രചന : ബാബുരാജ് ✍
അറിയുമോ? കൊഴിഞ്ഞു പോയ്
ഈ ബാലിക !
ഇവൾ കരിവണ്ടുകൾ മുറിപ്പെടുത്തിയ
ചുവന്ന ചുണ്ടുകൾ !
സൂര്യന്റെ വിയർപ്പാണ് അവളുടെ
കണ്ണുനീരിന് !
നെഞ്ചിൽ പിടഞ്ഞത് അലകട –
ലിന്റെ രാത്രി!
പുലരിയുടെ ഇതളുകൾ കൊഴിഞ്ഞു
പോയല്ലോ !!?
(2)
ഇവളുടെ പൂമ്പൊടികളും മാഞ്ഞു
പോയല്ലോ ?
വേട്ടപ്പട്ടികൾ കുരയ്ക്കുന്നുണ്ട്!
വേടന്റെ അമ്പുകൾ പായുന്നുണ്ട് !
ഞാണൊലികളുടെ കാട്
നടുങ്ങുന്നുണ്ട്!
നീതിശാസ്ത്രങ്ങളിൽ ഗുരുവിന്
ന്യായം മുറിച്ച പെരുവിരലാണെങ്കിൽ
ഇവിടെ പെൺപൂവുകൾ
കൊഴിഞ്ഞു പോയേക്കും!
കരിഞ്ഞു പോയേക്കും!
(3)
കരുതൽ തടങ്കലിൽ അവൾ
നിശബ്ദയാകും!
നീതിനിയമങ്ങൾ കണ്ണുകൾ
പൂട്ടി വച്ച് ഇരുട്ടിനെ കൊണ്ടു വരും!
ഇരുട്ടിൽ അട്ടഹാസങ്ങൾ, നിലവിളി –
കൾ, വിതുമ്പലുകൾ, നിശ്വാസങ്ങൾ !
ഇവിടെ ഉടമ അടിമയെ
വിവസ്ത്രയാക്കുന്നു !
പെൺപൂവുകൾ ഉപകരണമാകുന്നു !
മതങ്ങൾ മാനവ നീതികളെ
അളന്നു മാറ്റി വയ്ക്കുന്നു!
കുരുന്നുകൾ ഞരങ്ങി വിതുമ്പുമ്പോൾ
ഉടമയുടെ ദൈവം
നീതിമാനല്ലെന്നറിയുക?!
(4)
ഈ പെൺപൂവിനെ നോക്കൂ?
വിലക്കിന്റെ വിലങ്ങുകൾ കൊണ്ട്
അവൾ തളയ്ക്കപ്പെട്ടിരിക്കുന്നു!
അവൾ – നുള്ളിയെടുക്കപ്പെടുന്ന
കൊളുന്തുകൾ !!
അവൾ നീറ്റലുകളറിയുന്ന വേനൽ !
അവൾ വേവലാതികളറിയുന്ന
പെരുമഴ!
ഇവൾ ഹസ്റത്തിന്റെ കണ്ണുനീർ !
നീട്ടിയ കൈകളിലൊക്കെ അഭയം
ലഭിക്കാത്തവൾ……
കരിവണ്ടുകളോട് ?
അവളുടെ കണ്ണുകളിലെ നനവ്
നിങ്ങൾക്ക് ചോദ്യങ്ങളെന്നറിയുക??