സമയം രാവിലെ അഞ്ചു മണി
തണുപ്പ് കോറിയ കാറ്റ്.
എൻ്റെ രണ്ടു ചിറകുകളും മുറിച്ച രൂപത്തിൽ
നാൽക്കവലയിൽ
ഉപേക്ഷിച്ച നിമിഷം .
അവരെൻ്റെ സമീപം വന്ന്
എന്നെ അറിഞ്ഞ നേരത്താണ്
അവരും ഈ ഭൂമിയിലിയാണെന്ന
തിരിച്ചറിവുണ്ടായത്.
സമയം ഏഴു മണി.
സൂര്യൻ എൻ്റെ മേൽ
പ്രഭ വീണ്ടെടുത്തിരിക്കുന്നു.
ആളുകൾ ചുറ്റും കൂടുന്നുണ്ട്.
പിരിയുമ്പോൾ അവർ പറഞ്ഞു
നക്ഷത്രങ്ങളുടെ ലോകത്ത് നമുക്ക്
വീണ്ടും കാണാം.
സമയം പത്തു മണി
വെയിൽ വരണ്ടു തുടങ്ങി
എൻ്റെ നക്ഷത്ര കണ്ണുകളുടെ നിശ്ചലതയെക്കുറിച്ച് അവർ പുലമ്പി.
ചുഴികൾ തോറ്റു പോകും….
എത്ര കാഴ്ചകൾ കണ്ടതാണ്….
തീ വീണ് കറുത്തു പോയി…..
നീരൊഴുകി ചാലുകൾ വീണിരിക്കുന്നു…..
സമയം പകൽ ഒന്ന്
വെയിൽ ,വീടുകളുടെ മുകളിൽ
പരന്നു കിടക്കുന്നു.
പച്ചമരങ്ങൾ കത്തുന്നു.
സമയം തെറ്റായി തെളിയുന്നു
നീ വാതായനങ്ങൾ തുറന്നു
പുറത്തു വരുക.
എനിക്ക് നിന്നെക്കുറിച്ച് പാടണമെന്നുണ്ട്.
സമയം തീ പിടിച്ചു ഒഴുകിയെത്തുന്നു.
തെറ്റു കാണിച്ചാലും സമയത്തിന്
ഒഴുകി നീങ്ങാതെ വയ്യ,
ചിറകുകൾ വേണമെന്നില്ല.
ഇനി നീ രാത്രി നക്ഷത്രക്കൂട്ടങ്ങളിൽ
എന്നെ തിരയുക.

ശ്രീ കുമാർ എം ബി

By ivayana