അറിയുന്നു പ്രിയനെയകലമീ
നിലാവുപൂക്കും യാമങ്ങളില്‍,
നറുസൌരഭം വിതറുമിളംകാറ്റു
തലോടവേ…,
അരികിലെന്ന വാക്കിന്‍ നേരറിയുന്ന-
കലങ്ങള്‍ താണ്ടി നിന്‍ പ്രണയസൌരഭ-
മെന്നെത്തഴുകവേ…!
കാലദേശഭേദങ്ങളില്‍ കതിരുക്കാണാ-
ക്കിളികള്‍ നമ്മള്‍ ചക്രവാളങ്ങള്‍ താണ്ടും,
പറയാതെ പോയതെന്തോ ബാക്കിയെന്നോര്‍-
ത്തെടുക്കും, പിന്നെ ജന്മാന്തരങ്ങള്‍
പരസ്പരം നേരും…!
ഒരുവാക്കിന്‍റെ നേര്‍മ്മയില്‍ ഒരു
വസന്തകാലത്തെ തീര്‍പ്പവര്‍ നമ്മളീ
ഗ്രീഷ്മത്തിന്‍ തീകഷ്ണശലാകകളില്‍
ഊതിക്കാച്ചിയെടുത്ത വിരഹത്തിന്‍
മാറ്ററിയുവോര്‍…!
വിരസകാല ഋതുഭേദങ്ങളില്‍
ഹതാശര്‍ നമ്മള്‍, വേഗകാലത്തിന്‍
വേഗമൊപ്പിച്ചോടിക്കിതപ്പവര്‍…!
ജാലകക്കാഴ്ചകളില്‍ പൂത്ത ചെമ്പകശാഖിയില്‍
പാടും കുയില്‍പ്പാട്ടില്‍ നീചൊല്ലിയയച്ച
സന്ദേശകാവ്യമധുരം നുണയുമ്പോഴുമകലങ്ങള്‍
തീര്‍ത്ത നോവില്‍ മിഴിനനയുന്നു,
നെടുവീര്‍പ്പുരുകുന്നു….!
വാക്കിന്‍ മധുരിമയില്‍ വാസരം താണ്ടുന്നു,
വാചാലമൌനങ്ങളില്‍ നമ്മളലിയുന്നു…,
അറിയുന്നു പ്രിയനെയകലമീ നിലാവുപൂക്കും
യാമങ്ങളില്‍ നിശാഗന്ധിപൂക്കും സുരഭില
നിമിഷങ്ങളില്‍, പാതിരാക്കാറ്റിന്‍ പരി-
ലാളനങ്ങളില്‍….!
അരികിലെന്ന വാക്കിന്‍ നേരറിയുന്ന-
കലങ്ങള്‍ താണ്ടി നിന്‍ പ്രണയസൌരഭ-
മെന്നെത്തഴുകവേ…!

ഉണ്ണി കെ ടി

By ivayana