(ഒരു ട്രെയിനിംഗ് വേളയിൽ, മത്സ്യബന്ധനം ഉപജീവനമാക്കിയ കുടുംബത്തിൽ നിന്നും വന്ന ഒരു സഹപ്രവർത്തകൻ പറഞ്ഞ അനുഭവ കഥ)
ഉൾക്കടലിൽ മീൻ വലയിലാക്കാൻ മാതൃ വഞ്ചിയിൽ നിന്നും ചെറുവള്ളത്തിൽ വലയുടെ ഒരറ്റവുമായി മീൻ കൂട്ടത്തെ ചുറ്റി വന്ന് മാതൃ വഞ്ചിയിൽ വല ബന്ധിപ്പിക്കണം. വലയുടെ ആഴം ചില സന്ദർഭങ്ങളിൽ കടലാഴത്തിൽ നീന്തി മാതൃവഞ്ചിയിൽ ബധിപ്പിക്കേണ്ടിവരും. നീന്തുന്ന ആളുടെയും, വള്ളത്തിന്റെയും, മാതൃവഞ്ചിയുടെയും വേഗം ഒരേ പോലെയാവേണ്ടുന്ന പ്രക്രിയയിൽ അപ്രതീക്ഷിതമായ അപകടങ്ങളുണ്ടാകാൻ സാധ്യത ഏറെ. ഇത്തരം ഒരു നിമിഷമാണ് കവിതക്ക് ആധാരം!
ഒരു ഗുണദോഷക്കഥ –

ആഴക്കടലിന്നടിത്തട്ടിൽ നിന്നും,
ആവർത്തിച്ചുള്ള വിളി കേൾപ്പതുണ്ട്!
അലകളതെത്രയുയർന്നു പതഞ്ഞാലും,
ആരാരും കേൾക്കാതെയാ വിളി കേൾപ്പൂ!

അന്നത്തിനായെത്ര വലയെറിഞ്ഞാലും,
അന്നന്നത്തേക്കേ വലയിൽ നിറയൂ!
പിന്നൊരു നാളേക്ക് മാറ്റുവാനാകില്ല;
പെങ്ങൾ തൻ വേളിയുറച്ചും കഴിഞ്ഞു!

പെൺപണം നൽകാനിനിയും തികയേണം,
പെൺമനം തുടിക്കവേയുള്ള് പൊള്ളുന്നു!
കടം വാങ്ങുവാനായിനിയും മടിയാണ്,
ഉടൻ തന്നെയെന്തേലും ചെയ്തിടേണം!

ഉൾക്കടലീന്നൊരു ചാകര തേടാം;
ഉള്ളറിഞ്ഞന്നവനെന്നോട് ചൊല്ലി!
കൂടപ്പിറന്നില്ലയെങ്കിലുമെന്നും,
കൂടപ്പിറപ്പായിരുന്നവനെന്റെ!

കടല് തെളിഞ്ഞൊരു സായന്തനത്തിൽ,
കടമായി വാങ്ങിയ യന്ത്രവഞ്ചിയിൽ,
കോളൊന്ന് തേടീ യാത്ര തിരിക്കേ,
കരയിലവളിൽ പ്രതീക്ഷ പൂത്തു!

ആദ്യ ദിനത്തിൽ കണ്ടില്ല മീനൊന്നും,
ആധിയേറിയെന്റെയുളളും പിടച്ചു!
രണ്ടാം ദിനത്തിൽ തിരയിളകും പോലെ,
കണ്ടൂ നുരയും പെരുത്ത കൂട്ടം!

വിളക്ക് തെളിഞ്ഞു; അരങ്ങുണർന്നു,
വെളുക്കുന്നതിൻ മുമ്പ് വലയിടണം!
ചെറുവഞ്ചിയിലായ് വല കൊരുത്ത്,
ചുറ്റൊന്ന് തീർത്തു കെണിയൊരുക്കി!

ചുറ്റിന്നൊരറ്റം കടലാഴത്തിൽ മുങ്ങി,
ചൂരതൻ കൂട്ടത്തെയുള്ളിൽ നിറച്ചു!
വഞ്ചിയിലേക്ക് വലകൊളുത്തുന്നേരം,
ഉള്ളൊഴുക്കിൽപ്പെട്ട് വഞ്ചിയുലഞ്ഞു!

നീന്തലിൽ ആയവും വഞ്ചീടെ വേഗവും,
നീരൊഴുക്കിൽപ്പെട്ട് രണ്ടാകവേ,
കറങ്ങുന്ന പങ്കായം തലയിലിടിച്ച്,
കടലെടുത്തന്നെന്റെ കൂടപ്പിറപ്പിനെ!

വിളക്കുമണഞ്ഞു, തിരയാർത്തുയരുന്നു,
വിളിയൊച്ച നേർത്തു, അലയിരമ്പി!
ഇരുട്ടും ഒഴുക്കും അലയുമെല്ലാം ചേർന്ന്,
പങ്കിട്ടെടുത്തെന്റെ കൂടപ്പിറപ്പിനെ…!

By ivayana