രചന : രാജു കാഞ്ഞിരങ്ങാട്✍
മഞ്ഞവെയിലെന്നെ നോക്കി
ചിരിക്കുന്നു
ചാഞ്ഞും ചരിഞ്ഞും പിന്നെ ചേർ-
ത്തു പിടിക്കുന്നു
സന്ധ്യയിലേക്കു നീയെന്ന് പറയാതെ
പറയുന്നു
മണ്ണിൽ ചവുട്ടി ഞാൻ സൂക്ഷ്മം നട-
ക്കുന്നു
തൈമാവിലയെന്നെ മാടിവിളിക്കുന്നു
കാവിൽ നിന്നൊരു കുയിൽ മൂളി വിളി –
ക്കുന്നു
കാടൊരു കവിതയായെന്നിൽ ചേക്കേ –
റുന്നു
ഉള്ളിൻ്റെയുള്ളിലൊരു പെരിയാറ് –
പിറക്കുന്നു
പകൽ ചാഞ്ഞ പുഴക്കരയിൽ
ഒറ്റയ്ക്കൊരു കിളിക്കുഞ്ഞ്
ഗ്രാമഗേഹങ്ങൾ നോക്കി വടക്കോട്ടു –
പറക്കുന്നു
ഏകനല്ലിന്നു ഞാൻ
മൂകമല്ലീ ലോകം
ചുറ്റിലും കാണുന്നൊരീ പച്ചപ്പ് –
മനോഹരം
ഞെട്ടറ്റു വീഴും പൂവും
കർമ്മങ്ങൾ പൂർത്തിയാക്കി
മർമ്മമറിയും കാലം
യാത്രയാക്കിയതല്ലേ