രചന : ജയശങ്കരൻ ഓ ടി ✍
ഉണ്ണി നിൻ്റെ തിരുനാളാ
ണിന്നു പൊൻ കസവിൻ
വർണഭംഗിയണിയുന്നു
ചക്ര വാളം പോലും.
നിൻ്റെ ശിരോലിഖിതം ഞാ
നോർത്തു ചൊല്ലീടുമ്പോൾ
കാറ്റുലയ്ക്കും ദീപം പോലെ
കാതരനെൻ പൈതൽ.
അകലെയേതോ നാടുംചുറ്റി
യലഞ്ഞു തീരും ജന്മം
മുഷിഞ്ഞ ചേലക്കീറിൽ മുഖ
മമർന്നു തേങ്ങും ജന്മം
ഉടഞ്ഞ കുപ്പിവളകൾ ചിന്നി
ച്ചിതറി വീഴും ജന്മം
പഴകി മങ്ങും ചിത്രം പൊടി
ഞ്ഞടർന്ന് വീഴും ജന്മം.
ആർക്കു വേണ്ടിയുണർത്തി
നീ യാരെതിരേൽക്കുന്നു
വിധിതൻ ദു:ഖച്ചുമടും താങ്ങി
പടി കയറും നിന്നെ?
കണ്ണുനീരിൻ കടലുമായ്
കാത്തുനിൽപ്പോളമ്മ .
അറിവെഴുന്ന നിമിഷമെല്ലാം
മനം ചുടുന്നോളമ്മ
പെരുമയാളും കോവിൽ താണ്ടി
തൊഴുതുനിൽപോളമ്മ
അരുമയാന പൈതലുക്കാക
ഉയിരെ കാപ്പോളമ്മ
എഴഴകും ചേർന്നീടുന്നോ
രോമന യാമുണ്ണീ,
എഴകളാമെങ്ങൾ പാടും
ഗാനമിതാ കേൾക്കു
ഉലകമാകെ പേരുകേൾക്കും
അരചനായ് വളരേണ്ടൊൻ
ഏഴകൾക്കും പീഡിതർക്കും
തോഴനായ് വളരേണ്ടോൻ
തുയിലുണർത്തും ഗാനം പാടി
പെരുമ നേടീടേണ്ടോൻ
അലിവു കൊണ്ടും അറിവുകൊണ്ടും
നിറവു നേടിടേണ്ടോൻ
നീയുണർന്നീ തിരുനാളിൽ
വേദി നിറഞ്ഞാടൂ
നേടുകയാണെങ്ങൾ നൂറു
നൂറുവത്സരങ്ങൾ.
നീ മറക്കായ്കെങ്കിൽ കൂടി
നീ പിറന്നകാലം
ചോര ചിന്തിയെഴുതിയ
വേദനതൻ കാവ്യം
നൂറു മന്വന്തരങ്ങൾ തൻ
നീതികേട്ടു കാലം.
ഏറെയുദ്ധക്ഷേത്രങ്ങൾ തൻ
ഗീത കേട്ടൂ കാലം.
നൂതന വിശ്വാസങ്ങൾ തൻ
മേനി കേട്ടൂ കാലം
ചോര ചിന്തികരൾ വിങ്ങി
ചോന്നുരുകീ വാനം
ഉണ്ണി നിൻ്റെ തിരുനാളാണിന്നു
പൊൻ കിനാക്കൾ
കണ്ടു കണ്ടുറങ്ങൂ വേഗം
കാവൽ ഞങ്ങൾ നില്ക്കാം