നാടറിഞ്ഞു വീടറിഞ്ഞു കൂടറിഞ്ഞു
പാർക്കണം, കൂട്ടുകൂടി നൃത്തമാടി
നേര് ചൊല്ലി നേരിനായ് നന്മ ചേർത്ത്
യുക്തിബോധമുള്ള കൂട്ടമായ് വളരണം !
നർമ്മബോധമുള്ള കുട്ടി കൂട്ടുകൾ
നേട്ടമുള്ള സ്നേഹ ഗാഥ മാത്രം
രചിക്കണം, സമരചിന്ത, സമത
ചിന്ത, സമത്വ ചിന്തകൾ പഠിക്കണം!
രാഷ്ട്രമെന്ന സത്യവും വർഗ്ഗമെന്ന
ബോധവും വന്നു ചേർന്ന് നിൽക്കും
വഴികളിൽ വംശീയസമത്വമെന്നും
വർണ്ണമുള്ള പട്ടമായ്‌ പറക്കണം !
ഹത്യ എന്ന ചിന്തകൾ ഹൃത്തിൽ
നിന്നുമകലണം സ്വത്വബോധം
ഉണരുമ്പോൾ സമത്വഭാവമുയരണം
ത്യാഗികൾക്ക് സ്മരണ തീർക്കണം!
ഉള്ളിലുള്ള ഭാവനകൾ, കൂട്ടുകൾക്കും
പകരണം, കുതിച്ചു മുന്നേറുവാൻ
കൂടെയുള്ളതിന്നും കുട ചൂടണം
കുതിപ്പ് കൂട്ടി ചേർത്ത് നിർത്തണം!
സ്വൽകീർത്തിക്കു മാത്രമല്ലൊട്ടും
കർമ്മമെന്നതെന്നതോർക്കണം
കർത്തവ്യം കൂടെയുള്ളവർക്കും
പ്രചോദനം പകരുവാനുതകണം!
മിച്ചമുള്ളതിൽ നിന്നും മാത്രമല്ല
പങ്കിടേണ്ടത്, തനിക്കിഷ്ടമുള്ളതും
സ്വല്പമെങ്കിലും പകർന്നു നൽകുവാൻ
സമത്വചിന്തയിൽ റിപ്പബ്ലിക്ക് വളരണം!

മധു നമ്പ്യാർ

By ivayana