രചന : അജയൻ അരുവിപ്പുറം✍
അരുവിതന്നോരത്തു
മേവുന്ന ഈ പാവം
ഞാൻ നിന്നെ അറിയുന്നു.
നിന്റെ ദേഹമാം ദുഃഖം
മണ്ണോട് ചേർന്നു.
ശൈവചിന്തയിൽ
ഭസ്മം ചാർത്തി നീ
നെയ്യാറിലലിഞ്ഞു.
ശങ്കര തീർത്ഥത്തിൽ
മുങ്ങിനിവർന്ന്
നീ ഈമണ്ണിൻ്റെ
ഗർഭപാത്രമായി.
ഉള്ളിൻ്റെ ഉടുക്ക് കൊട്ടി
നീ അഗസ്ത്യൻ്റെ
ഉള്ളറിഞ്ഞോ?
ഒടുവിലരുവിയിൽ
നെയ്യായി ഒഴുകിയോ?
നിൻ്റെ ഗന്ധമാർന്ന്
തെന്നൽ തണൽ വീശി!
നിന്നെ ചാലിച്ച പുഴ
കൊലുകൊലെ
കവിത കിലുക്കി!
നിൻ്റെ ഉടയാത്ത കലശം
മീനുകൾക്ക് അഭയമായി.
നിൻ്റെ മായാത്ത മൗനം
പുഴയോളങ്ങളിൽ
ഞാൻ കണ്ടുവല്ലോ!
നിന്റെ ചിലമ്പ് നെയ്യാറിൽ
ഒഴുകവേ ഉച്ചവെയിലിൽ
അരയാൽ നീട്ടിയ
പച്ചക്കുടയുടെ
തണലത്തു മിഴി
താഴ്ത്തി നിന്നു ഞാൻ!
മഞ്ഞിൻചേല ചുറ്റിയ
നീർച്ചോലകളിൽ നീ
പൂമരമായ് തളിർക്കും
കാളിന്ദിയാം നെയ്യാർ
നിലാവിൽ തുളുമ്പി
പുളിനങ്ങളിൽ നിന്റെ
കൃഷ്ണഹൃദയം
കളകളാരവത്തോടെ
മുരളീഗാനം മീട്ടും.
കടവത്ത് പൂവള്ളിക്കൂമ്പ്
മന്ദാര പൂങ്കുല ചാർത്തി
കാവ്യവസന്തമായ് പടരും.
എന്റെ ജീവനാം
ചിത്രപേടകത്തിൽ
എത്രയെത്ര ചിത്രങ്ങൾ
നിന്റെ മിഴിയറിയാതെ
ഞാൻ പകർത്തിയില്ലേ?
എന്നിട്ടും നീയെന്നെയറിഞ്ഞില്ല!
തളിരായ് തണലായ്
അഭയമായ് വരദയായ്
നീ പുനർജ്ജനിക്കും!
നിന്റെ സ്വപ്നങ്ങൾ നിഴൽമൊട്ടായ് വിടരും
മലരായി വിരിയും
തണലായി വീശും!
അരുവിതൻ ഓരത്തു
മേവുന്ന ഈ പാവം
ഞാൻ നിന്നെ അറിയുന്നു!
കാടും തൊടികളും
കനകനിലാവിൽ
കൈത പൂത്ത പൂമണമാകും.
ശ്രീമംഗലേ നിൻ മാനസം
പിച്ചക മലർമണം തൂകി
അമ്പലപ്പൂവുപോൽ
വിശുദ്ധമാകും.
ചിങ്ങനിലാവിൽ
വെള്ളവിരിപ്പിൽ
അരയാൽത്തറയിൽ
ഞാൻ നിന്റെ ഹരിത
ഹൃദയം തുറന്നു വെയ്ക്കും.
നദിയുടെ ലയഭാവത്തിൽ
നിൻ കാവ്യസുഗന്ധം
നാദമായ് തെന്നലായ്
ഞങ്ങളെ തഴുകും.
അരുവിതൻ ഓരത്തു
മേവുന്ന ഈ പാവം
ഞാൻ നിന്നെ അറിയുന്നു!
…………..💕💕💕……………..