രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍
ഗ്രന്ഥ,മാരെക്കൊണ്ടും പത്തു
ചമയ്ക്കേണ,മവാർഡുകൾ
സ്വന്തമായിത്തന്നെ തരപ്പെടുത്തിടേണം
പത്രത്താളുകളിൽ പടം
വരുത്തീടുവാനോ പിന്നെ,
എത്ര കഷ്ടപ്പെട്ടുമഹോ ശ്രമിച്ചിടേണം
പഴികളൊത്തിരിക്കേൾക്കാ-
മേതുമേ കേൾക്കാത്തമട്ടിൽ
മിഴികൾപൊത്തിക്കൊണ്ടേയങ്ങിരുന്നിടേണം
നൂറുസംഘടന വേണം
നൂറിലുംസ്വാധീനം വേണം
നാറിയാലുംനാറ്റം പാടേ സഹിച്ചിടേണം
പറ്റുമെങ്കിൽ പണം വാരി-
യെറിഞ്ഞൊട്ടു നേടുവിൻ നാം
ഇറ്റും മടിച്ചുനിൽക്കാതെ കീർത്തികൾ നീളേ
കീർത്തി ലഭിച്ചീടുകിലോ,
ഞെളിഞ്ഞേവം നടന്നിടാം
തീർത്തുംമനുഷ്യരെയപഹാസ്യരായ്മാറ്റി!
പാവം,പത്തുമണ്ടൻമാരെ-
ക്കൂടെക്കൂട്ടി നടത്തുന്ന
പാതകങ്ങ,ളൊട്ടൊന്നുമല്ലിക്കൂട്ടരയ്യോ!
കെട്ടിപ്പിടിച്ചും പുണർന്നും
പൃഷ്ടം താങ്ങിയും നേടുന്നൂ,
നാട്ടിലുള്ള പുരസ്കാരങ്ങളിവരൊന്നായ്!
അക്ഷരമാലകൾ പോലും തെറ്റുകൂടാതെയെഴുതാൻ
കക്ഷികൾക്കറിയുകില്ലെന്നതാണു സത്യം
അത്രമാത്രം മലീമസ-
മായിമാറിയീനാടിൻ്റെ
ചിത്രങ്ങളൊക്കെയുംസാംസ്കാരികച്യുതിയാൽ
പുരസ്കാരത്തിൻ മഹത്വ-
മറിയാതെയല്ലോ നമ്മൾ
പുരസ്കൃതരായീടുവാനായി വെമ്പുന്നു!
നമ്മൾ നമ്മിലേക്കുതന്നെതിരിഞ്ഞൊന്നു നോക്കീടുകിൽ
നമ്മളിലുള്ളോരുമാലിന്യങ്ങളെക്കാണാം!
പതിരിനൊട്ടായീടുമോ,
കതിരിനെ വെന്നീടുവാൻ
സദയമതൊന്നു താനേയറിഞ്ഞീടുവിൻ
സാഹിതീലോകമിങ്ങനെ-
യാവുകിൽ സഹിക്കാനാമോ,
സാഹസമാണെന്നാലു,മിതെഴുതിടുന്നേൻ
ആവില്ലെനിക്കുവാപൊത്തി-
ക്കുമ്പിട്ടുവിറച്ചു നിൽക്കാൻ
പാവനമാ,വാണിമാതാവിനെയോർക്കുമ്പോൾ!
കേവലമീവേഷങ്ങളെ-
ത്തിരിച്ചറിയാനാവില്ലേ-
ലാവോ,നമ്മൾ വിഡ്ഢികളായ് മാറീടുകില്ലേ!