കാറ്റത്തുംമഴയത്തും ലല്ലലം പാടി
കാറ്റിലൂയാലാടിനടന്ന രാവുകളിൽ
കാറ്റിലുലഞ്ഞ പാലപ്പൂവിൻ
സുഗന്ധവുംപേറി
കാണാക്കയങ്ങളിൽ നീരാടി
കരിനീലസുറുമയും തേടി
നടന്നോരാകാലം
കൺവെട്ടത്തിപ്പോഴുംമായാതെ
ആലോലമാടി നിൽപ്പുണ്ട്!
അരികിലൊരാളിന്റെ
സ്നിഗ്ധമാംനാണവും
അഞ്ജനകണ്ണിന്റെ കൗതുകമാം
ഇടതുടർച്ചയുടെ നോട്ടവും
ആരോമലാകുമെൻ കൂട്ടിന്റെ
ശാന്തഗംഭീരമൗനവും
അകതാരിലിപ്പോഴും ഓർമ്മയിൽ
ഒളിമങ്ങാതെ കിടപ്പുണ്ട്!
ഒരുനറുചിരിയിൽ കാലമൊരുക്കും
നൈർമ്മല്യത്തിൻചന്തമോടെ
നൽകി അവളെനിക്കായ്
ജീവിതത്തിൻ നെയ്യിൻനറുമണം
പ്രതീക്ഷതൻ നന്മയാം പൊൻകിരണവും
കാലത്തിൻ കെസ്സുപാട്ടും!
അക്കരെയിക്കരെയ്ക്കരെ
പോയൊരുകാലം,ജീവിതത്തിൻ
നെയ്ത്തോണികാറ്റിലൂയലാടി
മുങ്ങിപ്പോയൊരുനേരം
ഇടനെഞ്ചിലെവിടെയോ
ഉടക്കിയ ആ നറുച്ചിരിതേടി
ഞാനലഞ്ഞു
ചെഞ്ചായം നിറഞ്ഞസയന്തനത്തിലും
നിലാവുനിറഞ്ഞ പാൽക്കടലിലും!

By ivayana