തിരികെയെത്തുമ്പോൾ
പഴയപള്ളിക്കൂടവാതിൽ പടികടക്കുമ്പോൾ
ചാറ്റൽമഴയൊടൊത്തുവീണ്ടും
വഴിനടക്കുമ്പോൾ
ഓർമ്മകൾ പഴയബാല്യച്ചുരുൾ നിവർത്തുന്നു
ഓർമ്മകൾപഴയബാല്യച്ചുരുൾ നിവർത്തുന്നു .
എന്തുനിറഭംഗി,
കുഞ്ഞുടുപ്പിൻ
ചേലിലിന്നും
പഴയ മഴവില്ല് .
വീണ്ടുമാമാഞ്ചോട്ടിലോർമ്മകൾ
കനികൾ തേടുന്നു .
കണ്ണിമാങ്കുല തല്ലിവീണ്ടും കൈകൾ കുഴയുന്നു .
കണ്ണിമാങ്കുല തല്ലിവീണ്ടും കൈകൾ കുഴയുന്നു .
മനസ്സ് പീലിവിടർത്തിയാടും കരിമുകിൽക്കാവ്
വാനിൽ
തുമ്പിയറ്റ് പിടഞ്ഞുനിൽക്കും മസ്തകച്ചേല്,
മിഴിനിറയ്ക്കുമ്പോൾ ‘
മഴകൾ തോർന്നു തെളിഞ്ഞവഴിയിൽ
പാൽമണൽച്ചുഴികൾ .
ചെണ്ടുമല്ലിപ്പൂമണക്കും പോക്കുവെയിലിൽ ചാഞ്ഞുവീഴും
നിഴൽ വിളിയ്ക്കുമ്പോൾ
ഉള്ളിലുയരും സംഘഗാനങ്ങൾ
ഉപ്പുമാവിൻ ഗന്ധമോലും
ജീവകവനങ്ങൾ
വഴിപിരിഞ്ഞുമറഞ്ഞുപോയാ
പഴയകൂട്ടിൻ സ്നേഹമിഴികൾ
വീണ്ടുമെത്തുന്നു ,
തമ്മിൽ നോക്കുന്നു .
ചെണ്ടുമല്ലിപ്പൂമണക്കും പോക്കുവെയിലിൽ
ചാഞ്ഞുവീഴുംനിഴൽ മരിയ്ക്കുന്നു ..
തമ്മിലിഴുകാതലകളോരോന്നൊറ്റയാവും പോൽ,
നാം മാത്രമാവുന്നു .
തമ്മിൽ നോക്കാതെ..
തമ്മിലോർക്കാതെ …

സുമോദ് പരുമല

By ivayana