എവിടെ വേണമെങ്കിലും കൂട്ടു വരാം,
എന്നും ഒപ്പമുണ്ടാവും,
എന്നൊക്കെ പറഞ്ഞിട്ട്,
പറഞ്ഞ് കൊതിപ്പിച്ചിട്ട്.
നമ്മളെ കൂട്ടാതെ
എങ്ങോ പൊയ്ക്കളയുന്ന,
മറന്നേ പോയെന്ന മട്ടിൽ
ഇടയ്ക്കിറങ്ങി പൊയ്ക്കളയുന്ന
മനുഷ്യരോട്
ക്ഷമിക്കാനായിട്ടില്ല എങ്കിൽ ,
അവരുടെ മരണത്തേക്കാൾ
എത്ര ഭേദമാണ്,
അവർക്കുണ്ടായ
മറവി
എന്നോർത്താൽ മാത്രം മതി.
മറന്നാലെന്ത്?
എവിടെയോ അവരുണ്ട്,
ഇവിടെ നമ്മളുണ്ട്,
പറഞ്ഞതും കേട്ടതുമെല്ലാം
നമുക്കു ചുറ്റുമുണ്ട്
എന്നോർത്താൽ മതി.
പിന്നെന്ത് ?
മിണ്ടുന്നതും പാട്ടു മൂളുന്നതും
കേൾക്കാം.
മനുഷ്യരിൽ ഉണ്ടുറങ്ങുന്നതും
അവരിൽ നിന്നുതന്നെ
മണ്ടിപ്പായുന്നതും കാണാം.
കണ്ണീരിൻ്റെ തണുപ്പും
ചിരിയുടെ ചൂടും
തൊടാതറിയാം.
ശേഷിക്കുന്നതെന്തായാലും
അത് ജീവിതമാണ്:
വേദനക്കും ആനന്ദത്തിനും
രുചിയുള്ള ജീവിതം!
മരണപ്പെട്ടാലെന്ത്?
അത് വെറുമൊരു ചോദ്യമല്ല,
ഒരു വാക്കും പാലിക്കാനാവാത്ത
വിധം മനുഷ്യരെ നിസ്സഹായരാക്കി
കളയുന്ന നിവർത്തിയില്ലായ്മയാണ് !
നിത്യതയിലേക്ക് ഒരു സോളോ ട്രിപ്പാണ്!
എവിടേക്കോ ഇറങ്ങിപ്പോയൊരാളെ
തേടിയിറങ്ങാനാവാത്ത
ചങ്ങാതിയുടെ മരവിപ്പാണ്:
ഇറക്കിവയ്ക്കാനാവാത്ത
ഓർമ്മകളെ ചുമന്ന് തളരുന്ന
ഒരു വേതാളമാക്കും
ജീവിതത്തിനെയത് !
കുറുക്കുവഴി ഒന്നേയുള്ളു.
ഇനിയങ്ങോട്ടുള്ള യാത്രയ്ക്ക് .
നമ്മളില്ലിനി ;
ഞാനേയുള്ളൂ..
നീയുള്ളിലുള്ള ഞാൻ
എൻ്റെയകത്തും പുറത്തും
പ്രാണനിൽ കലർന്ന നീ.
എന്നുറപ്പിച്ച് വഴി നടന്നേക്കുക!
അദ്വൈതത്തിലൂന്നി നിന്ന്
നോക്കിയാൽ
എങ്ങോട്ടും
പോകാനാവില്ല തനിച്ച്
ഒരു തീർത്ഥയാത്രയും
എന്നോരോ ദീർഘ നിശ്വാസത്തിലും
ജീവിതം
ഓർമ്മിപ്പിച്ചു കൊണ്ടിരിക്കും.
മറ്റൊരാളിൻ്റെ ഭാരം ഭാരപ്പെടുത്താത്തത്
അയാൾ ഓർമ്മയുടെ മാറാപ്പിനുള്ളിൽ
ഭദ്രമായിരിക്കുമ്പോഴല്ലേ എന്ന്
മരണം ആശ്വസിപ്പിക്കുകയും ചെയ്യും.
മരിച്ചാലും മറന്നാലും
അതങ്ങനെ തന്നെയാണ്
എന്ന് ജീവിതം പറയും.
അൻപേ ശിവം, നിത്യം
എന്ന് മരണമതിന്
അടിവരയിടും.
🖤

കല ഭാസ്‌കർ

By ivayana