അനാഥരാക്കപ്പെടുന്ന ജന്മങ്ങൾപലർ
താൻതാൻ പോലുമറിയാതെ,
പല കൈവല്യപിഴവുകളിൽ
സ്വന്തം മകളെന്നബാല്യം ചതിക്കപ്പെടവേ
ജനഹൃദയങ്ങളിൽ മുഖംമൂടാതിരിക്കാൻ
മാന്യതയെന്ന മുഖാവരണം
എടുത്തണിഞ്ഞു മാലിനിയാകുന്നു
ഇന്നത്തെ മാതൃത്വം..

ഒട്ടുമേ സമയംപോലും ചിന്തിക്കാതെ
കൊണ്ടുവച്ചു മറയുന്നു, മാതൃത്വം,
അമ്മത്തൊട്ടിലിൻ പടിവാതിൽക്കൽ
ചിന്തകൾക്കറുതിവരുത്തിക്കൊണ്ടേ..

ഒട്ടുമേസമയംകളയാതെ,ചിന്തകളിൽ
ഒരിറ്റുചന്തം പോലും നിറയ്ക്കാതെ
ജന്മമേകുമ്പോൾ തന്നെ പിഞ്ചുകുഞ്ഞിനെ
കക്കൂസ്കുഴിയിൽ ആയൂസ്സെടുക്കുന്ന
കണ്ടാലറയ്ക്കുന്ന മാതൃത്വം..

ഒട്ടുമേ നേരം കളയാതെ
പിറന്നുവീണവരെ അനാഥരെന്നു
സമൂഹം കൽപ്പിക്കപ്പെടവേ,
വളർത്താനേൽപ്പിക്കപ്പെടുന്നവരിൽ
സന്താനങ്ങൾ ഇല്ലാത്തവരിൽ മാതൃത്വം
സ്നേഹസാന്ത്വനങ്ങൾ നിറയ്ക്കവേ,

എത്തപ്പെടുന്നൂ ചിന്തകളിൽപോലും
ചന്തമില്ലാത്ത മാതൃത്വം
വ്യാജ പട്ടയവുമായി,ഗാഗ്വാ
വിളികളുമായ് മാമാമലയാള
മാധ്യമങ്ങളുടെ
കൂട്ടുംപിടിച്ചുകൊണ്ടേ,

വാഗ്വാദങ്ങളിൽ വീറുറ്റവാക്കുകളാൽ മാതൃത്വം
സ്വന്തംപുണ്ണുമാന്തി മണപ്പിക്കവേ
അനാഥത്വം വീണ്ടും വഴിത്താരകളിൽ
കലമ്പി പുലമ്പിച്ചിലമ്പി ഇറങ്ങി
പുറപ്പെട്ടുപോകുന്നു.

ലോകത്തിൻ മാതാവാകുംഭൂമിതൻ
നൊമ്പരംകാൺകേ,പകലുകളിൽ
ചന്തംനിറഞ്ഞ മാതൃത്വം ഇരുളിൽ ഭത്സിതമാക്കപ്പെടവേ,
ഞാനുമെൻ ചിന്തകളും
ആരോടുപയ്യാരംപറയേണ്ടു..

ഭൂമിതൻ മാതൃത്വം ഞെട്ടറ്റുപിടയുമ്പോൾ
മലയാളവങ്കന്മാർക്കിടയിൽ,
ഇരുകാലികളാകും മർത്യന്റെ
ക്രൗര്യ വിനോദങ്ങൾക്കിടയിൽ,
അസഹ്യമാകുന്നൂ,ഭൂമിയിൽ
മാതൃത്വത്തിൻ ഭവ്യതയാർന്ന
തപവുംതാപവുംതണുപ്പും.

ശാസ്ത്രം മരവിച്ചു നിൽക്കുന്നു,
പുത്രിമാർ മനുഷ്യക്കോമരങ്ങളുടെ
ചതിയിൽപ്പെട്ടു നിഷ്ടൂരമായ്
കേളികളാക്കപ്പെടവേ,മാതൃത്വം
നോക്കുത്തികളാകവേ..

അർബുദംപോൽ പടരുംപീഡനങ്ങൾ
അച്ഛനെന്നോ മകനെന്നോയില്ലാതെ
മരണവക്രത്തിൻപിടിയിലമരവേ,
കണ്ടുഭയവിഹ്വലയാവുന്നൂ,
ചിതലരിക്കുന്നമാതൃത്വങ്ങൾ…

കേട്ടുകേൾവിയില്ലാതെ
കുമിയും ധനത്തിന്റെ പേരിൽ
മാതൃത്വം നോക്കുകുത്തിയാകവേ,
വാത്സല്ല്യത്തിൻ മുലപ്പാലൂറുമ്പോൾ
സ്നേഹത്തിന്റെ കടയ്ക്കൽ
തൊന്തരവുകളുടെ തിളങ്ങുന്ന
മൂർച്ചകൾകലപിലാരവം കൂട്ടുന്നൂ..

മാതൃത്വമെന്നപേരിൽ കവലപ്രസംഗം
നടത്തുന്നവരുടെ തലതെറിച്ച നാടേ
പിറന്നപ്പോൾ അന്യനെ വളർത്താൻ
ഏല്പിച്ചെന്ന പരിഭവം ഉച്ചത്തിൽ
അന്തിചർച്ചകളിൽ പുലമ്പുന്നവരുടെ നാടേ
യഥാർത്ഥ മാതൃത്വം തലകുനിച്ചുപോകുന്നു.

പിറന്നുവീഴുമ്പോൾ കുഞ്ഞിനു മുലപ്പാൽ
നൽകാൻ മടിക്കുന്നവരുടെ നാടേ,
ജനിക്കുംതൊട്ട് കുഞ്ഞിന്റെ നാവിൽ
കുപ്പിപ്പാലൊഴുക്കുന്നവരെ നിങ്ങൾ
പ്രായം വെല്ലുവിളിക്കുമ്പോൾ
അപമാനിതമാതൃത്വമെന്നുകൽപ്പിക്കപ്പെടും.

അന്യന്റെ കുഞ്ഞിനെ നെഞ്ചോടുചെർത്ത്‌
മാതൃത്വം മനസ്സിലൊളിപ്പിച്ചു
നാടുചുറ്റുന്നവരുടെ നാടായി മാറിയോ
നമ്മുടെ മലയാണ്മയില്ലാ മലയാളനാട്
ചിന്തകൾ കൊഞ്ഞനംകുത്തുന്നു.

By ivayana