രചന : സതി സുധാകരൻ പൊന്നുരുന്നി ✍
മുറ്റത്തെ മൂവാണ്ടൻ മാവു പൂത്തു
കന്നിപ്പൂംങ്കുല കാറ്റിലാടി
കുട്ടികൾ ആർത്തുചിരിച്ചു നിന്നു തത്തമ്മ
തത്തിക്കളിച്ചു വന്നു.
ഉണ്ണിപ്പൂവൊന്നു വിരിഞ്ഞു കാണാൻ കൊതിയോടെ
നോക്കിയിരുന്നു ഞാനും .
പൂക്കൾ വിരിഞ്ഞെല്ലാം കായ്കളായി
പച്ചഉടുപ്പിട്ട കണ്ണിമാങ്ങ.
മാമ്പഴമുണ്ണുന്ന കാര്യമോർത്ത്
പുള്ളിക്കുയിലൊരു പാട്ടുപാടി
കൊതി മൂത്തൊരണ്ണാനും,
കാവതിക്കാക്കയും കുശലം
പറഞ്ഞവർ കൂടെയെത്തി.
വെയിലേറ്റു വാടാതിരിക്കുവാനായ്
തെങ്ങോല കൈയ്യാൽ തണൽ വിരിച്ചു
കാറ്റുവന്നിക്കിളി കൂട്ടിയപ്പോൾ
കണ്ണിമാങ്ങക്കൂട്ടം കാറ്റിലാടി.
കൈവിട്ടു പോയൊരു കണ്ണിമാങ്ങ
താഴെ കിടന്നു കരഞ്ഞു മെല്ലെ!.
മാമ്പഴം കാണാൻ കൊതിച്ച ഞാനും
നെഞ്ചകം നീറിയിരുന്നു പോയി.
മാമ്പൂവു കണ്ടും മക്കളെ കണ്ടും
ആരും കൊതിക്കേണ്ടെന്നോർത്തു ഞാനും.