കഴിഞ്ഞമാസം ഒരു വാഹനാപകടത്തിൽ മരണപ്പെട്ട് കോവിഡ് പ്രോടോക്കോൾ പ്രകാരം ഇവിടെ ഖത്തറിൽതന്നെ ഖബറടക്കിയ ഒരു മലയാളി യുവാവിന്റെ സഹപ്രവർത്തകരെ ഇന്നലെ കാണാൻ ഇടയായി.
സംസാരത്തിനിടെ മരിച്ച ആളെക്കുറിച്ച് പറഞ്ഞപ്പോൾ അവർ പറഞ്ഞു: “ഞങ്ങൾ റൂമിലുള്ള അഞ്ചുപേരിൽ ആരു നാട്ടിൽ പോകുമ്പോഴും ഞങ്ങളെല്ലാവരും കൂടി ഒരുമിച്ചാണ് എയർപ്പോർട്ടിൽ കൊണ്ടാക്കാറുള്ളത്. ഇത്തവണ അവൻ ഒറ്റക്ക് തന്നെയാണ് പോകേണ്ടതെങ്കിലും അവന്റെ ഖബറിടം വരെ ഒന്നുപോകാനോ മയ്യത്തിനടുത്ത് നിസ്കരിക്കാനോ കഴിയാതെ പോയല്ലോ എന്നോർക്കുമ്പോഴാണ് വിഷമം. ഈ നശിച്ച കോവിഡ് കാരണം..”
പ്രിയപ്പെട്ടവർക്ക് അവസാനമായി ആ മുഖമൊന്ന് കാണാനാവാതെ ഏകനായ് മടങ്ങേണ്ടിവന്ന ആ പ്രവാസിയുടെ അവസ്ഥ ഓർത്തു ദുഖം തോന്നിയെങ്കിലും അതിനെക്കാളെറെ വിഷമം തോന്നിയ മറ്റൊരു പ്രവാസിയുടെ അവസ്ഥ നമ്മൾ ഇന്നലെ വായിച്ചറിഞ്ഞിരുന്നല്ല.?. ഉറ്റവരും ഉടയവരുമെല്ലാം ഒപ്പമുണ്ടായിട്ടും മരിച്ച് ദുർഗ്ഗന്ധം വമിക്കുന്നതുവരെ ആരും അറിയാതെ ഏകനായ്..
പ്രവാസികളുടെ കഷ്ടപ്പാടുകളും പ്രയാസങ്ങളുമൊന്നും ഇപ്പോ ഒരു സിനിമക്കോ നോവലിനോ പോലും ഉപയോഗിക്കാനാവാത്തത്ര പറഞ്ഞുപഴകിമടുത്ത വിരസമായ വിഷയമാണ്.
എങ്കിലും ഒന്നുപറയാതെ വയ്യ.
ഒരിക്കൽപോലും കൈനിറയെ അണ്ടിപ്പരിപ്പോ ബദാമോ പിസ്റ്റയോ കഴിച്ചിട്ടില്ലാത്ത, എങ്കിലും പോകുമ്പോഴൊക്കെ ഇതെല്ലാം കിലോക്കണക്കിന് നാട്ടിലേക്ക് കൊണ്ടുപോകുന്ന ഒരുപാട് പ്രവാസികൾ നമ്മുക്കിടയിലുണ്ട്. കുബ്ബൂസ് തൈരിൽ മുക്കിക്കഴിച്ച് നാട്ടിലേക്ക് ആവശ്യപ്പെടുന്നതിനെക്കാൾ കൂടുതൽ പണം അയച്ചുകൊടുത്ത് സന്തോഷിപ്പിക്കാൻ ശ്രമിക്കുന്ന പ്രവാസികളും ഇന്നും നമ്മുക്കിടയിൽ ഉണ്ട് എന്നതാണ് സത്യം..!
അവരോടാണ്,
പ്രിയപ്പെട്ടവരെ ഒരുപാട് സ്നേഹിക്കുമ്പോഴും സന്തോഷിപ്പിക്കുമ്പോഴും ഇവിടെ സ്വയം ജീവിക്കാൻ മറക്കാതിരിക്കുക.
നാട്ടിൽ ആവശ്യപ്പെടുന്ന പണം അപ്പപ്പോൾ എത്തിച്ചുകൊടുക്കുന്നത് മാത്രമല്ല സ്നേഹവും കടമയും, വാക്കുകൾകൊണ്ടും പ്രവർത്തികൾക്കൊണ്ടും ആവശ്യമായ care കൊടുത്തും അത് അവരോട് പ്രകടിപ്പിക്കുന്നതിൽ പിശുക്ക് കാണിക്കരുത്. സമയവും കണ്ടെത്തണം.
അതല്ലെങ്കിൽ അവർ അറിഞ്ഞോ അറിയാതെയോ അവർക്ക് നമ്മൾ മാസാമാസം കൃത്യമായ പണം കിട്ടുന്ന വെറും ഒരു ATM മെഷീനായി മാറിയാൽ അത്ഭുതപ്പെടാനില്ല.
കേട്ടിട്ടില്ലെ, കണ്ണകന്നാൽ ഖൽബ് അകലുക സ്വാഭാവികമാണ്. അതിനിടവരുത്താതെ സൂക്ഷിക്കുക.
ഇനിയും വൈകിയിട്ടില്ല,
ദൈവം രക്ഷിക്കട്ടേ….