ഋതുഭേദങ്ങള്‍ക്കപ്പുറത്തു നിന്നും കാലാനുസൃതമായി വളര്‍ന്നു പന്തലിച്ചതായിരുന്നു ഞങ്ങള്‍ ഇരുവര്‍ക്കുമിടയിലെ ബന്ധം. ഉദയാസ്തമനങ്ങളുടെ ചെറു കുളിരിനിടയിലെ ചുട്ടു പൊള്ളുന്ന ഉച്ചവെയിലിന്‍റെ തീഷ്ണതപോലെ പലപ്പോഴും ഞങ്ങളുടെ മനസ്സില്‍ കത്തി പടര്‍ന്നിരുന്നു പലതും.


ജീവിതത്തിന്‍റെ രണ്ടറ്റങ്ങളെ കൂട്ടി യോജിപ്പിക്കുന്നതിന്‍റെ ബദ്ധപ്പാടിലായിരുന്നു. എന്തായിരുന്നു ഞങ്ങള്‍ക്കിടയിലെ മനസ്സിന്‍റെ കാണാത്തലങ്ങളെ തമ്മില്‍ ചേര്‍ത്ത് വെച്ചിരുന്ന ചങ്ങലക്കണ്ണികള്‍. അതിനിടയില്‍ മനസ്സില്‍ നിന്നും മനസ്സിലേയ്ക്ക് പകര്‍ന്നിരുന്ന സന്ദേശങ്ങളില്‍ ഒരിക്കല്‍ പോലും മനസ്സിനെ പരസ്പ്പരം പകര്‍ത്തി വെച്ചിരുന്നില്ല, മനപ്പൂര്‍വ്വം. എന്നിട്ടും കഴിഞ്ഞ സന്ധ്യ എരി ഞ്ഞു തീരുന്നതിനു തൊട്ടുമുന്നേയുള്ള പകലിന്‍റെ നിലവിളിപോലേ മനസ്സറിയാതെ പറഞ്ഞു,
” നിന്നെ ഞാന്‍ ജന്മ ജന്മാന്തരങ്ങളായി അറിയുന്നുവെന്ന്”.


അപ്പോഴാണ്‌ ആദ്യമായി ആ നീലമിഴികള്‍ എന്നെയറിഞ്ഞു തുടങ്ങിയത് .
പിന്തള്ളപ്പെട്ടുപോയ ദിനരാത്രങ്ങളില്‍ അടര്‍ന്നുവീഴുന്ന സത്യങ്ങളിലോ മിഴികള്‍ക്കും മിഴിപ്പീലികള്‍ക്കും ഇടയിലെ സ്വപ്നത്തിന്‍റെ നേരിയ തിരശ്ശീലയിലോ ഞാന്‍ ദൃശ്യനായിരുന്നില്ല. പൂത്തുലഞ്ഞു നില്‍ക്കുന്ന പാലമരക്കൊമ്പുകളില്‍ ആലോലം പാടുന്ന കാറ്റിനൊപ്പം നിന്‍റെ പാദസരത്തിന്റെ കിലുക്കത്തില്‍ ഞാന്‍ ഞെട്ടി ഉണരാറുണ്ട്‌.


പാതി തുറന്നിട്ട ജാലകപാളികള്‍ക്കപ്പുറം നിന്‍റെ വളയൊച്ച അര്‍ദ്ധ മയക്കത്തില്‍ ഞാന്‍ കേള്‍ക്കാറുണ്ട്. അപ്പോഴൊന്നും നിന്നെ ഞാന്‍ ഭയന്നിരുന്നില്ല. സുതാര്യമായിരുന്നു നിന്‍റെ ഓര്‍മ്മകള്‍ , നിന്‍റെ ആത്മാവ് പോലെ.
നിലാവുള്ള രാവുകളില്‍ വിജനമായ വീഥിയിലൂടെ ഏകാകിനിയായി എന്‍റെ കണ്‍മുന്നിലൂടെ നീ നടന്നു പോവുമ്പോള്‍ നിന്നെ ഞാന്‍ അറിയാതെ അനുധാവനം ചെയ്യാറുണ്ട് . നിന്‍റെ പാദ ചലനങ്ങള്‍ക്കൊപ്പം ചലിയ്ക്കാറുണ്ട്. എപ്പോഴെങ്കിലും നിന്നില്‍ നിന്നും അടര്‍ന്നു വീഴുന്ന തേങ്ങലുകള്‍ക്കു കാതോര്‍ത്തിരിയ്ക്കാറുണ്ട്. പലപ്പോഴും നിരാശ ആയിരുന്നു ഫലം. എങ്കിലും നിന്നെ ഞാന്‍ പിന്തുടര്‍ന്നിരുന്നു.
ഒരിക്കലെങ്കിലും നീയെന്‍റെ മുന്നില്‍ നിന്‍റെ മൌനത്തിന്റെ മണ്‍പുറ്റുടയ്ക്കുമെന്നു ഞാന്‍ വിശ്വസിച്ചിരുന്നു. കാരണം എനിയ്ക്കറിയണമായിരുന്നു നിന്‍റെ കഥ. കഥയിലൂടെ നീളുന്ന സത്യത്തിന്റെ നേര്‍വഴികള്‍.


പുഴയെന്നുമൊരു ഹരമായിരുന്നു. നിലാവുള്ള രാത്രികളില്‍ വിശാലമായി നിവര്‍ത്തി വിരിച്ചിരിയ്ക്കുന്ന ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി കിടക്കുക. ഓളങ്ങളുടെ താരാട്ടില്‍ മിഴിപ്പീലികളില്‍ ഉലാത്തുന്ന നിദ്രയുടെ കണ്‍മുനകളിലൂടെ നടന്നു മുന്നില്‍ വന്നു നില്‍ക്കുക, ഒരു സ്വപ്നം പോലെ അതിലോലമായി സുതാര്യമായി. പിന്നെ മെല്പലെമെല്തിലെ ഓര്‍മ്മകളിലേയ്ക്ക് മറഞ്ഞു പാഞ്ഞുപോകും നിദ്രയുടെ കൈ പിടിച്ചു.


പുഴയോരത്തു നിന്നും നോക്കിയാല്‍ കാണാം ഇളകി ചിരിയ്ക്കുന്ന പാലമരത്തിന്റെ കൊമ്പുകള്‍ . കാറ്റില്‍ അടര്‍ന്നുപറന്നു ദേഹത്തു വന്നുവീഴുന്ന പാലപ്പൂക്കളില്‍ വാസനതൈലത്തിന്‍റെ ഗന്ധം. സിരകളെ ത്രസിപ്പിയ്ക്കുന്ന ഉന്മാദത്തിന്റെ മാദകഗന്ധം. മുത്തശ്ശിയുടെ പഴങ്കഥ കെട്ടുകളില്‍ നിന്നുമൂര്‍ന്നിറങ്ങി ശരീരം മുഴുവന്‍ പടര്‍ന്നു കയറുന്ന ഭയത്തിന്റെ തരിപ്പ് സിരകളിലൂടെ പടരുമ്പോള്‍ പഴയ മാമ്പഴക്കാലത്തിന്റെ ഓര്‍മ്മകള്‍ ആദ്യം അവള്‍ സമ്മാനിയ്ക്കും. പിന്നെ ഇലകളില്‍ മറഞ്ഞിരുന്നു കൊണ്ട് അവള്‍ പകര്‍ന്നു തരും നിറമുള്ള ഓര്‍മ്മകളുടെ മഴവില്‍ വര്‍ണ്ണങ്ങള്‍ .


അമ്മ വീട്. ഓര്‍മ്മകള്‍ പിച്ച നടക്കാന്‍ തുടങ്ങിയത് അവിടെ നിന്നുമാണ്. ഓലമേഞ്ഞ പഴയ തറവാട് മുറ്റവും മുറ്റത്തിനപ്പുറം പടിപ്പുരയോടു കൂടിയ മതല്‍.
കുട്ടിക്കാലങ്ങളില്‍ രാത്രിയുടെ ഇരുളിലേയ്ക്ക് തുറിച്ചു നോക്കുമ്പോള്‍ മുന്നില്‍ നില്ക്കുന്ന മാടനെയും മറുതയെയും തടഞ്ഞു നിര്‍ത്തുന്ന പ്രതിരോധ കവചം.
പിന്നീടുള്ള ജീവിതത്തിന്റെ പകച്ചുനില്‍ക്കലുകളില്‍ രക്ഷയുടെ കവചങ്ങള്‍ തീര്‍ക്കാന്‍ ഉള്ള അടിസ്ഥാനം.


മതിലിനപ്പുറം പച്ചക്കുട വിരിച്ചു നിന്നിരുന്ന വലിയ പ്ലാവ്. അതിനടുത്തുള്ള കൂവളം, നെല്ലി മരം പിന്നെ നീന്തി തുടിച്ചിരുന്ന കുളം. കുളത്തിനപ്പുറത്തെ പൊന്നു ചേച്ചിയുടെ വീടും കഴിഞ്ഞാല്‍ കുട്ടിക്കാലത്തെ പേടിയുടെ ഉറവിടം നടുവിലപ്പറമ്പ്. ഇന്നവിടെ കൂണുപോലെ വീടുകള്‍ മുളച്ചു പൊന്തിയിരിക്കുന്നു.
ഇവിടം മുതലാണ് ഓര്‍മ്മയുടെ താളുകള്‍ നിവര്‍ത്തുന്നത് . കാടില്ലെങ്കിലും നടുവിലപ്പറമ്പില്‍ ഒരു മൂകതയാണ് . പകല്‍ പോലും നിറഞ്ഞു നില്‍ക്കുന്ന വല്ലാത്ത ഒരു ഭീകരത.


കൊച്ചു മനസ്സിലെന്നും അവിടെ നിന്നാണ് മാടനും മറുതയും ജന്മം എടുക്കുന്നത്. അതിന്‍റെ ഒരു കാരണം അടുത്ത ഉള്ള വീടുകളിലെ ആത്മാക്കള്‍ അവസാനം അലഞ്ഞു തിരിയുന്നത് ആ അന്തരീക്ഷത്തിലാണ്.
പടര്‍ന്നുപന്തലിച്ചു നില്‍ക്കുന്ന പ്ലാവിന്റെ കീഴിലെ നിത്യക്കാഴ്ചകളില്‍ ഒന്നാണ് ചെറു ചൂടുവെള്ളത്തില്‍ കുളിച്ചിട്ടു പൂത്തുനില്‍ക്കുന്ന വെള്ള ചെത്തിയുടെ ചുവട്ടില്‍ നിന്ന് “ശാന്താകാരം എന്ന വിഷ്ണുമന്ത്രം ചൊല്ലുന്ന വല്യച്ഛന്‍. പുലരിവെയിലില്‍ തിളങ്ങുന്ന ചുവന്ന കടുക്കന്‍ ഇട്ട കുലീനതയുള്ള ജന്മി മുഖം. മനസ്സിലുണരുന്ന ആദ്യ മുഖങ്ങളില്‍ ഒന്ന്. ഈ മുഖത്തോട് ചേര്‍ത്തുവച്ച് വായിക്കണം പലമരത്തിലെ ചിരിയുടെയും തേങ്ങലിന്റെയും അടക്കി പിടിച്ച സംസാരത്തിന്‍റെ യുമെല്ലാം മൊഴി വേരുകള്‍.


വള്ളക്കടവില്‍ നിന്നും പടിഞ്ഞാറോട്ടു നീളുന്ന ഇരുവശവും കൈത ചെടികള്‍ നിറഞ്ഞ ചെറുവഴി ചെന്നെത്തി നില്‍ക്കുന്നത് ചേരയെ പോലെ വളഞ്ഞു പുളഞ്ഞു കിടന്ന ടാറിട്ട രാജവീഥിയില്‍ ആണ്. മഴക്കാലത്ത്‌ തോടും വേനല്‍ കാലത്ത് നടവഴിയുമായി രൂപം മാറുന്ന ഈ വഴിയിയോരത്താണ് ജാനകി ജനിച്ചതും ഇരുപത്തിഎട്ടു കൊല്ലക്കാലം ജീവിച്ചതും.അന്ന് കൂടെ ഉണ്ടായിരുന്നത് അമ്മ ഗൗരിയും അനുജത്തി കമലയും. രണ്ടാം ഭര്‍ത്താവായ ഗോപാലന്‍നായര്‍ ഗൗരിയെ ഉപേക്ഷിച്ചു പോയപ്പോള്‍ ആദ്യം പകച്ചു പോയെങ്കിലും ജീവിതത്തെ കൈപ്പിടിയില്‍ ഒതുക്കി ഗൗരി.


ഇല്ലായ്മകളിലൂടെ വളര്‍ന്നുവന്നവര്‍. അപ്പോഴാണ് ജാനകിയെ തേടി വരണമാല്യം കൃഷ്ണന്‍നായരുടെ രൂപത്തില്‍ പടിപ്പുര വാതില്‍ കടന്നുവന്നത്.

മാധവ് കെ വാസുദേവ്

By ivayana