രചന : ടി.എം. നവാസ് വളാഞ്ചേരി ✍
നൂറു ദിനം കൊണ്ട് നൂറായിരം കുഞ്ഞുങ്ങളുടെ ജീവനറ്റ കബന്ധങ്ങൾ കൊണ്ട് ഗസ്സയുടെ തെരുവോരങ്ങളിൽ സദ്യ വിളമ്പുന്ന സയണിസ്റ്റ് ഭീകരവാദികൾക്കും കള്ളനു കഞ്ഞി വെക്കുന്ന സാമ്രാജ്യത്വ കാപാലികർക്കും കാലം കാത്തുവെച്ച ഭയാനക ശിക്ഷ വന്നെത്തുക തന്നെ ചെയ്യും. അറിയുക. കരളുരുകിയുള്ള മർദ്ദിതന്റെ പ്രാർത്ഥനക്കു . ദൈവസന്നിധിയിൽ ഉത്തരം ഉടനെയത്രെ. ദിനേന പിടഞ്ഞ് വീഴുന്ന നിഷ്കളങ്കരായ കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥനയോടെ.
തീമഴപ്പെയ്ത്തിലെ വാൽ നക്ഷത്രങ്ങൾ.
വിടരുംമുമ്പെ ഞെട്ടറുത്ത് മാറ്റുന്ന
കുഞ്ഞുടുപ്പുകളമ്പെ കരിച്ച് കളഞ്ഞ്
കിന്നാരം ചൊല്ലിടും കുഞ്ഞു നാവുകൾ അറുത്തെടുത്ത്
കരൾ പറിച്ചെടുത്ത്
ഹൃദയം പിളർത്തി
ജീവനറ്റ കുഞ്ഞു കബന്ധങ്ങളെക്കൊണ്ട്
സദ്യ വിളമ്പുന്ന
സയണിസ്റ്റ് ചെന്നായ്ക്കളുടെ
നരമേധ നായാട്ടിന്റെ സങ്കേതം
ഗസ്സ
ഒട്ടേറെ പ്രവാചകരുടെ പാദസ്പർശമേറ്റ
ഫലസ്തീന്റെ മണ്ണിൽ ചോരക്കളം
തീർത്ത് അട്ടഹസിക്കുന്ന പിശാചുക്കളുടെ
ഭീരുത്വത്തിന്റെ പേര്
ഗസ്സ
സമാനതകളില്ലാത്ത ക്രൂരതകൾ കൊണ്ട്
സംഹാരതാണ്ഡവമാടി സർവനാശം വിതക്കുമ്പോളും
പോറലേൽക്കാത്ത കരളുറപ്പുമായി ലോകത്തിന്
പ്രകാശം പരത്തുന്ന നാടിന്റെ പേര്
ഗസ്സ .
അതെ
തീ മഴയത്തും നക്ഷത്രത്തിളക്കത്തോടെ
അഭിമാനപൂർവ്വം
ലോകത്തെ നോക്കി പുഞ്ചിരിക്കുന്ന
കുഞ്ഞുമാലാഖമാരുടെ അതിശയിപ്പിക്കുന്ന
അതിജീവനത്തിന്റെ കഥ പറയും നാട് .
ഗസ്സ .