വർഷങ്ങൾക്കുമുൻപ്, ഒരോണപ്പരീക്ഷയും ഓണയവധിയും കഴിഞ്ഞുള്ള ആദ്യദിവസം. വിശേഷങ്ങൾ പങ്കുവെച്ചും ബഹളംകൂട്ടിയുമിരുന്ന എട്ടാംക്ലാസിലെ കുട്ടികൾ പെട്ടെന്നാണ് നിശ്ശബ്ദരായത്.
വരാന്തയിലൂടെ നടന്നുവരുന്ന സാറാമ്മസാറിനെ ക്ലാസിലിരുന്നുതന്നെ കുട്ടികൾക്കു കാണാൻകഴിയുമായിരുന്നു. മഞ്ഞയിൽ പുള്ളികളുള്ള പോളിസ്റ്റർസാരിയുടുത്ത് വലതുകൈയിൽ ഹാജർബുക്കും ഇടതുകൈയിൽ ചൂരലും ചോക്കുമായിവരുന്ന ‘എട്ട് – ബി’ യുടെ ക്ലാസ്ടീച്ചറും കണക്കുസാറുമായ സാറാമ്മസാർ.
ഹാജർബുക്കിനൊപ്പം പിടിച്ചിരുന്ന ഉത്തരക്കടലാസ് സാർ വന്നുകയറിയപ്പോൾമാത്രമാണ് കാണാൻ കഴിഞ്ഞത്.
സാർ ക്ലാസിലേക്ക് വന്നപ്പോൾ
കുട്ടികൾ എഴുന്നേറ്റുനിന്നു.
“സിറ്റ് ഡൗൺ” മയമില്ലാത്ത സ്വരത്തിൽ സാറാമ്മസാറിന്റെ വാക്കുകൾ.
ഹാജർവിളിക്കുശേഷം സാർ ഉത്തരക്കടലാസ് കൈയിലെടുത്തു.
ഉള്ളൊന്നു കാളിയതുപോലെ കുട്ടികൾ പരസ്പരം നോക്കി. ഭയവിഹ്വലതയുടെ അലയൊലികൾ ഒന്നാംനിരയിലും രണ്ടാം നിരയിലുമിരിക്കുന്ന മുഖങ്ങളിൽ കാണാം. എന്നാൽ പിൻബഞ്ചുകാരുടെ മുഖത്ത് യാതൊരു കൂസലുമില്ല. ഇതെത്രകണ്ടിരിക്കുന്നു എന്ന ഭാവം.
സാർ ഓരോരുത്തരുടെയും പേരുവിളിച്ച് ഉത്തരക്കടലാസു കൈമാറി. തന്റെ മാർക്കു കാണുന്ന കുട്ടികളുടെ മുഖങ്ങളിൽ വിവിധതരം ഭാവങ്ങൾ മാറിമറയുന്നു. ഇതൊക്കെ ഒരു സിനിമയിലായിരുന്നേൽ ഓസ്ക്കാർ കിട്ടുമായിരുന്നു.
പെട്ടെന്നാണ് പെൺകുട്ടികൾക്കിടയിൽനിന്ന് ഒരു മുളംചീറ്റൽ കേട്ടത്. കുട്ടികൾ കരച്ചിലുകേട്ട ഭാഗത്തേക്ക് നോക്കുന്നു. പിൻബഞ്ചിൽ ‘ജ്യോതിലക്ഷ്മി.എൻ’ വിങ്ങിപ്പൊട്ടുന്നു.
സാറാമ്മസാർ ചൂരലുകൊണ്ട് മേശമേൽ ആഞ്ഞടിച്ചു. കുട്ടികൾ നിശ്ശബ്ദരായി.
“എന്താഡീ..”
സാറിന്റെ കനത്ത ചോദ്യം
ജ്യോതിലക്ഷ്മി എഴുന്നേറ്റുനിന്നു.
“സാറേ.. എന്റെ ഒരു പേപ്പറ് കാണുന്നില്ല.”
“ഏതു പേപ്പറാഡീ ഇല്ലാത്തത്? സെക്കൻഡ് പേപ്പറാണോ..?”
ക്ലാസിൽ ചിരി മുഴങ്ങി.
“അതല്ല സാറേ.. എന്റെ ഗ്രാഫ്പേപ്പർ… ഉത്തരക്കടലാസിന്റെകൂടെ നൂലുകൊണ്ട് കെട്ടിവച്ചിരുന്നതാ..”
ജ്യോതിലക്ഷ്മി കരഞ്ഞുകൊണ്ടു പറഞ്ഞു. രണ്ടുപവന്റെ മാല കളഞ്ഞുപോയ ഭാവമായിരുന്നു അവളുടെ മുഖത്ത്.
“ഗ്രാഫ്പേപ്പർ കിട്ടിയാൽ നീ ജയിക്കുമോഡീ ? എത്രയാഡീ നിന്റെ മാർക്ക്..?”
അനക്കമില്ല.
അടുത്തിരുന്ന കുട്ടി അവളുടെ പേപ്പർ വാങ്ങി നോക്കിയിട്ട് വാപൊത്തിച്ചിരിച്ചു.
“മൊട്ടയാ.. സാറേ”
ക്ലാസിൽ കൂട്ടച്ചിരിയായി. ചിരിക്കാത്ത സാറ് ചാരിക്കിടന്നു ചിരിച്ചു.
“ഇന്നാഡീ നിന്റെ ഗ്രാഫ്പേപ്പർ. ദാ കൊണ്ടുപോ. രണ്ടു മാർക്കുണ്ട്.”
ഹാജർബുക്കിനിടയിൽനിന്ന് സാർ പേപ്പർ എടുത്തുകൊടുത്തു.
മുന്നിലെ പഠിപ്പിസ്റ്റുകൾ തിരിഞ്ഞിരുന്ന്, കണ്ടിട്ടില്ലാത്തതുപോലെ അവളെനോക്കി ചിരിച്ചെങ്കിലും ജ്യോതിലക്ഷ്മി കരച്ചിലടക്കി. “കണക്കെപ്പോളും കണക്കായിരിക്കണമെന്ന” ഭാവത്തിൽ പേപ്പർ വാങ്ങി തന്റെ സീറ്റിൽ വന്നിരുന്നു.

ശ്രീകുമാർ പെരിങ്ങാല.

By ivayana