രചന : ജിതേഷ് പറമ്പത്ത്✍️
വിശപ്പും ദാഹവും സഹിക്കവയ്യാതെ മുന്നോട്ടു പോകുമ്പോഴാണ് കുറുക്കൻ ആ കാഴ്ച കണ്ടത്….
മുന്നിലുള്ള മരത്തിൽ മുന്തിരിക്കുലകൾ കാറ്റിൽ ഇളകിയാടുന്നു… മരച്ചില്ലയിൽ ഇരിക്കുന്ന കാക്കയുടെ വായിലുമുണ്ട് മുന്തിരിക്കുല…കുറുക്കന്റെ വായിൽ വെള്ളമൂറി…ഒരു മുന്തിരിക്കുലയെങ്കിലും കിട്ടിയാൽ വിശപ്പും ദാഹവും മാറിയേനെ… പക്ഷേ…
ഉയരത്തിലുള്ള മുന്തിരിക്കുലകൾ ചാടിപ്പിടിക്കാൻ നോക്കിയാൽ കിട്ടില്ലെന്ന് അവന് മനസ്സിലായി…
പൂർവ്വികർക്ക് പറ്റിയ അമളി ആവർത്തിക്കാൻ അവന് താൽപ്പര്യമില്ലായിരുന്നു…വിശപ്പു മാറ്റാൻ മറ്റു വഴികൾ തേടാമെന്ന് ചിന്തിച്ച് മുന്നോട്ടു നടക്കാൻ തുടങ്ങിയ കുറുക്കൻ ഒരു നിമിഷം നിന്നു…
അവൻ ഒരിക്കൽക്കൂടി മുന്തിരിക്കുലകളിലേക്ക് നോക്കി… എന്തോ നിശ്ചയിച്ച് ഉറപ്പിച്ച പോലെ അവൻ ഉയരത്തിലുള്ള ഒരു മുന്തിരിക്കുല ലക്ഷ്യമാക്കി മേൽപ്പോട്ട് ചാടി… ഉരുണ്ടു പിരണ്ട് താഴോട്ട് വീണു…
പിന്നെയും മേൽപ്പോട്ട് ചാടി…ഊരയും കുത്തി താഴോട്ടു വീണു… അതുവകവയ്ക്കാതെ പിന്നെയും ചാടി… ചന്തിയും കുത്തി താഴോട്ടു വീണു…
എല്ലാം കണ്ട് മരച്ചില്ലയിൽ ഇരിക്കുകയായിരുന്ന കാക്കയ്ക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല… പൊട്ടിച്ചിരിക്കുന്ന കാക്കയുടെ വായിൽ നിന്നും മുന്തിരിക്കുല താഴെ വീണു…
കുറുക്കൻ ഒറ്റചാട്ടത്തിന് താഴെ വീണ മുന്തിരിക്കുല കടിച്ചെടുത്തുകൊണ്ട് ഓടി… അവൻ കാക്കയോട് മനസ്സാ പറഞ്ഞു… ” ഐ ആം ദി ന്യൂജൻ ഡിയർ “…