രചന : കെ ജയനൻ ✍
ജലം
ജീവന്റെ അടിവേര്
ജലഛായ
പരൽമീനുകളുടെ
നിശബ്ദ സഞ്ചാരം
ജല സംസാരം
ജല ഹിംസ
ആദിമ പൂർവ്വികരുടെ
സൃഷ്ടി സംഗമം ;
ജീവന സ്നാനം
ചക്രവാളം
തുറക്കപ്പെട്ട ജല വാതായനങ്ങൾ
ജല തരംഗം
അരൂപികളുടെ
സ്വത്ത്വാശരീരി…
ജീവന്റെ
അടിവേരറ്റുപോകുന്ന
മഹാകാല വിസ്ഫോടനത്തുടിപ്പ്…
മുനകൂർത്ത ചൂണ്ട
ചേറിൽ നിന്നും പിഴുതെടുത്ത മണ്ണിര
യജ്ഞഭോജ്യം;
ചൂണ്ടയിൽ പിടയുന്ന മണ്ണിര
ഒരിര മറ്റൊരിരയ്ക്ക് അന്നമാകുന്ന
ഹിംസയുടെ അന്നമയ ചാക്രികത ;
പരമഹിംസ
രുചിയുടെ നാവേറ്
അവൻ
ചൂണ്ടക്കോൽ ചുഴറ്റി
ഇരയുടെ മണം
ഒരു വരാൽ ഒഴുക്കിനെതിരെ നീന്തിയടുത്തു
ചൂണ്ടക്കോൽ ചലിച്ചു
ചൂണ്ട നാടയിൽ *പീലിത്തിറയാട്ടം
വരാൽ കുടുങ്ങി
തെളിനീരിൽ അവൻ കണ്ടു;
ചികളപ്പൂക്കളിൽ നിന്നും
ഒരു പറ്റം ചുമന്ന വരാലിൻകുഞ്ഞുങ്ങൾ
ഊർന്നിറങ്ങുന്നു
അവ
ചൂണ്ടയിൽ പിടയുന്ന
അമ്മ മത്സ്യത്തെ പൊതിഞ്ഞു നിന്നു
ജലതരംഗം
മത്സ്യരോദനം
ഒഴുക്കിൽ കൂട്ടം പിരിയുന്ന മത്സ്യക്കുഞ്ഞുങ്ങൾ
സൂക്‌ഷ്‌മദൃഷ്ടികൾ;
പകയില്ലാത്ത നോട്ടം
കരുണ വെമ്പുന്ന കണ്ണുകൾ…
അവന്റെ ഹൃദയത്തിൽ
ഹിംസയുടെ പ്രചണ്ഡ സൂര്യൻ അസ്തമിച്ചു…
അവന്റെ കണ്ണുകൾ
പരൽ മീനുകൾക്കൊപ്പം
ഒഴുക്കിൽ
വെള്ളത്തിന്റെ അഗാധ ഗർത്തത്തിലാണ്ടു ;
മൗനത്തിന്റെ അന്തർ ബോധം
ജലകവാടത്തിൽ
സൂര്യകിരണങ്ങളുടെ
അതീത ചൈതന്യം…
അവന്റെ കൈയ്യിൽ നിന്ന് ചൂണ്ടക്കോൽ ഊർന്നു പോയി
അവൻ കണ്ടു;
ചേതനയറ്റ പ്രജ്ഞയിൽ
ചൂണ്ട നാടയിൽ ഒഴുകിപ്പോകുന്ന
അമ്മയുടെ രൂപം;
സൂക്ഷ്മകോടി മായാരൂപങ്ങൾ അമ്മയെ പൊതിഞ്ഞു നില്ക്കുന്നു ….
ജലസമാധി –
ചത്ത മത്സ്യം അവനെ
ഉദ്ബുദ്ധനാക്കി;
അവൻ അറിഞ്ഞു
ജലത്തിന്റെ താവോ;
കരുണയുടെ
സൂത്രവാക്യം…
പീലി – ചൂണ്ടയിൽ കുടുങ്ങുന്ന മത്സ്യത്തിന്റെ ചലന മറിയുന്നതിനു നാടയിൽ കെട്ടിയിടുന്ന, വെള്ളത്തിൽ പൊന്തിക്കിടക്കുന്ന വസ്തു .
ഓർക്കുക – പ്രകൃതി ജ്ഞാനമാണ് മഹത്തായ അറിവ് അതിന് വേദോപനിഷത്തുകളുടെ ബ്രാഹ്‌മണ്യ ജ്ഞാനം ആവശ്യമില്ല.