൽ ചുറ്റി തള്ളവിരൽ ചേർത്ത് പൊട്ടിച്ചു.
അവൾ എന്തോ മണക്കുന്നതു പോലെ മൂക്ക് അനക്കി… അയാൾ മാല പതുക്കെ വലിച്ചു പോരുന്നില്ല.
എടാ പുണ്യാളാ . ദേ ഇപ്പഴാണ് നീ എന്നെ സഹായിക്കേണ്ടത്. അയാൾക്ക് ദേഷ്യം വന്നു. അൽപം ബലം കൊടുത്തു.
ഹയ്യോ ഹമ്മേ… ഗള്ളൻ….. അവൾ മാലയിൽ പിടിക്കുന്നതോടൊപ്പം തലയിണക്കടിയിലെ വാക്കത്തി തപ്പി….
അയാൾ പിന്നെ ഒരു പറക്കലായിരുന്നു. അടുത്ത വീട്ടിൽ വിളക്കു തെളിഞ്ഞു. വടക്കേ പറമ്പിൽ ആരോ വാതിൽ തുറന്നു പുറത്തിറങ്ങി.
എന്താ മോളെ… ഉറക്കെ ചോദ്യം…
ഇനി ഓടിയാൽ ശരിയാകില്ല. അയാൾ കുറച്ചു ദൂരെ വാഴകടക്കൽ നിലത്തോട് ചേർന്ന് കിടന്നു.
ഇതിനിടക്ക് അവളുടെ മുറ്റത്ത് ആളുകൾ നിറഞ്ഞു. തെക്കേ വഴിയിൽ ഒരാൾ ടോർച്ചുമായി വരുന്നു. നാലുഭാഗത്തേക്കും ലൈറ്റടിക്കുന്നതിനിടയിൽ അയാളുടെ മൂക്കിലൂടെ വെളിച്ചം കടന്നു പോയി.
ഓ ആ മിലിട്ടറിക്കാരനായിരിക്കും പാരക്കോലു പോലെ അഞ്ചു സെല്ലിൻറ ടോർച്ചാ… ദൈവമേ… അയാൾ ഭൂമിയിൽ അമർന്നതോടെ തെട്ടാവാടി മുള്ളുകൾ നാഭിപ്രദേശങ്ങളിൽ തറച്ചു.
മോളെ നിനക്ക് ആളെ മനസ്സിലായോ…
ചേച്ചി എൻറ മാല… അവൾ കരച്ചിലാണ്. പകുതി അവൻ കൊണ്ടു പോയി.. എന്തോ ഒരു കുഴമ്പിൻറ മണം എനിക്ക് തോന്നി.
സാരമില്ല നിനക്കൊന്നും പറ്റിയില്ലല്ലോ…
കെട്ടിയോനെ വിളിക്കാൻ ആളു പോയിട്ടുണ്ട് ഒരാൾ..
ദേ കൊച്ചിൻറ നെഞ്ച് തടിച്ച് ചൊമന്നിട്ടുണ്ട്. കുപ്പി പോലെ കഴുത്തുള്ള ഒരു സ്ത്രീ.
ചേച്ചി എന്താണീ പറയണെ…. അയാൾ ഒന്നും എന്നെ ചെയ്തില്ല. അവൾക്ക് ദേഷ്യം വന്നു. ഇതു കണ്ടോ അവൾ വാക്കത്തി കാണിച്ചു.
കള്ളന് ഭാഗ്യം ഉണ്ട്… തലയില്ലാതെ ഓടേണ്ടി വന്നേനെ… നാരായണി…ചിരിച്ചു.
അവിടെ സംസാരിക്കുന്നത് കുറച്ചൊക്കെ അയാൾക്ക് മനസ്സിലാവുന്നുണ്ട്. തനിക്ക് എവിടെയാണ് അബദ്ധം പറ്റിയത്.. ഉള്ളം കൈയ്യിൽ ചത്ത ഞാഞ്ഞൂലു പോലെ മാലയുടെ കഷണം… അയാൾ മുറുകേ പിടിച്ചു. 936 ആയാൽ മതിയായിരുന്നു. അല്ലെങ്കിൽ ആരും എടുക്കുകേല.. അങ്ങോട്ടു പൈസ കൊടുക്കേണ്ടി വരും.
കുറച്ചുകൂടി കഴിഞ്ഞാൽ ആളുകൾ പോകുമായിരിക്കും എന്നിട്ട് പതിയേ പുഴയിലേക്കിറങ്ങിയാൽ വീട്ടിൽ ചെല്ലാം .. വെളുപ്പിന് പണിക്ക് പോണം…
കെട്ടിയോൻ വലക്കലാണ്. ഇപ്പോൾ വരുമായിരിക്കും. എട്ടു കൊല്ലമായി അവളുടെ കല്യാണം കഴിഞ്ഞിട്ട് ഇരുനിറക്കാരി, സുന്ദരി… നല്ല ആരോഗ്യം.. ആരു കണ്ടാലും ഒന്നു നോക്കിപോകും.. പക്ഷേ പിള്ളേരില്ല. അയാൾക്ക് അമർഷവും ദേഷ്യവും തോന്നി.. പല്ലു ഞെരിച്ചു.
ഓടി കിതച്ചാണ് കെട്ട്യോൻറ വരവ്.. കൂടെ രണ്ടു മൂന്നു പേർ, പിന്നിൽ എരിയുന്ന ചൂട്ട്കെട്ട്. തിണ്ണയിലിരിക്കുന്ന ഭാര്യയെ കണ്ടപ്പോൾ അയാൾക്ക് സമാധാനമായി. മുറ്റത്തു കൂടി നിന്ന ജനം ഒരു നിമിഷം നിശ്ശബ്ദമായി.
അയാൾ അവളെ ചേർത്തു പിടിച്ചു. നിനക്ക് കുഴപ്പമൊന്നുമില്ലല്ലോ….
ഞാൻ എത്രമാത്രം കഷ്ടപ്പെട്ട് കാശു കൂട്ടിവച്ച് ഉണ്ടാക്കിയ മാലയായിരുന്നു. അവൾ വിങ്ങി കരഞ്ഞു.
പോയതു പോട്ടെ നമുക്ക് വഴിയുണ്ടാക്കാം.
എല്ലാവരും ഓടിവന്നതു നന്നായി.. വെറുതെ ഉറക്കമിളക്കേണ്ട. ഇനി ഞാൻ ഇവിടെയുണ്ടല്ലോ… അയാൾ പറഞ്ഞു.
നാട്ടുകാർ പോലീസിനെ അറിയിക്കേണ്ടെ… കള്ളനെ അന്വേഷിച്ചു കണ്ടു പിടിക്കേണ്ടെ… പാവം പെണ്ണ്… എന്നൊക്കെ കുശുകശുത്ത് മനസ്സില്ലാമനസ്സോടെ ഓരോരുത്തരായി പോയി.
അയാൾ അവളെ കട്ടിലിൽ പിടിച്ചിരുത്തി, കുടിക്കാൻ കുടത്തിൽ നിന്നും വെള്ളമെടുത്തു കൊടുത്തു.
പുറത്തു പോയി കൈകാൽ കഴുകി കൈലിയുടുത്തു.
അയൽവക്കത്ത് ഇപ്പോഴും വിളക്ക് തെളിയുന്നുണ്ട്.
തലയിണയിൽ മുഖമമർത്തി കിടക്കുകയാണ് ഭാര്യാമണി. അയാൾ നടന്നു ചെന്ന് കട്ടിലിൽ ഇരുന്നു.
എടീ തങ്കമണി… നിന്നോട് എങ്ങിനെയാ അതു പറയുക അയാൾ അവളുടെ മുടിയിൽ തലോടി…
വല നന്നാക്കാൻ കുറച്ചു പണം ആവശ്യം വന്നു. നിൻറ മാല ഞാൻ പണയം വച്ചിരിക്കുകയാ… പകരം റോൾഡ്ഗോൾഡിൻറ ഒരെണ്ണം ഉണ്ടാക്കി നീ അറിയാതെ ഞാൻ പെട്ടിയിൽ വച്ചതാ..
അവൾ ചാടി എഴുന്നേറ്റു, കണ്ണിൽ തീപ്പൊരി…
അതിൻറ വല്ല ആവശ്യം ഉണ്ടായിരുന്നോ… എന്നോട് ചോദിച്ചാൽ ഞാൻ മാല ഊരി തരില്ലേ… അവൾ ശബ്ദമുയർത്തി ചോദിച്ചു.
അതെനിക്കറിയാം.. അബദ്ധം പറ്റിപ്പോയെടീ….
എവിടെയാ വച്ചിരിക്കുന്നേ…
ബാങ്കിലാ..
പണം ഞാൻ തരാം…. നാളെ പോയി മാല എടുത്തു തരണം അവൾ ദേഷ്യത്തിലാണ്.
അതൊക്കെ നാളെ പറയാം… നീ കെടക്ക്.. അയാൾ
ഏത് ബാങ്കിലാ.. എനിക്കറിയണം അവൾ കടുപ്പിച്ചു.
എടീ…കുറുക്കൻമുക്കിലെ….. പരസ്പര സഹായ സഹകരണ ഗുണ ദോഷ ബാങ്ക്.. ഇപ്പൊ മനസ്സിലായോ….
എടോ മനുഷ്യാ…. ആ ബാങ്കിലെ പണോം പണ്ടോം സേഫും മോട്ടിച്ചു കൊണ്ടു പോയി… പെട്ടി ഇരുന്നിടത്ത് നാല് ഇഷ്ടിക മാത്രമേയുള്ളു.
സെക്രട്ടറീം, പ്രസിഡണ്ടും കമ്മറ്റിക്കാരും അടുത്ത പഞ്ചായത്തിലേക്ക് ഒളിച്ചു പോയെന്നാ കേട്ടത്.
അയാൾ അന്തം വിട്ട് നിൽക്കുകയാണ്.
എൻറ വലക്കലച്ചാ എന്ന നിലവിളിയൊടെ അയാൾ അവളുടെ ദേഹത്തേക്ക് വീണു.
പുരുഷ നിലവിളി കേട്ട് പരിസരവാസികൾ വീണ്ടും തീപ്പെട്ടികൊള്ളി ഉരച്ചു.
അശോക്.