നാലുവരി യെന്നാലും
വിടർന്ന കിനാക്കളും
കാൽച്ചിലമ്പൊലിയുമായ്
കവിതേ വരിക നീ

നാലുവരി യെന്നാലും
നാലുമണിപ്പൂ പോലെ
നാണത്തിൽ മുഴുകാതെ
നമ്രമുഖ മുയർത്തുക

നാലുവരി യെന്നാലും
നക്ഷത്ര ശോഭയിൽ
നാലുപേർ മുന്നിലായ്
തിളങ്ങി നീ നില്ക്കണം

നാലുവരി യെന്നാലും
കുടമുല്ലപ്പൂവ്വിന്റെ
പരിമളം തൂകി നീ
കരളിൽ കയറണം

നാലുവരി യെന്നാലും
നോവും മനസ്സിൻ മേൽ
സ്നേഹ സാന്ത്വനത്തിന്റെ
ചന്ദനം പുരട്ടണം’

നാലുവരി യെന്നാലും
നാല്പതു പേരുടെ
നാവായി മാറേണം
നാണം വെടിഞ്ഞു നീ

നാലുവരിയെന്നാലും
നാരീമണി പോലവെ
നന്നായൊരുങ്ങി നീ
നൻമകൾ ചൊരിയണം

നാലുവരി യെന്നാലും
നൻമയുടെ തുള്ളികൾ
നന്ത്യാർവട്ടപ്പൂക്കളായ്
നാൾവഴിയിൽ പെയ്യണം

നാലുവരി യെന്നാലും
വേദിയിൽ കയറി നീ
കാന്തി വഴിയുന്നൊരു
നർത്തകിയാകണം

നാലുവരി യെന്നോർത്തു
പകുതി വിരിഞ്ഞ പോൽ
വാതിലിൽ മറയാതെ
പുറത്തു വരിക നീ

നാലുവരി യെന്നാലും
വിടർന്ന കിനാക്കളും
കാൽച്ചിലമ്പൊലിയുമായ്
കവിതേ വരിക നീ

നാലുവരി യെന്നാലും
നാലുമണിപ്പൂ പോലെ
നാണത്തിൽ മുഴുകാതെ
നമ്രമുഖ മുയർത്തുക.

എം പി ശ്രീകുമാർ

By ivayana