ഇന്ത്യയുടെ ചരിത്രം പിന്നോട്ടോടിച്ചു നോക്കിയാൽ, പടയോട്ടങ്ങളുടെ, കീഴടക്കലുകളുടെ, പ്രത്യാക്രമണങ്ങളുടെ കഥകളും ,
രാജ്യം ഭരിച്ചവരുടെ അപദാനങ്ങളും, ന്യൂനതകളും കൊണ്ട് നിറഞ്ഞിരിക്കുന്നത് കാണാം.
അങ്ങനെ നിരവധി വിദേശീയവും , സ്വദേശീയവുമായ ഭരണങ്ങളുടെ സംഭാവനകളാണ്, ഇന്ത്യയിൽ കാണുന്നതെല്ലാം.
സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള
800 ഓളം വർഷങ്ങളിൽ, അന്നത്തെ ഭരണാധികാരികൾ കെട്ടിപ്പൊക്കിയതെല്ലാം ഇടിച്ചു നിരത്താൻ തുടങ്ങിയാൽ നാടിൻ്റെ ഗതി എന്താകും?
ഇരുപതാം നൂറ്റാണ്ടിൽ സ്വാതന്ത്ര്യം ലഭിച്ച രാജ്യങ്ങളിൽ പൊതുവെ, ഭൂതകാലവുമായി അനുരഞ്ജനത്തിൻ്റെ പാതയാണ് സ്വീകരിക്കപ്പെട്ടത്.
അതിന് പ്രേരകമായത് നെഹൃുവിൻ്റെ
നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന സ്വാതന്ത്ര്യാനന്തര രാഷ്ട്രനിർമ്മാണ ശൈലിയായിരുന്നു.
ഗാന്ധിവധത്തിനു ശേഷം രംഗത്തു നിന്ന് നിഷ്ക്രമിച്ച ഹിന്ദു വർഗ്ഗീയ ഫാസിസ്റ്റുകൾ നിശബ്ദരായിരുന്നു.
അക്കാലം കൊണ്ട് മതസഹിഷ്ണുത,
ജനാധിപത്യം, ശാസ്ത്രാവബോധം മുതലായ ആധുനികകാല തത്വസംഹിതകളുടെ ലോക മാതൃകയായി മാറി ഇന്ത്യ.
അക്കാലമെല്ലാം മാറി, ഇന്നിതാ ഇന്ത്യ,താലിബാൻ സംസ്കാരത്തിലേക്ക്
തിരിച്ചു പോയിരിക്കുന്നു.
ദൈവവും, കെട്ടുകഥകളും കൊണ്ട് വികൃതമായ ആദിമ പ്രകൃത സംസ്കാരത്തിലേക്ക് ജനതയെ തിരിച്ചു നടത്തിക്കുന്നു.
5000 കൊല്ലങ്ങൾക്കു മുമ്പുണ്ടായിരുന്ന സിന്ധുനദീതട സംസ്കാരത്തിനും അപ്പുറത്തേക്ക് !
ഈ അഭ്യാസങ്ങളെല്ലാം എന്തിനാണ്?
ഇന്ത്യയിലെ ബഹുഭൂരിപക്ഷമായ ഹിന്ദുക്കളുടെ ഇടയിലില്ലാത്ത അപരമതവിദ്വേഷം ആളിക്കത്തിച്ച്, മനുഷ്യക്കുരുതി നടത്തി, എക്കാലവും രാജ്യം ഭരിക്കാമെന്നുള്ള വ്യാമോഹം നടപ്പിലാക്കുന്നതിനാണ്.
താലിബാൻ ഈ നൂറ്റാണ്ടിൽ അധികാരം പിടിച്ചെടുത്തപ്പോൾ, സമാധാനത്തിൻ്റെ മതമായ ബുദ്ധൻ്റെ ചരിത്ര പ്രസിദ്ധമായ വിഗ്രഹങ്ങൾ തച്ചുടച്ചത് , നാം അഫ്ഘാനിസ്ഥാനിൽ കണ്ടതല്ലെ?
അതിനു സമാനമായ കൃത്യമല്ലെ ഇവിടെയും നടക്കുന്നത്.
ബാബ്റി പള്ളി തകർത്ത് രാമക്ഷേത്രം പണിയുന്നു.
സ്വന്തം ഭാര്യയോടും, മക്കളോടും നീതി പുലർത്താതെ, അവരെ ക്രൂരമായി പീഡിപ്പിച്ച്, സഹനത്തിൻ്റെ പര്യായമായ സീതയെന്ന രാജകുമാരിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ട്,
സ്വയം സരയു നദിയിൽ ചാടി അവസാനിപ്പിച്ച ഒരു രാജാവിനെ ദൈവാതരമായി കാണുന്നതു പോലും വിവേകശൂന്യമല്ലെ?
അങ്ങനെയുള്ള ഒരു രാമനു വേണ്ടി, ആധുനികഭാരതത്തിൻ്റെ ലോകം അംഗീകരിച്ച സൽപ്പേരിൻ്റെ പ്രാണൻ കെടുത്തുന്നതു യുക്തിക്ക് യോജിച്ചതോ?
താമസിയാതെ യാദവ വംശത്തിൻ്റെ നാശത്തിനു കാരണക്കാരനായ കൃഷ്ണനു വേണ്ടി ദ്വാരകയും അരമുറുക്കിക്കൊണ്ടിരിക്കുകയല്ലെ?
ക്ഷേത്രങ്ങൾക്കു പകരം 50 % വരുന്ന ദരിദ്ര ജനകോടികൾക്ക് അന്നവും, വസ്ത്രവും, പാർപ്പിടവും, മരുന്നും കിട്ടാനുള്ള എന്തെങ്കിലും പ്രാണപ്രതിഷ്ഠകൾ നടത്തിയിരുന്നെങ്കിൽ !
…….

രാജശേഖരൻ ഗോപാലകൃഷ്ണൻ

By ivayana