രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍️
ഒരു തിരിവെട്ടമതുള്ളതുനമ്മിൽ,
പരനുവെളിച്ചം പകരാനായ്
അരുതരുതതിനെത്തെല്ലു കെടുത്താൻ,
പരിചൊടു മുതിരരുതാരോരും
പരമാത്മാവിൽ നിന്നല്ലോനാം
പരമാണുവിലേക്കെത്തുന്നു!
പരമാണുവിൽ നിന്നല്ലോനമ്മൾ
പരമാത്മാവിലുമെത്തുന്നു!
ജീവിതമെന്നതിനുത്തരമേകാൻ
ഭൂമിയിലാർക്കേ കഴിയുന്നു
എങ്കിലുമീനാം തിരയുകനിരുപമ
ചിന്തകൾനെയ്തതു ചിരകാലം
ഇവിടീ,ജീവൻ പൊട്ടിമുളച്ചൊരു
നിമിഷമതാരൊട്ടോർക്കുന്നു!
ജീവനു,മിപ്രകൃതിയുമായുള്ളൊരു
നോവുകളാരൊന്നറിയുന്നു!
വിത്തായ് വിത്തിലിരിക്കുമനശ്വര
സത്താണീശ്വര ചൈതന്യം!
കേവലബുദ്ധികൾ കൊണ്ടതുചികയാ-
നാവില്ലിങ്ങിവിടൊരുവർക്കും
ആവുന്നതുനാം തമ്മിൽതമ്മിൽ
സ്നേഹോഷ്മളത പകർന്നേകാൻ
ആവുന്നതു സമഭാവനയോടിവി-
ടേവം വാഴ്‌വുപുലർത്തീടാൻ
എല്ലാം തന്നിലണച്ചേനിർത്താൻ
മല്ലിട്ടേറുന്നൊരു കൂട്ടർ
എത്ര നിരർഥകമാണീ,ചിന്തക-
ളത്രേ,യൊന്നോർത്തീടുകിൽ ഹാ!
അറിയുന്നില്ലിവരണുവിടപോലും
അറിവിൻ ദീപ്താകാശത്തെ!
ഹൃദയവിശുദ്ധിയൊടെന്നെന്നും പര-
നുപകാരങ്ങൾ ചെയ്‌തീടാം
ഒരുമയൊടൊരുമയൊടതിനൂതനമാം
ചരിതമുറക്കെപ്പാടീടാം
തന്നെ,താനെയറിഞ്ഞീടാനായ്
മന്നിലൊരൽപ്പം മുതിരൂനാം
ഉള്ളിന്നുള്ളിൽ നിന്നെരിയുന്നോ-
രുജ്ജ്വലശക്തിയെയറിവൂനാം
അണയാതണയാതതിജാഗ്രതയോ-
ടതിനെനമുക്കു തെളിച്ചീടാം.