രചന : കെ.ആർ.സുരേന്ദ്രൻ✍
മലവെള്ളപ്പാച്ചിൽ
പോലെയാണവരെത്തിയത്.
ബീബിയുടെ ശ്രദ്ധയൊന്ന്
പാളിയതേയുള്ളു
അവർ ബീബിയുടെ മക്കളെ
കൊത്തി നുറുക്കി
ചോരക്കളമാക്കി
വിജയഭേരി മുഴക്കി
തിരിച്ചു പോയി.
നെഞ്ചിടിഞ്ഞ, മനമിടിഞ്ഞ
ബീബിയുടെ സിരകളിൽ
ചോര തിളച്ചു.
കൊല്ലിച്ചവർ
സുരക്ഷാ താവളങ്ങളിൽ
ഹൂറിമാരുടെ നടുവിൽ
ആനന്ദനൃത്തമാടി,
മുന്തിരിച്ചാർ മോന്തി
ഉന്മത്തരായി.
ബീബിക്ക് അവർ അപ്രാപ്യർ.
അദൃശ്യർ.
ബീബിയുടെ പക കരവഴിയും, കടൽ വഴിയും
വ്യോമമാർഗ്ഗവും തോക്കുകളായി,
മിസ്സൈലുകളായി,
തീബോംബുകളായി
ശത്രുവിന്റെ ഭവനങ്ങളിൽ,
കൂടാരങ്ങളിൽ
തീയായി പെയ്തിറങ്ങി.
ബീബിയുടെ പകയിൽ
ഗാസയുടെ
സന്തതികൾ ചാരമായി,
ചാരക്കൂനകളായി മാറി.
ബീബി ഇപ്പോഴും കൊല്ലുന്നു,
കൊന്നുകൊണ്ടേയിരിക്കുന്നു,
ശത്രുവിന്റെ സന്തതികളുടെ
അവസാനത്തെ പുകയും
അണയുന്നതുവരെ
താണ്ഡവമാടുമെന്ന്
പ്രതിജ്ഞ ചെയ്യുന്നു.
കൊല്ലിച്ചവർ
ഇന്നും ആഘോഷിത്തിമിർപ്പിലാണ്.
എന്നും നഷ്ടങ്ങളുടെ ഇരകൾ
നിരപരാധികൾ, നിരാരാധകർ,
നിഷ്ക്കളങ്കർ മാത്രം.
അല്ലെങ്കിൽ തെറ്റും ശരിയും
തിരിച്ചറിയാനാവാത്ത
പിഞ്ചു കുഞ്ഞുങ്ങൾ
എന്തു പിഴച്ചു?
മുജ്ജന്മ പാപമോ?