തന്റെ മികവാർന്ന ശബ്ദമാധുര്യം കൊണ്ട് സദസ്സിനെ കീഴടക്കുന്ന മികവുറ്റ ഗായികയായിരുന്നു മധുരിമ . മധുരിമയാർന്ന നാദത്തിന്നുടമ. ശബ്ദ സൗകുമാര്യം പോലെ തന്നെ അംഗലാവണ്യവും ഈശ്വരനവൾക്ക് കനിഞ്ഞേ കിയിരുന്നു.
അവളുടെ വിദ്യാലയത്തിന്റെ പ്രതിനിധിയായി. നാട്ടുകാരുടെ ഓമനയായി ശാസ്ത്രീയ സംഗീതം വേദിയിൽ അവതരിപ്പിക്കുമ്പോൾ സാക്ഷാൽ സരസ്വതി ദേവി വേദിയിൽ പ്രത്യക്ഷപ്പെട്ടതാണോയെന്ന് അത്ഭുതപ്പെട്ടു പോകും.
തേജസ്സാർന്ന മുഖകാന്തിയും അംഗലാവണ്യവും . ശബ്ദസൗകുമാര്യവും അത്രയ്ക്ക് വശ്യമാണ്. ചേതോഹരമാണ്.


അവളുടെ സംഗീതധാരയിൽ . ആലാപനചാതുരിയിൽ സദസ്സ് മതിമറന്നു ഹർഷാരവം മുഴക്കുന്നു.
ഏവരുടേയും പ്രശംസ പിടിച്ചു പറ്റുന്നതാണ് അവളുടെ ശ്രുതി ശുദ്ധമായ നാദം. ചൈതന്യം തുളുമ്പുന്ന അവളുടെ മുഖത്ത് വിരിയുന്ന നവരസങ്ങൾ കാണികൾ ആസ്വദിച്ചു കൈ അടിക്കുമ്പോൾ ആ നിഷ്കളങ്ക മുഖം താമരപ്പൂവിതൾ പോലെ ചുവന്നുതുടിക്കും.
ഒരു പിഴവുമില്ലാതെ പ്രവഹിക്കുന്ന ആ നാദധാരയിൽ ജനം ഒന്നടങ്കം അവളെ പ്രോത്സാഹിപ്പിച്ചു.
തന്റെ മാതാപിതാക്കളും ഗുരുക്കന്മാരും ഇത്രയും അനുഗ്രഹീതയായ മകളെ നല്കിയ സർവ്വേ ശ്വരനോട് നന്ദി പറയുമ്പോഴും അവരുടെ ഉള്ളിന്റെയുള്ളിലൊരു നോവ് ആരും കാണാതെ ഒതുക്കിപ്പിടിച്ചിരുന്നു.
ഹർഷാരവം മുഴക്കുന്ന സദസ്സിനു മുന്നിൽ നിറപുഞ്ചിരിയുമായി കൂപ്പു കൈകളുമായി നില്ക്കുന്ന മകളുടെ കൺകോണുകൾ നനയുന്നത് സന്തോഷാശ്രുക്കൾ കൊണ്ട് മാത്രമല്ലെന്നത് അറിയാവുന്ന മാതാപിതാക്കളും ഗുരുനാഥന്മാരും കൂടപ്പിറപ്പുകളും മധുരിമയുടെ സന്തോഷവും, വളർച്ചയും , ഉയർച്ചയും മാത്രമാഗ്രഹിച്ച് അവൾക്ക് പൂർണ്ണപിന്തുണ നല്കിയിരുന്നു.


മാതൃകാ ദമ്പതികളായിരുന്നു ഗീതയും .വാസുദേവനും.ആ സ്നേഹവല്ലരി പൂത്തുവിടർന്നപ്പോൾ അവർ ഏറെ സന്തോഷിച്ചു. ഒത്തിരി സ്വപ്നങ്ങൾ നെയ്തു.
വാസുദേവനും കുടുംബവും ഗർഭിണിയായ ഗീതയെ വേണ്ടവണ്ണം സ്നേഹവും കരുതലും നൽകി.
പതിവിന് വിപരീതമായി രാവിലെ ഉറക്കമുണർന്നപ്പോൾ ഗീതയ്ക്ക് വല്ലാത്തൊരു അസ്വസ്ഥത അനുഭവപ്പെട്ടു. അവൾ വീണ്ടും അവളുടെ കിടക്കയിൽ തന്നെ കിടന്നു.
” ഗീതേ…. എഴുന്നേറ്റിട്ട് വീണ്ടും കിടന്നതെന്താ ? ക്ഷീണമുണ്ടോ ?” വാസുവിന്റെ ചോദ്യത്തിനുത്തരം പറയാനാവാതെ അവളൊന്നു മൂളുക മാത്രം ചെയ്തു.
“അമ്മേ ഗീത എഴുന്നേറ്റിട്ട് അവിടെത്തന്നെ കിടന്നിരിക്കുന്നു. അമ്മയൊന്നു നോക്കിയാട്ടെ”
കേൾക്കേണ്ട താമസം ജാനകിയമ്മ ഗീതയുടെ അടുത്തെത്തി.
“മോളെ ഗീതേ…..
ഗീതയുടെ മുഖം കണ്ടപ്പോൾ പന്തികേടുണ്ടെന്ന് ആ മാതൃഹൃദയം ഉൾക്കൊണ്ടു .
“എടാ നീ വേഗം വണ്ടി വിളിക്കൂ നമുക്ക് ആശുപത്രി വരെ പോകാം .” അമ്മയുടെ വാക്കുകൾ കേൾക്കേണ്ട താമസം വാസുദേവൻ വണ്ടി വിളിച്ചു ആശുപത്രിയിലെത്തിച്ചു.


ഡോക്ടർ പരിശോധിച്ച യുടനെ ഗീതയെ ലേബർ റൂമിലേക്ക് മാറ്റി.
ഇത് കണ്ടപ്പോൾ ജാനകിയമ്മ ഡോക്ടറോട് ഉത്കണ്ഠയോടെ ചോദിച്ചു.” ഡോക്ടർ ഗീതയ്ക്ക് ഇത് ആറാം മാസമാണ്. എന്ത് പറ്റി ? എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ .?”
നിങ്ങൾ സമാധാനമായിട്ടിരിക്കൂ. പേടിക്കാതെ പ്രാർത്ഥിക്കൂ. നിങ്ങൾക്കറിയാലോ അവളുടെ വയറ്റിൽ ഇരട്ടകുട്ടികളാണെന്നുള്ളത്. ഞാനെന്റെ കഴിവിന്റെ പരമാവധി ശ്രമിക്കും. നിങ്ങൾ ധൈര്യമായിട്ടിരിക്കു.
ഡോക്ടർ ലേബർ റൂമിലേക്ക് ധൃതിയിൽ പോകുന്നത്
കണ്ടപ്പോൾ അമ്മയും മകനും പ്രാർത്ഥനയോടെ മുറിക്കു മുന്നിൽ അക്ഷമരായി നിന്നു .
” ഗീത പ്രസവിച്ചു. ഒരാൺകുഞ്ഞും, ഒരു പെൺകുഞ്ഞും. പേടിക്കേണ്ട . കുറച്ചു കഴിഞ്ഞ് കുഞ്ഞിനെ കാണിച്ചു തരാം. മാസം തികഞ്ഞില്ലല്ലോ”.വാതിലിനു വെളിയിൽ വന്നു സിസ്റ്റർ പറഞ്ഞപ്പോഴാണ് രണ്ടു പേർക്കും ശ്വാസം നേരെ വീണത്.
“പേടിക്കണ്ട മോനെ . അമ്മയും കുഞ്ഞുങ്ങളും ജീവൻ നഷ്ടപ്പെടാതെ കിട്ടിയല്ലോ. നമുക്ക് അവരെ നന്നായി ശ്രദ്ധിച്ചു വളർത്തിയെടുക്കാം”
അമ്മയുടെ വാക്കുകൾ വാസുദേവന് ആശ്വാസമായി.


ഒരു മാസത്തോളം ആശുപത്രിയിൽ ഡോക്ടറുടേയും നേഴ്സുമാരുടേയും പരിചരണത്തിനു ശേഷം വീട്ടിലേക്കു വന്നു.
ഗീതയേയും, കുഞ്ഞുങ്ങളേയും അവളുടെ വീട്ടുകാർ അവരുടെ വീട്ടിലേക്ക് കൊണ്ടുപോയെങ്കിലും, വാസുദേവനും, ജാനകിയമ്മയും എല്ലാ ദിവസവും അവിടെച്ചെന്ന് അവരുടെ കാര്യം അന്വേഷിക്കുകയും, അവരെ പരിചരിക്കുകയും ചെയ്തു.
രണ്ടാഴ്ച കഴിഞ്ഞപ്പോഴാണവരുടെ ശ്രദ്ധയിൽ ആ കാര്യം പെട്ടത്. പെൺകുഞ്ഞിന് അത്ര ഉഷാറില്ല. കണ്ണടയ്ക്കാനും തുറക്കാനുമൊരു പ്രയാസം. രാത്രി നിർത്താതെ കരച്ചിലും .
ഉടനെയവർ ഡോക്ടറുടെയടുത്തെത്തി. പരിശോധനയ്ക്കു ശേഷം ഡോക്ടർ പറഞ്ഞ മറുപടി ആ കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചു.
തങ്ങളുടെ തങ്കക്കുടങ്ങൾക്കവർ മധുരിമ , മാധവ് എന്നു നാമ: കരണം ചെയ്തിരുന്നു. മധുരിമയുടെ കണ്ണുകൾക്ക് ചെറിയ പ്രയാസമുണ്ട്. മാസം തികയാതെയുള്ള പ്രസവമായതിനാൽ ഇൻക്യൂബേറ്ററിൽ വെച്ചപ്പോൾ ഉണ്ടായ അമിതമായ ചൂടാണ് അതിനു കാരണമെന്നും പറഞ്ഞു.


കണ്ണിലെണ്ണയൊഴിച്ച് രണ്ട് കുടുംബവും ആ അരുമസന്താനങ്ങളെ വേണ്ടവണ്ണം ശ്രദ്ധയോടെ വളർത്തി. യഥാവസരം വിദഗ്ദ്ധ ചികിത്സയും നൽകി.
പക്ഷേ അതിസുന്ദരിയായി വളർന്നുവരുന്ന മകൾക്ക് നല്ല ബുദ്ധിയും. സംസാരശേഷിയുമെല്ലാമുണ്ട്. നിർഭാഗ്യവശാൽ ആ കൺപോളകൾ പൂർണ്ണമായും തുറക്കാൻ പറ്റുന്നില്ല, കാഴ്ച യും കിട്ടുന്നില്ല.
മാധവിന് ഒരു കുഴപ്പവുമില്ല. മക്കളുടെ കുസൃതികളും . കൊഞ്ചലും കാണുമ്പോൾ കുടുംബം സന്തോഷിക്കുന്നതിനോടൊപ്പം മോളുടെ കണ്ണുകൾക്ക് കാഴ്ച കിട്ടാത്തത് അവരെ ദു:ഖത്തിലാഴ്ത്തി . കാലഗതിക്കനുസരിച്ച് മാധവനും , മധുരിമയും വളർന്ന് കൗമാരത്തിലെത്തി. നല്ല ആരോഗ്യവും, സൗന്ദര്യവും, ബുദ്ധിയുമുള്ള മക്കൾ. മധുരിമയ്ക്ക് ഈശ്വരൻ അവളുടെ കാഴ്ചക്കുറവ് പരിഹരിച്ചു കൊടുത്തില്ലെങ്കിലും ശബ്ദ സൗകുമാര്യം നൽകി അനുഗ്രഹിച്ചിരിക്കുന്നു.


ശ്രവണമാത്രയിൽ ഏത് രാഗവും ശ്രുതിശുദ്ധമായി താളലയത്തോടെ ആലപിക്കാനുള്ള അവളുടെ കഴിവ് അപാരമാണ്. ഗുരുനാഥന്മാർ അവളെ നമിച്ചു കൊണ്ടാണ് സംഗീതമഭ്യസിപ്പിച്ചിരുന്നത്.
പഠനത്തിലുമവൾ പിന്നിലല്ല . കൂടപ്പിറപ്പായ മാധവൻ എപ്പോഴുമവൾക്കൊപ്പം നിന്നുകൊണ്ട് സഹായിയാകും. മാതാപിതാക്കളും അങ്ങനെ തന്നെ.
മികച്ച ഗായകർ പങ്കെടുക്കുന്ന സംഗീത സദസ്സുകളിലും, പല വേദികളിലും . മധുരിമ തന്റെ പ്രാവീണ്യം തെളിയിച്ചു സമ്മാനങ്ങൾ വാരിക്കൂട്ടി.
കേരളത്തിനകത്തും പുറത്തുള്ള പല വേദികളിലും തന്റെ ആലാപനമാധുര്യം കൊണ്ട് കാണികളുടെ ഹൃദയം കവർന്നു.


ഇപ്പോഴിതാ അവളെ തേടിയെത്തിയിരിക്കുന്നു മികച്ച ഗായികയ്ക്കുള്ള പുരസ്ക്കാരം. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സിനിമയിൽ ആലപിച്ച ഒരു കൃഷ്ണ ഭക്തിഗാനത്തിനായിരുന്നു. ഭക്തി നിർഭരമായ ഗാനം കേൾക്കുമ്പോൾ ആ മാധുരിയിൽ മതിമറന്നു പോകും. അത്രയ്ക്ക് ഭക്തിരസപ്രദമായ ഈണമാണ്.
മധുരിമയെത്തേടി ലോകത്തിന്റെ നാനാഭാഗത്തു നിന്നും സുവർണ്ണാവസരങ്ങൾ തേടി വന്നുകൊണ്ടിരുന്നു. വിദേശങ്ങളിൽ അവളുടെ സംഗീത പരിപാടികൾക്ക് തിരക്ക് വർദ്ധിച്ചു കൊണ്ടിരുന്നപ്പോൾ തന്റെ ചെറിയ ജോലി ഉപേക്ഷിച്ചു ഗീതസദാസമയവും മകൾക്കുവേണ്ടി ഉഴിഞ്ഞു വെച്ചു.
അമ്പലത്തറ ഗ്രാമത്തിന്റെ പൊന്നോമനയായ മധുരിമ കേരളത്തിലെ പതിനാല് ജില്ലകളിൽ നിന്നും പങ്കെടുത്ത ഭിന്നശേഷി ക്കാരുടെ സംഗീതാലാപന മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതിന്റെ ആഹ്ലാദത്തിമർപ്പിലാണ് ഇന്ന് അമ്പലത്തറ ഗ്രാമം. ഇന്നവിടെ ഉത്സവപ്രതീതിയാണ്. ആബാലവൃദ്ധം ജനങ്ങളും തങ്ങളുടെ പൊന്നോമനയായ മധുരിമയെ അഭിനന്ദിക്കുന്നതിനും ആശീർവദിക്കുന്നതിനുമായി നാദസ്വരം ഓഡിറ്റോറിയത്തിൽ അക്ഷമരായി ആഹ്ലാദചിത്തരായി കാത്തിരിക്കുകയാണ്.


അല്പസമയത്തിനു ശേഷം പഞ്ചവാദ്യങ്ങളുടേയും താലപ്പൊലിയുടേയും അകമ്പടിയോടെ സാക്ഷാൽ സരസ്വതി ദേവിയെപ്പോലെ അവരുടെ അരുമയായ മധുരിമ ഹർഷാരവം മുഴക്കുന്ന വേദിയിലൂടെ വിശിഷ്ട വ്യക്തിത്വങ്ങൾ ആസന്നരായിരിക്കുന്ന വേദിയിലേക്കു പതുക്കെ കയറിച്ചെന്നു.
തൊഴുകൈകളോടെ, നിറപുഞ്ചിരിയോടെ തന്റെ ആരാധക വൃന്ദത്തെ വന്ദിച്ചു.
ഉദ്ഘാടനത്തിനും അദ്ധ്യക്ഷ പ്രസംഗത്തിനും ശേഷം പ്രശസ്ത സംഗീതജ്ഞനും ഗുരുവുമായ ശ്രീ സുബ്രഹ്മണ്യ ഭാഗവതർ മധുരിമയെ പൊന്നാടയണിച്ചു. മികച്ച ഗായികയ്ക്കുള്ള പുരസ്ക്കാരവും ക്യാഷ് അവാർഡും നൽകിയത് സിനിമാ പിന്നണി ഗായകനായ ശ്രീ രവീന്ദ്രനായിരുന്നു.


സദസ്സിന്റെ അഭ്യർത്ഥന മാനിച്ച് മധുരിമ ഭക്തിനിർഭരമായ കൃഷ്ണഭക്തി ഗാനമാലപിച്ചതോടെ സന്തോഷം കൊണ്ടും സന്താപം കൊണ്ടു എല്ലാവരുടേയും കണ്ണു നിറഞ്ഞു ഹൃദയഹാരിയായ ആ സംഗീതമാസ്വദിക്കുമ്പോഴും പ്രിയ മകളുടെ കണ്ണുകളിൽ പ്രകാശം പരക്കണേയെന്നവർ മനമുരുകി പ്രാർത്ഥിച്ചു.

ഒ.കെ.ശൈലജ ടീച്ചർ

By ivayana