രചന : മഠത്തിൽ രാജേന്ദ്രൻ നായർ ✍
ഇതിന്നുമുന്നേ ആധുനികകവിതയെപ്പറ്റി ഒരു നർമ്മഭാവന എഴുതിയിരുന്നു. അത് വായിച്ച ചിലർ പഴയസങ്കേതങ്ങളെക്കുറിച്ചും എഴുതിക്കൂടെ എന്ന് ചോദിക്കുകയുണ്ടായി. അതാണ് ഇതെഴുതാൻ കാരണം. വൃത്തപ്രതിബദ്ധരായുള്ള എൻറെ അനേകം സുഹൃത്തുക്കൾ ക്ഷമിക്കണം.
വൃത്തപ്രതിബദ്ധതക്ക് വിശ്വവിഖ്യാതനായി, വൃത്തനെന്നുപരക്കെഅറിയപ്പെടുന്ന, വൃത്തം വട്ടമായതിനാൽ ശത്രുക്കളാൽ വട്ടനെന്നും വിളിക്കപ്പെടുന്ന, വില്വമംഗലംമനയ്ക്കൽ വിഷ്ണുദേവൻ നമ്പൂതിരിപ്പാടിനെക്കാണാനായി കവിതയിൽ എപ്പോഴും വിപ്ലവം ആവശ്യമാണെന്ന് മുറവിളികൂട്ടി, ലോകസമാധാനംകെടുത്തിനടക്കുന്ന, ആധുനികകവിവര്യന്മാരായ അച്ചുമാഷും ശരത് വർമ്മയും മനയ്ക്കലെത്തുന്നു. ജൂബ്ബധാരികളായ ഇരുവരും അവരുടെ അന്തരംഗത്തെ കലുഷിതമാക്കുന്ന ഉൽപ്പതിഷ്ണുചിന്താഗതാഗതത്തെ പുറംലോകത്തിന്ന് മനസ്സിലാക്കിക്കൊടുക്കാനുതകുന്നരീതിയിൽ തേനീച്ചക്കൂടുപോലത്തെ കനത്തുകറുത്ത താടിവളർത്തിയിട്ടുണ്ട്. അതും തടവി ആകാശംനോക്കിയാണ് അവരുടെ മനയ്ക്കൽപ്രവേശം.
മനയ്ക്കൽകാര്യസ്ഥനാൽസ്വീകരിക്കപ്പെട്ട്, മനയുടെ കിഴക്കേപ്പുറത്തെ തിട്ടിന്മേൽ ആസനസ്ഥരാക്കപ്പെട്ട രണ്ടുപേരും ചുറ്റുപാടുമുള്ള സ്ഥിതിഗതികൾ വീക്ഷിച്ചു. തികച്ചും പുരാതനമായ അന്തരീക്ഷംതന്നെ. പരിഷ്കാരം പരാക്രമംകാട്ടി ചുറ്റുവട്ടത്തുള്ള നാട്ടിനെയാകെ ഇളക്കിമറിച്ചുനാശാക്കിയ ഇന്നത്തെ സാഹചര്യത്തിലും ഈ മനയെങ്ങിനെ കാലത്തെ അതിജീവിച്ച് പഴയപടിതുടരുന്നുവെന്ന് രണ്ടുപേരും അതിശയിച്ചു.
അപ്പോഴാണ് അകത്തുനിന്നും വൃത്തൻ വിഷ്ണുദേവൻറെ മുറുക്കിച്ചവച്ചുകൊണ്ടുള്ള തിരപ്പുറപ്പാട് നടന്നത്. ബഹുമാനസൂചകമായി എഴുന്നേറ്റുനിൽക്കാൻ മൂടുപൊക്കുന്ന അച്ചുശരതന്മാരെ നോക്കി നമ്പൂതിരിപ്പാട് വെറ്റിലച്ചാറ് സ്പ്രേചീറ്റി മൊഴിഞ്ഞു:
‘ഇരിക്യാ, ഇരിക്യാ. എന്താ വരാൻവൈകേന്ന് നിരീക്ക്യായിരുന്നു നോം. എന്തായാലും സന്തോഷം. വഴീല് പ്രശ്നോന്നും ണ്ടായില്ലല്ലോ?’
‘ഏയ്, ഒരു പ്രശ്നോം ണ്ടായില്ല. നല്ല നാടും പ്രദേശോം നാട്ടുകാരുംതന്നെ’ – അച്ചുമാഷാണത് പറഞ്ഞത്.
‘കുടിക്കാനെന്തെങ്കിലും എടുക്കാം ല്ലെ?’
ആരും വേണ്ടാന്ന് പറയാത്തതിനാൽ, വൃത്തൻ മനയ്ക്കുള്ളിലോട്ടുനോക്കി നീട്ടിവിളിച്ചു: ‘കുട്ടാ…’
നെറ്റിയിലാകെ ചന്ദനംപൂശിയ, വെളുത്തുമിടുക്കനായ, പതിന്നേഴുപതിനെട്ടു വയസ്സുതോന്നിക്കുന്ന ഒരു കുണ്ടൻ പുറത്തേക്ക് ചാടിയോടിവന്ന് വൃത്തൻറെമുന്നിൽ നിൽപ്പായി.
‘വിരുന്നുകാരുണ്ട് കുട്ടാ. കണ്ടില്ലേ? വേഗം നേന്ത്രപ്പഴം പുഴുങ്ങ്യേതും കാപ്പീം എടുക്ക്വാ രണ്ടുപേർക്കും.’
കുണ്ടൻ വന്നമാതിരി ചാടിയോടി മനയ്ക്കുള്ളിൽ അപ്രത്യക്ഷനായി, പത്തുമിനിറ്റിന്നകം പറഞ്ഞവിഭവങ്ങളും തട്ടിലേന്തി വീണ്ടും അവതരിച്ചു.
സൽക്കാരകുതുകിയായ വൃത്തൻ വിരുന്നകാരെ ക്ഷണിച്ചു: ‘ആദ്യം കഴിക്ക്യാ. ന്നിട്ടാവാം ബാക്കി കാര്യങ്ങള്.’
പഴം വിഴുങ്ങതിന്നിടയിൽ കൊഴകൊഴാന്ന് ശരതനൊരു സംശയം ഉന്നയിച്ചു:
‘എതാ ഈ കുണ്ടൻ? നല്ല ഐശ്വര്യോള്ള മുഖം’
‘അയ്യേ, കുണ്ടനല്ലാട്ടോ മാഷെ. കുട്ടൻ, കുട്ടൻ. അതാണവന് ഞാനിട്ടപേര്. ആള് ബംഗാള്യാ. നൊമ്മടെ കൽക്കട്ടേല് ജനിച്ചവനാ’
‘അയ്യോ, അങ്ങനാണോ? കണ്ടാലാരും പറയില്ലാട്ടൊ. മനയ്കലെ കുട്ട്യാന്നെ ആരും കരുതൂ. സാമുദ്രികലക്ഷണങ്ങളെല്ലാം തികഞ്ഞ പയ്യൻ’ – അച്ചുമാഷ് സ്വന്തം അഭിപ്രായം അവതിരിപ്പിച്ചു. സാമുദ്രികം എന്താന്ന് ഒരും എത്തുംപിടിയുമില്ലാഞ്ഞിട്ടുകൂടി. ആ വാക്കിൻറെ അർത്ഥം വീട്ടിൽതിരിച്ചെത്തിയശേഷം ശബ്ദതാരാവലിതുറന്ന് പരിശോധിക്കണമെന്ന് മനസ്സിൽ ഒരുകുറിപ്പും എഴുയിയിട്ടു.
‘ഹ, ഹ’ – വൃത്തൻ ഉച്ചത്തിൽചിരിച്ചു.
‘അതൊരു വലിയ കഥയാണ്. പാലക്കാട് ബസ്സ്റ്റാൻറിലാണ് കുട്ടനെ ആദ്യായി കാണണത്. അവൻറെ മുഖം കണ്ടപ്പഴേ എനിക്ക് മനസ്സിലൊരു കോളിളക്കോണ്ടായീന്നു കൂട്ടിക്കോളൂ. ഇതേതാ ഈ മുഖം? ഇതേതാ ഈ മുഖം? കുറച്ചുനേരോടുത്തു ഓർമ്മതെളിയാൻ. നൊമ്മടെ കൊടുങ്ങല്ലുര് കെഴക്കേമനക്കിലെ ഉണ്ണിക്കുട്ടൻനമ്പൂതിരിയെ ഓർക്കണുണ്ടാവ്വോ ആവോ?’
‘പിന്നില്ല്യണ്ട്. നമ്മടെ വെണ്മണി രണ്ടാമനല്ലെ. ശൃംഗാരകവിതാസവ്യസാചി. മഹാകവിത്രയം എന്ന ആശയം വെറുംപൊള്ളയാണെന്നും, മഹാകവികളായി മലയാണ്മക്ക് വെണ്മണിക്കവികൾ മാത്രമേ എന്നും ഉണ്ടായിരുന്നിട്ടുള്ളു എന്നും വീറോടെ വാദിച്ച വീരനല്ലെ അദ്ദേഹം? – അച്ചുമാഷ് ഓർമ്മിച്ചു.
‘കറക്റ്റ്. ഞാനും ആ അഭിപ്രായക്കാരനാണ് ട്ടോ. പുറത്തുപറയാൻ പറ്റാത്തക്കാരണം സത്യം ഉള്ളിൽ ഒളിച്ചുവെച്ചുനടക്ക്വാ. വെണ്മണികളന്നെ സാക്ഷാൽ മഹാകവികള്’ – വൃത്തൻ കുമ്പസാരിച്ചു. പിന്നെ, കുട്ടനെവിളിച്ച് അകത്തെച്ചുമരിൽ തൂക്കിയിട്ടിരിക്കുന്ന ഏതോ ഒരു ഫോട്ടോ എടുത്തുകൊണ്ടുവരുവാൻ ആജ്ഞാപിച്ചു.
നിമിഷങ്ങൾക്കകം ഫാലവിസ്തൃതിയിൽ ചന്ദന-കുങ്കുമക്കുറി തിളങ്ങുന്ന ഒരു വലിയ ഫോട്ടോ എത്തി. സാക്ഷാൽ രണ്ടാം വെണ്മണിയുടെ. അതുകണ്ട് അച്ചുശരതന്മാർ അമ്പരന്നു. കുണ്ടൻചെക്കൻ ഉണ്ണിക്കുട്ടൻനമ്പൂതിരിയുടെ ഫാക്സിമിലി തന്നെ!
‘ഇതെപ്പടി’ – രണ്ടുപേരും പരസ്പരം ആശ്ചര്യത്തിൽ കൺകോർത്തു.
വൃത്തൻ കുട്ടനോട്: ‘കുട്ടനകത്തേക്കുപോകൂ. ആവശ്യമുണ്ടെങ്കിൽ ഞാൻ വിളിക്കാം’
കുട്ടൻ മനക്കുള്ളിൽ പോയെന്ന് ഉറപ്പുവരുത്തിയ ശേഷം വൃത്തൻ അതിഥികളെനോക്കി അടക്കിയസ്വരത്തിൽ പറഞ്ഞു: ‘അതിശയം ആയീല്ലേ?
തലപൊകഞ്ഞാലോചിച്ചിട്ടും ഒരും എത്തുംപിടീം കിട്ടണില്ലേ. ഇങ്ങനേം ണ്ടോ ഒരു രൂപസാദൃശ്യം.’.
‘ഉണ്ണിക്കുട്ടൻതിരുമേനി കൽക്കട്ടേല് അഞ്ചാറുവർഷം ഉണ്ടായിരുന്നൂന്ന് കേട്ടിട്ടുണ്ട്. കയ്യിൽ നല്ലോണം കാശും മനസ്സിൽ അസാരം ശൃംഗാരവും ഉള്ള ഒരു മനുഷ്യസ്നേഹി ആയിരുന്നില്ലേ അദ്ദേഹം. സൌന്ദര്യാരാധകനായ അദ്ദേഹത്തെ ചില ദുർബലനിമിഷങ്ങൾ കീഴ്പ്പെടുത്തി എന്നായിക്കൂടെ തിരുമേനീ? ഞാൻ കുറച്ച് കടന്നുചിന്തിക്ക്യാണ് ട്ടോ’ – ശരതനാണതുപറഞ്ഞത്.
‘ഏയ്, അത് ശരിയാവില്ലല്ലോ. ഉണ്ണിക്കുട്ടൻനമ്പുതിരിയുടെ കൽക്കട്ടാജീവിതകാലഘട്ടം കണക്കിലെടുത്താൽ കുട്ടനിപ്പ അമ്പതറുപത് വയസ്സെങ്കിലും കാണണ്ടെ?’ – വൃത്തനൊരു സംശയം.
‘അതുശര്യാ. പക്ഷെ, കുട്ടൻ പേരനായിക്കൂടെ? രണ്ടാം കോപ്പീലാണ് ഈ ജനിതകങ്ങൾ അത്ഭുതങ്ങൾ കാണിക്ക്യാന്ന് കേട്ടിട്ടുണ്ട്. അമേരിക്കയിലെ മസ്സാച്ചുസെറ്റ്സ് സർവ്വകലാശാലയിലെ വൈദ്യശാസ്ത്രഗവേഷകനായ ഡോ. ഏണസ്റ്റോ ഫ്രാഡ്സ്റ്റ്രോ അതേപ്പറ്റി ഒരു വലിയ തെസിസ്സുതന്നെയെഴുതിയിട്ടുണ്ടത്രെ – അച്ചുമാഷ് രണ്ടാമതൊന്നുചിന്തിക്കുകകൂടിചെയ്യാതെ വായിൽവന്നതങ്ങുതട്ടിവിട്ടു.
അതാണളല്ലൊ അദ്ദേഹത്തിൻറെ സാധാരണ പതിവ്.
‘ശിവ, ശിവ! അതൊരു സാദ്ധ്യതേന്ന്യാട്ടോ. ഇപ്പെല്ലാം ക്ലിയറായിവരുണൂ ഈശ്വരാ’ – വൃത്തൻ വാപൊളിച്ചിരുന്നു.
അച്ചുമാഷ് കൂട്ടിച്ചേർത്തു: ‘കൽകട്ടേൽപോണ മലയാളി എഴുത്തുകാരെല്ലാം സോനാഗാച്ചിയിൽ പോകാറുണ്ടത്രെ. ജീവിതത്തിൻറെ നഗ്നയാഥാർത്ഥ്യങ്ങൾ കണ്ടുപഠിച്ച് അവയെ സ്വന്തം കൃതികളിൽ ഉൾക്കൊള്ളിക്കാൻ.’
‘എന്താ ഈ സോനാഗാച്ചി?’ കാച്ച്യേത് വല്ലതും വിക്കണസ്ഥലാണോ? – വൃത്തന് സംശയം.
‘അത് വലിയൊരു ചുവന്നതെരുവാണ് കൽക്കട്ടേലെ’ – ശരതൻ വിശദീകരിച്ചു.
അച്ചുമാഷ് സ്വന്തം ഓർമ്മകളിലൂളിയിട്ട് പുളകിതഗാത്രനായി. ഏതാനും വർഷങ്ങൾക്കുമുമ്പ് ബോംബെ മഹാനഗരം സന്ദർശിച്ചപ്പോൾ, അവിടത്തെ മലയാളിസംഘടനകളുടെ ചിലവിൽ താനും ടാക്സിയേറി ഫോറാസ് റോഡ്, കാമാത്തിപ്പുര, ഖേത് വാഡി എന്നീ ചൊകചൊകപ്പൻ മേഖലകളിൽ തലങ്ങുംവിലങ്ങും തിരിഞ്ഞതും, നാട്ടിൽതിരിച്ചെത്തി ‘ബോംബെ – ഒരു ചെമ്പൻ വിഷാദം’ എന്ന മനുഷ്യഗന്ധിയായ ഉത്തരാധുനികഖണ്ഡകാവ്യമെഴുതി സാഹിത്യപരിഷത്തിൻറെ പുരസ്കാരം പിറകുവശത്തെ വാതിലിലൂടെ ചുളുവിൽ തട്ടിയെടുത്തതും അദ്ദേഹം ഓർമ്മിച്ചു.
ചുവന്നതെരുവുകൾ നീണാൽവാഴട്ടെ. അവിടെയെത്തി, ജീവിതത്തിലെ പൊള്ളുന്ന നഗ്നസത്യങ്ങൾ നേരിൽക്കണ്ട്, കദനകവനങ്ങൾരചിച്ച് മലയാണ്മയെ വിശ്വസാഹിത്യനഭസ്സിലെ ഒരിക്കലുമണയാത്ത അത്യുജ്ജലനക്ഷത്രമാക്കിമാറ്റാൻ പുതിയ എഴുത്തുകാർക്ക് സാധിക്കട്ടെ, അതിന്നായി പുരോഗമനംമാത്രം മുന്നിൽക്കണ്ടുപ്രവർത്തിക്കുന്നു നമ്മുടെ നവോത്ഥാനസർക്കാറുകൾ സാമ്പത്തികസഹായംകൂടി ഉറപ്പുവരുത്തട്ടെ എന്നും അച്ചുമാഷ് ആശിച്ചു. ആ അഭിപ്രായം സംഭാഷണത്തിൽ തുറന്നടിക്കുകയും ചെയ്തു.
വൃത്തനും ശരതനും അത് ശരിവെച്ചു. വൃത്തന് ഒരേയൊരു വിയോജിപ്പേ ഉണ്ടായിരുന്നുള്ളു. ആരെന്തെഴുതിയാലും, തെരുവ് ചുവന്നതോ പച്ചയോ എന്തുമാകട്ടെ, എഴുത്തിൽ വൃത്തപ്രതിബദ്ധത ഒരുകാരണവശാലും ഒഴിവാക്കാനേ പാടില്ല.
വൃത്തങ്ങളെപ്പറ്റി അത്രക്കൊന്നും പറയാനില്ലാത്തതിനാലും അതേപ്പറ്റി അല്പജ്ഞാനിയായതിനാലും ശരതൻ സംഭാഷണത്തെ കുട്ടനിലേക്കുതന്നെ തിരിച്ചുവിട്ടു.
‘അല്ല ഈ കുണ്ടൻ, സോറി കുട്ടൻ, എന്തൊക്കെ സേവനങ്ങളാണാവോ മനയ്ക്കൽ ചെയ്യുന്നത്?’
‘അങ്ങനെ ചോദിക്കൂ മാഷെ. ഒരുപാടൊരുപാട് പറയാനുണ്ട്. ഇവടെ വരുന്നതിന്നുമുമ്പേത്തന്നെ, അവൻ മലയാളം സുമാറ് എഴുതാനും വായിക്കാനും പഠിച്ചിരുന്നു. എന്താ പറയ്യാ? മുജ്ജന്മവാസനയാവാം, അല്ലെങ്കിൽ, നമ്മടെ ഇപ്പഴത്തെ ഊഹംവച്ചുനോക്കുമ്പോൾ, ജനിതകങ്ങളുടെ കളിയുമാകാം മലയാളികളിൽപ്പോലും ദുർല്ലഭമായ അവൻറെ ഒരു മലയാളസ്നേഹം. എപ്പഴും എന്തെങ്കിലും മലയാളം വായിച്ചോണ്ടിരിക്കും ചെക്കൻ.’
‘നമുക്ക് കുറച്ച് വാതത്തിൻറെ അസ്കിതേണ്ടെ – വലത്തേത്തോളില്. ശരിക്കും പറഞ്ഞാൽ ഓസ്റ്റിയോ അർത്രൈറ്റിസ്. ദിവസം ഒരായിരം പ്രാവശ്യം എടുത്താൽപൊങ്ങാത്ത ശബ്ദതാരാവലീം മറ്റുനിഘണ്ടുക്കളും കുന്ത്രാണ്ടങ്ങളുമൊക്കെ പൊക്കിനോക്കേണ്ട കാര്യോല്ലെ ഈ വൃത്ത-പ്രാസപ്രതിബദ്ധതാന്നൊക്കെപ്പറഞ്ഞാൽ? കയ്യിലെ വാതോംവെച്ച് അതൊക്കെ സാധിക്ക്യോ’
‘എഴുതിക്കൊണ്ടിരിക്കുമ്പോൾ ഈ മുട്ടൻ പുസ്തകങ്ങളൊക്കെ ഷെൽഫിൽനിന്നെടുക്കാനും തിരിച്ചുവെക്കാനുമൊക്കെയാണ് ഞാൻ കുട്ടനെ
ആദ്യം ആശ്രയിച്ചത്. അത്ഭുതംന്നേ പറയണ്ടു – അവനെന്നെ ഒരുവർഷത്തിനകം കടത്തിവെട്ടീന്നെ. വൃത്തോം പ്രാസോം ഒക്കെ ഒപ്പിച്ച് നിമിഷകവനം തുടങ്ങി ചെക്കൻ. എന്താ പറയ്യാ!? എനിക്ക് നല്ല വിശ്രമോം ആയി. ഇനി സമാധാനത്തോടെ കണ്ണടാക്കാലോ. ഇല്ലത്ത് ഒരു ആൺതരിയില്ലാത്ത സങ്കടോം മാറിക്കിട്ടി. അതിപ്പൊ നമ്പുതിരിബീജംതന്നേന്ന് തെളിഞ്ഞുവരുമ്പോൾ സന്തോഷംകൊണ്ട് ഇരിക്കാൻ പറ്റണില്ല. ശിവ, ശിവ! എന്താ ഈശ്വരൻറെ ഒരു കളി! വൃത്തസംരക്ഷണം ഇനി കുട്ടൻ ഏറ്റെടുത്തുനടത്തിക്കോളും.
‘കുട്ടനെ വിളിക്കാം. വല്ല സംശോണ്ടെങ്കിൽ നേരിട്ടങ്ങട് ചോദിച്ചോളൂ’
‘കുട്ടാ..’ വൃത്തൻ നീട്ടിവിളിച്ചു.
‘എന്തോ?’ കുട്ടൻ നൊടിയിടയിൽ പ്രത്യക്ഷനായി.
‘കുട്ടൻ രചിച്ച കുറച്ചുശ്ലോകങ്ങൾ ഇവർക്കുകാട്ടിക്കൊടുക്കൂ’
അക്ഷരവടിവോടെ നല്ല വെള്ളക്കടലാസ്സിലെഴുതിയ ഒരു നൂറുശ്ലോകങ്ങൾ കുട്ടൻ സന്ദർശകർക്കുമുന്നിൽ നിരത്തി. ശാർദ്ദൂലവിക്രീഡിതം, വസന്തതിലകം, കേളീന്ദ്രവജ്ര, ഉപേന്ദ്രവജ്ര, ഉപജാതി, മന്ദാക്രാന്ത, മത്തേഭം – എന്നിങ്ങനെ എല്ലാം സംസ്കൃതവൃത്തങ്ങളിൽത്തന്നെ.
അവയിൽ കണ്ണോടിച്ച അച്ചുമാഷുക്ക് ഒരു സംശയം.
‘കുട്ടാ, ഈ ശ്ലോകങ്ങളിൽ മിക്കവയിലും ബത, ഖലു, കശ്ചിദ്, ക്വചിദ്, ഇഹ, ഹന്ത, അഥ എന്നിത്യാദി സംസ്കൃതപദങ്ങൾ സുലഭമായി കാണുന്നല്ലോ. എന്താ അതിൻറെ ഗുട്ടൻസ്? ഉദാഹരണത്തിന്, ദാ ഇവടെ ‘ലക്ഷ്മണനെയും ബത കൊണ്ടുപോകാം’ എന്നെഴുതിയിരിക്കുന്നല്ലോ. ബതക്ക് എന്താ അവിടെ അർത്ഥോം പ്രസക്തീം?’
വൃത്തനാണ് അതിന്ന് മറുപടിപറഞ്ഞത്.
‘മാഷെ, അതൊന്നും അത്ര കാര്യാക്കാനില്ല. ബത, ഖലു എന്നിവക്കൊക്കെ ശബ്ദതാരാവലി ഏകദേശാർത്ഥങ്ങൾ പറയുന്നുണ്ടേങ്കിലും, നമ്മളവയെ ആലങ്കാരികമായി സ്വീകരിച്ചാൽമതി. മരപ്പണിയിൽ ഗ്യാപ്പുകൾ വരുമ്പോൾ തച്ചൻ പൂളുവെച്ചടയ്ക്കുമ്പോലെ. പെരുന്തച്ചൻവരെ അത് ചെയ്തിട്ടുണ്ടത്രെ. അതോണ്ട് ഈ ഭാഷയിലുള്ള സംസ്കൃത പൂളുപ്രയോഗം കവികൾക്കും, എന്തിന് മഹാകവികൾക്കുംവരെ, ആവാന്നെ.’
‘കുട്ടൻ അതിന്നായി മലയാളകവിതയിൽ എളുപ്പം പ്രയോഗിക്കാവുന്ന സംസ്കൃതപൂളുവാക്കുകളുടെ ഒരു സമാഹാരംതന്നെ ഉണ്ടാക്കിക്കൊണ്ടിരിക്ക്യേല്ലെ ഇപ്പ. ഉടൻ അത് അറിവിലുള്ള എല്ലാ വൃത്തപ്രേമികൾക്കും ഞങ്ങളുടെ വൃത്തസൌഹൃദങ്ങൾക്കും അയച്ചുകൊടുക്കാൻ ഉദ്ദേശിക്കുന്നുണ്ട്.’
‘അങ്ങനെ, രണ്ടു ഗുരു ആവശ്യം വന്നാൽ നമുക്ക് ഹാഹാ എന്ന് ഫിറ്റുചെയ്യാലോ. രണ്ടു ലഘുവാണ് ആവശ്യമെങ്കിൽ നമ്മടെ ബതയും, ഖലുവും എടുത്തങ്ങ് ഗ്യാപ്പടക്കാം. പിന്നെ അവിടവിടെ കശ്ചിദ്, ക്വചിദ്, അത്ര, തത്ര, തദാപി, കദാപി, അത്രകുത്രാപി ഇത്യാദികളും, പിന്നെ സൌകര്യംപോലെ സംസ്കൃതവിഭക്തിപ്രത്യയങ്ങളും ആവോളം വെച്ചുകാച്ചാം. ഉദാഹരണത്തിന്ന് വീട്ടിൽ എന്നതിന്ന് ഗൃഹേ എന്നും, ജനങ്ങളിൽ എന്നതിന്ന് ജനേഷു എന്നും മറ്റും. വൃത്തം ശരിയാവണം. അതാണ് ഞങ്ങടെ പരമലക്ഷ്യം. തതം ജഗം ഗം, ജതം ജഗം ഗം, എങ്ങനെ?’ – വൃത്തൻ തിട്ടിൽ കൈകൊണ്ടാഞ്ഞുകൊട്ടി ഉപസംഹരിച്ചു.
‘അല്ല, ഈ ഹാഹായെപ്പറ്റിപ്പറഞ്ഞപ്പോൾ ആശാൻറെ ‘വീണപൂവിനെ’പ്പറ്റി ഓർത്തുപോയി. ‘ഹാഹാ രചിച്ചു ചെറുലൂതകളാശുനിൻറെ / ദേഹത്തിനേകി ചരമാവരണം ദൂകൂലം’. ആശുവിനെ നമുക്ക് വെറുതെവിടാം. അതിലെന്തിനാ ഈ ഹാഹാ പ്രയോഗം? രണ്ടുഗുരുവല്ലെ ആവശ്യമുണ്ടായിരുന്നുള്ളു. അതിന്ന് സിമ്പിളായിട്ട് ‘പൂവേ രചിച്ചു..’ എന്ന് തുടുങ്ങിയാൽപോരായിരുന്നോ? എന്തിനാ ഈ ഹാഹാ വിളി’ – ശരതന് സംശയം.
‘പോരല്ലോ മാഷെ. വൃത്തം കഴിഞ്ഞാൽ പിന്നെ പ്രാധാന്യം പ്രാസത്തിനാണ്. പൂവേന്നൊക്കെ അങ്ങടുവിളിച്ചാൽ ദ്വിതീയാക്ഷരപ്രാസം ഒത്തുവരില്ലല്ലോ.’
ശരതൻ മൊഴിഞ്ഞു: ‘ഇപ്പ പിടികിട്ടിവരുന്നു തിരുമേനീ. അതായത്: ‘ബത നീയിപ്പോളറിഞ്ഞിടേണം / കഥ ഞാൻ ചൊൽവതുകേട്ടുകൊൾക’ എന്നെഴുതിയാൽ ഛന്ദസ്സും പ്രാസവും ഒത്തുവരും അല്ലെ? ബത കൊണ്ടുള്ള പൂളുവെച്ചടക്കൽ പ്രയോഗവും നടന്നിരിക്കും. ബതക്കുപകരം സംസ്കൃതത്തിലെ ‘അഥ’യും വെച്ചുകാച്ചാലൊ. അപ്പ ആ വരിയിലെ ‘ഇപ്പോളിന്’ ഒരു ഡബ്ലിംഗ് ഇഫക്ടും ലഭിക്കോലോ!’
രോമാഞ്ചകഞ്ചുകമണിഞ്ഞ് വൃത്തൻ കയ്യടിച്ചു.
‘കലക്കി മാഷേ. മാഷുക്ക് നല്ല ഭാവിയുണ്ട്. ആധുനികവും, ഉത്തരവും, കഴിക്കോലുമെല്ലാം കുപ്പത്തൊട്ടിയിലെറിഞ്ഞ് വൃത്തസാഗരത്തിൽ ഊളിയിടൂ മാഷെ. അതാണ് മാഷുക്കുള്ള ദൈവനിശ്ചിതനിയോഗംന്ന് തോന്നണു നമുക്ക്.’
കുട്ടനെ നോക്കി ‘കുട്ടാ, വൃത്തമഞ്ജരിയുടെ ഒരു കോപ്പികൊടുക്കൂ മാഷുക്ക്’.
അപ്പോഴാണ് ചന്ദനക്കുറിയിട്ട് മൂല്ലപ്പൂച്ചൂടി ഒരു പാവാടൈദാവണി ആവഴികടന്ന് മനയ്ക്കുള്ളിൽ പ്രവേശിച്ചത്. അച്ചുശരതന്മാരുടെ ആർത്തിപൂണ്ട അക്ഷികൾ അവളിൽ കുടുങ്ങിനിൽക്കുന്നതുകണ്ടുപരിഭ്രമിച്ചവൃത്തൻ ധൃതിയിൽ തൊണ്ടയനക്കി ഒച്ചയുണ്ടാക്കി:
‘അയലത്തെ കുട്ടിയാ. ദേവയാനി. അവളെ മദനാർത്ത ദേവൂന്നാണ് ഞങ്ങള് വിളിക്കണത്. പുതിയവൃത്തങ്ങൾ രചിക്കയാണ് അവൾക്കിഷ്ടപ്പെട്ട ജോലി. ആഴ്ചയിൽ ഒന്നെങ്കിലും അവൾ ലക്ഷണസഹിതം രചിച്ചിരിക്കും. അവയ്ക്ക് പേരുകണ്ടുപിടിക്കലാണ് എനിക്കും കുട്ടനും ജോലി. ഉപായപ്പെട്ട പണിയൊന്നുമല്ല അത് ട്ടോ. നല്ലോണം ചിന്തിക്കണം. ഒരു ഉൾവിളിയായിട്ടാണ് പലപ്പോഴും മനസ്സിൽ വൃത്തങ്ങൾക്ക് പേരുകളുദിക്കുക. ഉദാഹരണത്തിന് ദേവൂൻറെ ഒടുവിൽ രചിച്ച വൃത്തത്തിന് ഒരു പേര് കണ്ടെത്താൻ എത്ര ശ്രമിച്ചിട്ടും സാധിച്ചില്ല. അതിൻറെ താളം മനസ്സിലുരുവിട്ട് തലേംചൊറിഞ്ഞ് ദാ ഇന്നലെവരെ നടന്നു. അപ്പഴാണ് നമ്മടെ തെക്കേക്കണ്ടത്തെ ചിന്നൻനായ മനമുറ്റത്തൂടെ കിഴക്കോട്ടോടിയത്. നടക്കലൂല്ല ഒടലൂല്ല എന്ന മട്ടിലല്ലെ ഈ ശ്വാനഗമനം. ആ താളം തന്നെയല്ലെ നാം ഉരുവിട്ടുനടക്കുന്നത് എന്ന ബോധോദയം അപ്പഴാണ് ഉണ്ടായത്. പിന്നെ സംശയിച്ചില്ല. കുട്ടനെ വിളിച്ചു. അവനും അതങ്ങട് ശരിവെച്ചു. പുതുവൃത്തത്തിന് പേരും ആയി – ശ്വാനഗതി.’
അച്ചുമാഷ് ഇതെല്ലാംകേട്ട് അന്ധാളിച്ചിരുന്നുപോയി. അല്ലെങ്കിൽത്തന്നെ നിലവിൽ അറിഞ്ഞോ അറിയാതെയോ, ഭാഷാവൃത്തങ്ങൾക്കുപുറമെ, മുന്നൂറിൽപ്പരം സംസ്കൃതവൃത്തങ്ങളുണ്ട്. ഈകുട്ടിയിങ്ങനെ ആഴ്ചക്കൊന്നുവീതം പുതുവൃത്തങ്ങൾ രചിച്ചാൽ ആർക്കുണ്ടാവും അതൊക്കെ ഓർക്കാനും അതനുസരിച്ച് ശ്ലോകങ്ങൾ രചിക്കാനും സാവകാശവും സമയവും? ഈ കുട്ടിക്കുതന്നെ അതൊക്കെ ഓർമ്മിക്കാനാവുമോ? മാഷ് തൻറെ സംശയം വൃത്തനോട് ഉന്നയിച്ചു.
വൃത്തൻ വേദാന്തിയായി.
‘പ്രകൃതിയിലെ ഓരോചെറുശബ്ദവും ഒരു വൃത്തമാണ് മാഷെ. അതറിയാൻ ഉൾക്കണ്ണുവേണം. പുതിയവൃത്തങ്ങൾ രചിക്കുന്നത് സമുദ്രത്തിൽമുങ്ങി മുത്തെടുത്തുവരുന്നപോലെയാണ്. അതിന്നവസാനമില്ല. അതിനാൽ ഒരുകാലത്തും ആരും ദേവുവിനോട് ‘മതി കുട്ടീ’ എന്നുപറയില്ല. അങ്ങിനെ പറഞ്ഞാൽ അവൾ രചന നിർത്തുകയുമില്ല, പിന്നല്ലെ.’
അച്ചുമാഷ് പിന്നൊന്നും മിണ്ടിയില്ല. ‘എക്കടോകെട്ടുപോട്ടെ’ എന്ന മനോഗതത്തെ മനസ്സിൽതന്നെയിട്ട് ഖബറടക്കി.
ശരതൻ ചോദിച്ചു:
‘കവിതക്ക് സാമൂഹ്യപ്രതിബദ്ധത ആവശ്യമല്ലെ? പ്രണയവും ശൃംഗാരവും കഴിഞ്ഞാൽ ഇപ്പക്കാണുന്നതെല്ലാം ദേവീദേവസ്തുതികളല്ലെ. ഭക്തജനങ്ങൾക്കുപോലും അവ ഓർമ്മിക്കാനാവില്ലല്ലൊ. കാരണം, പുരാണങ്ങളും മറ്റുപുരാതനസ്തോത്രങ്ങളുമടക്കം അവർക്ക് പാരായണം ചെയ്യാനും ചൊല്ലാനും ഒട്ടനവധി പ്രാർത്ഥനകളുണ്ടല്ലൊ. അങ്ങിനെവരുമ്പോൾ ഈ വൃത്തപ്രതിബദ്ധസ്തോത്രരചന ഒരനാവശ്യമല്ലെ? പീലിച്ചന്തത്തെപ്പറ്റിയും, വെണ്ണകക്കലിനെപ്പറ്റിയും, കാർവർണ്ണത്തെയുമൊക്കെപ്പറ്റി തിരിച്ചും മറിച്ചും നിർത്താതെപറഞ്ഞുകൊണ്ടിരുന്നാൽ സാക്ഷാൽ ശ്രീകൃഷ്ണനുതന്നെ അത് ബോറായിത്തോന്നില്ലെ?’
‘വൃത്തത്തിനൊന്നും പ്രാധാന്യം കൽപ്പിക്കാതെ വളരെ താളാത്മകമായി രചനനടത്തി, സ്വയം മധുരമായിആലപിച്ച്, ജനശ്രദ്ധ പിടിച്ചുപറ്റിയ കവികളും നമുക്കിന്നുണ്ടല്ലൊ. പിന്നെന്തിനാണ് മലയാളത്തിനീ വൃത്തദാസ്യം – അതും സംസ്കൃതവൃത്തങ്ങളോട്? തമിഴന് അങ്ങിനെ ഒരു ദാസ്യം വന്നതായി കേട്ടറിവില്ലല്ലോ.’
‘അയ്യോ, അങ്ങിനെ പറയല്ലെ, മാഷെ. ഭക്തിസാന്ദ്രമായ ശ്ലോകങ്ങൾ വിവിധവൃത്തങ്ങളിൽ രചിച്ചുരസിക്കുന്ന ഗ്രൂപ്പുകൾതന്നെ ഞങ്ങൾക്കിടയിലുണ്ട്. അവരുടെ ശ്ലോകങ്ങളിൽ മാഷ് പറഞ്ഞപോലെ ഗുരുവായൂരപ്പൻ, അല്ല സാക്ഷാൽ ശ്രീകൃഷ്ണൻതന്നെയാണ് ഒന്നാമൻ. അയ്യാളെപ്പറ്റി കൂടുതലെഴുതുന്നതും നമ്മടെ പെൺവർഗ്ഗംതന്നെ. ചിത്തചോരനല്ലെ കള്ളൻ?! പിന്നെ മൂകാംബിക, സരസ്വതി, കാളി, ശിവൻ, അയ്യപ്പൻ, ഹനുമാൻ, ശേഷം ലോക്കൽഭഗവതിമാരും മറ്റുദൈവങ്ങളും, അങ്ങനെ എല്ലാംകഴിഞ്ഞ് ചാത്തനിലും അന്തിമഹാകാളനിലുംവരെ എത്തിനിൽക്കുകയാണ് അവരുടെ കവിതാചാതുരി. അതങ്ങ് തുടരട്ടെ മാഷെ!
ഭക്തിയാണ് നമുക്കാവശ്യം ഇന്നത്തെ കാലഘട്ടത്തിൽ. സാമൂഹ്യപ്രതിബദ്ധതയെല്ലാം പോയിത്തുലയട്ടെ. തമിഴൻ തമിഴൻറെകാര്യവും നോക്കിക്കോട്ടെ. ഭാഷാപിതാവ് സംസ്കൃതാക്ഷരങ്ങൾ കടമെടുത്ത് മലയാളലിപിയെ പുഷ്കലമാക്കിയപോലെ നമുക്ക് സംസ്കൃതവൃത്തങ്ങളിലൂടെ മലയാണ്മയെയും പുഷ്പ്പിണിയാക്കണം, എന്താ?’
‘നേരെയാവില്ല. എക്കടോകെട്ടുപോട്ടെ’ – അച്ചുമാഷ് വീണ്ടും മനോഗതത്തെ മനസ്സിൽത്തന്നെ ഖബറടക്കി. അതിന്നുവേറെ കാരണവുമുണ്ടായിരുന്നു. അപ്പോഴാണ് കാപ്പി-പഴങ്ങളുടെ സെക്കൻഡ് റൌണ്ട് എത്തുന്നത്.
പഴംവിഴുങ്ങുമ്പോൾ ശരതൻ തൻറെ അവസാനസംശയം ഉന്നയിച്ചു:
‘കുറച്ചുദിവസങ്ങൾക്കുമുമ്പ് വൃത്തഭ്രമംതലയ്ക്കുപിടിച്ച എൻറെ ഒരു സുഹൃത്ത് സ്രഗ്ധര വൃത്തത്തിൽ ഒരു ശ്ലോകരചനനടത്താൻ ശ്രമിച്ചിരുന്നു. ആശയഭംഗം വരാതെ അതേവൃത്തത്തിൽ ശ്ലോകം പൂർത്തിയാക്കാൻ സാധിക്കാത്തകാരണം അദ്ദേഹം തിരുമേനിയുടെ സഹായം തേടിയെന്നാണ് പറഞ്ഞത്.’
വൃത്തൻ: ‘ഓ, ഓ, നന്നായി ഓർക്കണുണ്ട്. സ്രഗ്ധരേൽത്തന്നെ കാര്യം ശര്യാക്കി കൊടുത്തൂലോ ആ പഹയന്. കുട്ടിക്കള്യായിരുന്നില്ലെ അതൊക്കെ നമുക്ക്? ക്ഷ തൃപ്ത്യായിട്ടുണ്ടാവും ല്ലെ കക്ഷിക്ക്?’
ശരതൻ: ‘ഇല്ല തിരുമേനീ. വൃത്തം ശരിയായപ്പൊ, ആശയം മറിച്ചായി എന്നാണ് പുള്ളിടെ കംപ്ലേൻറ്’.
അതുകേട്ട് അരിശംമൂത്ത വൃത്തൻ ശരിക്കും വട്ടനായിട്ടിത്യുവാച:
‘ഒരു കാര്യം പറയാം മാഷെ. ഞങ്ങൾക്കിവിടെ പ്രധാനം വൃത്തമാണ്. പിന്നെ പ്രാസം. ആശയത്തിനൊക്കെ ആർക്കുണ്ടുനേരം? അതുവേണ്ടവർ പോയി ഗദ്യമെഴുതിത്തുലയട്ടെ.’
‘വൃത്തോം പ്രാസോം കവിതാരഥത്തെനയിക്കുന്ന രണ്ടു കുതിരകളാണ് ഞങ്ങൾക്ക്. കുതിരകളെവിടെ കൊണ്ടുപോകുന്നോ അതാണ് ഞങ്ങൾക്ക് ആശയം. മറിച്ചല്ല. ആശാൻ ‘ലീല’ എഴുതാൻ തുടങ്ങ്യേപ്പൊ അദ്ദേഹത്തിൻറെ മനസ്സിലുണ്ടായിരുന്ന അതേ ആശയമാണ് ഇപ്പോൾ നാം വായിക്കുന്ന ‘ലീല’ എന്ന് മാഷൻമാർക്ക് ഉറപ്പിച്ചങ്ങട് പറയാൻപറ്റ്വോ?’
‘പിന്നൊരുകാര്യം. ഞങ്ങടെ ഒന്നാംകിടശ്ലോകങ്ങളുടെ ആശയം സാധാരണജനങ്ങൾക്ക് പിടികിട്ടില്ല. അക്കാരണത്താൽ കരുണാമയരായ ഞങ്ങൾ ശ്ലോകത്തിനെക്കാൾവിപുലമായ ടിപ്പണികൾ അവയ്ക്കടിയിൽ എഴുതിച്ചേർക്കും. ഉദാഹരണത്തിന് ഈ രണ്ടുവരികൾ എടുത്തുനോക്കൂ: ‘നാലുരണ്ടരവക്ത്രനാശകൻ / നാണു കോസലഭാഗ്യതാരകം’. ഇവിടെ ആദ്യവരിയുടെ അർത്ഥത്തിന് രാവണനാശകൻ രാമൻ എന്ന് ടിപ്പണിയെഴുതണം. പിന്നെ ‘നാണു’ ച്ചാൽ നാരായണൻ ഇൻ ഷോർട്ട്. ‘നാണുജയന്തി, നാണുജയന്തി’ എന്നൊക്കെ ഗുരുദേവൻറെ പിറന്നാളിനെ നാം വിശേഷിപ്പിക്കാറില്ലെ? ശേഷം ‘കോസലഭാഗ്യതാരകം’ ച്ചാൽ അയോദ്ധ്യയുടെ ലക്കിസ്റ്റാർ. എങ്ങനുണ്ട്? പ്രഥമാക്ഷരപ്രാസവും ഒത്തുവന്നില്ലെ?’
‘ഇതുവായിച്ച് ആരെങ്കിലും ‘മനോഹരം, ഗംഭീരം, കിടിലൻ, കടാക്കടുക്കൻ’ എന്നൊക്കെ കമൻറിയാൽ ഞങ്ങൾക്ക് ഹാംഗറിൽതൂക്കിയ രോമാഞ്ചകഞ്ചുകം പൊടിതട്ടിയെടുത്തണിയാനാവാതിരിക്കുമോ മാഷെ?’
‘ഞങ്ങളുപയോഗിക്കുന്ന അനിതരസാധാരണമായ ഭാഷാപദങ്ങളുടെയും സംസ്കൃതപദങ്ങളുടെയും ഗഹനാർത്ഥങ്ങൾ ഞങ്ങൾതന്നെ അതിവേഗം മറന്നുപോകുന്നതിനാൽ എല്ലാ വൃത്തകവികൾക്കും നിരന്തരസഹായിയായ ഒരു ടിപ്പണിമഹാസമുച്ചയത്തിൻറെ നിർമ്മാണത്തിലേർപ്പെട്ടിരിക്കുകയാണ് നമ്മടെ കുട്ടൻ. സഹായത്തിന് ദേവൂംണ്ടെന്ന് കൂട്ടിക്കോളൂ.’
‘പിള്ളാരെ ഒറ്റക്ക് വിടണ്ട തിരുമേനീ. പ്രായം ശരീല്ല. ഞാൻ കൂടികൂടാം ദേവൂണ്ടെങ്കിൽ’ – ഇതി പുളകിതഗാത്രശരതമനോഗതം.
വൃത്തൻ: ‘അതുപോലെ ഒരു പ്രാസസമുച്ചയവും പയ്യൻ ചെയ്തോണ്ടിരിക്കണുണ്ട്. മലയാണ്മയുടെ ഭാഗ്യമേ ബംഗാളി, കൈരളിമഹിളതൻ മാംഗല്യമേ ബംഗാളി! ദ്വിതീയാക്ഷരപ്രാസമെടുത്തുനോക്കൂ. ചെക്കൻറെ കർമ്മകുശലത പോകുന്ന ഒരു വഴ്യേ! ‘കള്ള്, ഭള്ള്, തള്ള്, മുള്ള്, ചെള്ള്, എള്ള്, പുള്ള്…….. ഹൊ അന്തമില്ല. അന്തോല്ല്യാത്ത ചെക്കൻ!’
കാപ്പിപ്പഴാഥിത്യങ്ങൾ ലവലേശംപോലും ബാക്കിവരാതെ അകത്താക്കി അച്ചുശരതന്മാർ വേഗം സ്ഥലംവിട്ടു. വഴിയിൽ അച്ചുമാഷ് ശരതനോട് ചോദിച്ചു:
‘നിനക്കെന്തുതോന്നി ശരതാ? നീ വൃത്തനും വട്ടനും ആവാൻ തീരുമാനിച്ച മട്ടുണ്ടല്ലൊ.’
ശരതൻ ഉച്ചത്തിൽ ചിരിച്ചു. ശേഷം ദ്വിതീയാക്ഷരപ്രാസത്തിൽ അനുഷ്ടുപ്പിൽ പാടി:
ഏത്തപ്പഴം കലക്കീട്ടോ
വൃത്തം പോത്തിൻറെ കാതിലും
കാപ്പി ഡിക്കോക്ഷനാണത്രെ
കോപ്പ നാലഞ്ചുമോന്തി ഞാൻ
ദേവി ചോരിണി കട്ടല്ലോ
പൂവൊക്കുമെൻറെ ഹൃത്തിനെ
അച്ചുമാഷുക്ക് അത് ശരിക്കും അങ്ങട് ബോധ്യായി.
‘കലക്കീഡോ, കലക്കി. ആ ചോരിണി എന്തു ഭാഷയാ?’
ശരതൻ: ‘ഹിന്ദിയിലെ ചോർണിയെ (കള്ളിയെ) മലയാളീകരിച്ചതാണ്. സംസ്കൃതത്തിൽനിന്നും എല്ലാം കടമെടുക്കാമെങ്കിൽ എന്തുകൊണ്ട് ഹിന്ദിയിൽനിന്നും ആയിക്കൂടാ? ആഫ്ടറാൾ ഹിന്ദി ഈസ് അവർ രാഷ്ട്രഭാഷ.’