ജനാധിപത്യമിന്ന്
വിലപിക്കുകയല്ലേ?
പണാധിപത്യമതിൻ
കഴുത്തറക്കുകയല്ലേ?
സ്വദേശികൾതന്നെ
അധിനിവേശംകൊണ്ട്
പതിയെപ്പതിയെ നാടിനെ
കൊലചെയ്യുകയല്ലേ?
തിരഞ്ഞെടുക്കപ്പെട്ട ജന
പ്രതിയായനിധികൾ
തിരസ്കരിക്കുന്നു ജന
സമ്മതി പുല്ലുപോലെ
കളം മാറിച്ചവിട്ടുന്നു
പണത്തിൽക്കൊതിയായി
നിണംകൊണ്ടുനേടുന്നു
സ്ഥാനവും മാനവും…
മറുപക്ഷക്കാരുടെ
ചിറകുവെട്ടിയരിഞ്ഞ്
ഒരുപക്ഷമാക്കുന്നു
മേധാവിത്വം
മറുത്തുപറയുന്ന
നാവുകളെയെല്ലാം
അറുത്തുകളയുന്ന
മാടമ്പിത്വം…!
ഭീതിയെ നട്ടു
വളർത്തിവലുതാക്കി
ഭീരുക്കളെ നാട്ടിൽ
വരിയായിനിർത്തി
നാടിന്റെസമ്പത്തും
സംസ്കൃതിയുംമെല്ലെ
ചോർത്തിയെടുത്തവർ
മേനിനടിപ്പൂ…
ഭാഷയുംവേഷവും ചില
കൈകളിൽപ്പിടയുമ്പോൾ
ശോഷിച്ച പ്രജകൾ
പുറംതിരിഞ്ഞോടുന്നു …
സ്വാതന്ത്ര്യമിവിടെ
കിതയ്ക്കുന്നതും നോക്കി
പാരതന്ത്ര്യം വീണ്ടും
പല്ലിളിച്ചു കാട്ടുന്നു
തന്നുടെവീട്ടിൽ
തടവിൽക്കിടക്കുന്ന
സമത്വം നടന്നകലുന്നതും
നോക്കിനോക്കി
ജനാധിപത്യത്തിന്റെ
മൂല്യങ്ങളിടിയുന്നു
നീതിന്യായത്തിന്റെ
മുന തകർന്നടിയുന്നു
രാജ്യത്തെ കൊള്ളയടിക്കുന്ന
ബൂർഷ്വാസികൾ
രാജ്യം വിട്ടോടി
മഹാത്മാന്മാരാകുന്നു
പുകമറയ്ക്കുള്ളിൽ
ജനാധിപത്യത്തിന്റെ ശ്വാസം
വിങ്ങുന്നുവിതുമ്പുന്നു
കുഴഞ്ഞുവീഴുന്നു
പുലരുമ്പോൾ വീണ്ടും
അഴികൾതന്നുള്ളിൽ
പിടയുമോ ജനതതൻ
ആധിപത്യം….. ജനാധിപത്യം…?

മോഹനൻ താഴത്തേതിൽ

By ivayana