രചന : കുറുങ്ങാട്ട് വിജയൻ ✍
പറങ്കിപ്പടയുടെയും വെള്ളക്കാരുടെയും ചീറിയടുക്കുന്ന വെടിയുണ്ടകള്‍ക്കുമുമ്പില്‍ സ്വന്തം നെഞ്ചുവിരിച്ചു വീരോതിഹാസംവരിച്ച മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയും മൗലാനാ അബ്ദുള്‍ക്കലാം ആസാദും ഝാന്‍സി റാണിയും ഇരുപത്തിയൊന്നാം വയസ്സില്‍ ഇന്ത്യയെന്ന പിറന്നനാടിനുവേണ്ടി സന്തോഷത്തോടുകൂടി തൂക്കുകയര്‍ കഴുത്തിലണിഞ്ഞ ഭഗത് സിംഗിന്‍റെയും ഇന്ത്യ!
സൂര്യനസ്തമിക്കാത്ത ബ്രട്ടീഷ് സാമ്രാജ്യത്തിന്റെ അരമനയില്‍ക്കടന്നുചെന്ന് “മിസ്റ്റര്‍ ജൂണ്‍, മിസ്റ്റര്‍ ജൂണ്‍, മിസ്റ്റര്‍ ജൂണ്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം തരൂ, ആല്ലെങ്കില്‍, സ്വതന്ത്രഭൂമികയില്‍ ആറടിമണ്ണുതരൂ” എന്നു ചക്രവര്‍ത്തിയുടെ മുഖത്തുനോക്കി വിരല്‍ചൂണ്ടി ഗര്‍ജ്ജിച്ച മൗലാനാം മുഹമ്മദാലി ജൗഹറിന്റെ ഇന്ത്യ!
സാഹിത്യത്തിലൂടെ യുവാക്കള്‍ക്കു സ്വാതന്ത്ര്യസമരത്തിന്റെ പ്രചോതനം നല്‍കിയ സുബ്രമണ്യഭാരതിയുടേയും വള്ളത്തോളിന്റെയും ഇന്ത്യ!
ജാതി-മാത-വര്‍ണ്ണ-വര്‍ഗ്ഗമതില്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞു നമുക്കൊന്നിക്കാം!
ഒരു രാജ്യദ്രോഹിക്കും ഒരു തീവ്രവാദിക്കും ഈ മതേതരയിന്ത്യയില്‍ ഇടമില്ലെന്നു പ്രക്യാപിച്ചുകൊണ്ടു ത്രിവര്‍ണ്ണപതാക പാറിപ്പറക്കട്ടെ!
ബ്രട്ടീഷ് പടയുടെ ബൂട്ടിനടിയില്‍ ആഞ്ഞമാര്‍ന്നിരുന്ന ഒരു ദേശത്തെ സ്വാതന്ത്ര്യത്തിന്റെ ത്രിവര്‍ണ്ണപതാക പാറിപ്പറപ്പിച്ച ചരിത്രമാണ് നമ്മുടെ രാജ്യത്തിന്!
ബ്രട്ടീഷ്പ്പട്ടാളത്തിന്റെ തോക്കിനുമുന്നില്‍ വിരിമാറുകാണിച്ചു സധൈര്യം പടപൊരുതി നേടിയ സ്വാതന്ത്ര്യം!
ജീവന്‍പോലും ബലിയര്‍പ്പിച്ചു സമരത്തീജ്വാലയില്‍ ജ്വലിച്ചുനിന്ന ധീരരക്തസാക്ഷികള്‍ സമ്മാനിച്ച സ്വാതന്ത്ര്യം!
കാലവും ദേശവും ചരിത്രവും ചരിത്രപഥങ്ങളും ഒരുപോല്‍ സംഗമിക്കുന്ന ചരിത്രമുഹൂര്‍ത്തം! ഭാരതം നമുക്ക് അഭിമാനമാണ്!
ഹിന്ദുവും മുസല്‍മാനും ക്രൈസ്തവനും സിക്കിയും പാഴ്സിയും അവര്‍ണ്ണനും സവര്‍ണ്ണനും തോളോടുതോള്‍ചേര്‍ന്നു വസിക്കുന്ന മഹത്തായസംസ്കാരം ലോകത്തിനു മാതൃകയാണ്!
ചുടുചോരചീന്തിനേടിയ മോചനം! സ്വാതന്ത്ര്യം പൂങ്കാവനം രചിച്ച ഇന്ത്യാമാഹാരാജ്യത്തിനു പ്രണാമം!
നമ്മുടെ നാടിന്റെ സ്വാതന്ത്ര്യദിനമെന്നത് ഇന്നിന്റെ സ്വാതന്ത്ര്യമല്ല. ഭാരതമെന്ന രാജ്യത്തിന്റെ ആത്മാഭിമാനത്തോടെയുള്ള ഉയിര്‍ത്തെഴുന്നേല്പിന്റെ വീരഗാഥയാണത്! നമ്മുടെ നാടിന്റെ പോരാട്ടചരിത്രത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണ്, പോയകാലത്തിന്റെ കണക്കെടുപ്പാണ്!
രാജ്യം എനിക്കെന്തുതന്നു എന്നതിനുപകരം ഞാന്‍ എന്‍റെ രാജ്യത്തിന് എന്തുകൊടുത്തു എന്നതാണു രാജ്യസ്നേഹത്തിന്‍റെ അളവുകോല്‍ എന്ന് ഓര്‍മ്മിക്കുവാനുള്ള ദിനംകൂടിയാണ് ജാനുവരി ഇരുപത്തിയാറ്!
സ്വജീവിതംവരെ രാജ്യത്തിനു സമര്‍പ്പിച്ച രാജ്യസ്നേഹികളുടെ വിജയത്തിന്‍റെ ഒാര്‍മ്മപ്പെടുത്തലുകള്‍കൂടിയാണ് റിപബ്ലിക്ദിനം!
പ്രാണനേക്കാള്‍ വലുതാണു പിറന്ന നാടിന്‍റെ മാനവും സ്വാതന്ത്ര്യയവുമെന്നു ചിന്തിച്ച ഒരു തലമുറയുടെ ത്യാഗമാണു നമ്മളിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്വാതന്ത്ര്യം. അവരുടെ ത്യാഗവും ചിന്തിയ ചോരയും ബലിയായി നല്‍കിയ ജീവനും വ്യര്‍ത്ഥമാകാതിരിക്കാന്‍ നമുക്ക് അണിചേരാം… നമുക്ക് ഒരേയൊരിന്ത്യ… നാം ഒരൊറ്റ ജനത…!
വേരില്ലാതെ മരമില്ല, എന്നപോലെ സ്വാതന്ത്ര്യമില്ലാത്ത രാഷ്ട്രം രാഷ്ട്രമല്ല!അതിനാല്‍ നാം നമ്മുടെ വേരാകുന്ന സ്വാതന്ത്ര്യത്തെ സ്നേഹിക്കുന്നവരായി വളരേണം!
ലാറ്റിൻഭാഷയിലെ ‘റെസ്’, ‘പബ്ലിക്’ എന്നീ വാക്കുകൾ ചേർന്നാണ് ‘റിപ്പബ്ലിക് ‘ എന്ന പദം ഉണ്ടായത്. ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളെന്നാണ് ആ വാക്കിന് അർത്ഥം. ജനങ്ങളും ജനങ്ങൾ തിരഞ്ഞെടുക്കുന്ന ആളുകളും ചേർന്നു ഭരിക്കുന്ന രാജ്യത്തെയാണ് റിപ്പബ്ലിക് എന്ന് പൊതുവെ പറയുന്നത്.
ഒരു രാജ്യം അതിന്റെ പരമാധികാരം ജനങ്ങളില്‍ നിഷിപ്തമായിരിക്കുകയും തിരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ മുഖേന അതുവിനിയോഗിക്കുകയും ചെയ്യുന്ന ഭരണസമ്പ്രദായമാണ് ‘ഗണതന്ത്രം’ അഥവാ ‘റിപ്പബ്ലിക്’ എന്നുപറയുന്നത്. നമ്മുടെ രാജ്യത്ത് ഇത്തരത്തിലുള്ള ഭരണസമ്പ്രദായമാണുള്ളത്. ഇന്ത്യ ഒരു പരമാതികാര ജനാധിപത്യ റിപ്പബ്ലിക്കാണ്! എന്താണ് റിപ്പബ്ലിക്ദിനം ഓര്‍മ്മിപ്പിക്കുന്നത്. ഇന്ത്യന്‍ ജനതയായ നമ്മള്‍ (We the people of India) ഭാരതഗണരാജ്യം (Republic Of India )നിര്‍മ്മിക്കുന്നു(constitute )വെന്ന പ്രമേയം രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളേയും പ്രതിനിധീകരിച്ച സഭ (Constituent Assembly) അംഗീകരിച്ചത് 1949 നവംബറിലാണ്. 1950 ജനുവരി ഇരുപത്തിയാറിന് ഈ ഗണതന്ത്രഭരണഘടന നിലവില്‍വന്നു. അന്നുമുതല്‍ സ്വയം നിര്‍ണയാവകാശമുള്ള പൗരന്മാരായ(citizens ) നാം, പൗരന്റെ മൗലികാവശങ്ങളില്‍ അധിഷ്ഠിതമായ ഭരണഘടനയുടെ ചട്ടക്കൂടില്‍ രാജ്യത്തിന്റെ ധാര്‍മ്മികതയും നീതിനൃയായവ്യവസ്ഥയും അംഗീകരിച്ചുകൊണ്ട് ജീവിക്കുന്നു!
ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം!
“നമ്മള്‍, ഇന്ത്യയിലെ ജനങ്ങള്‍, ഇന്ത്യയെ ഒരു പരമാധികാര-സ്ഥിതിസമത്വ-മതനിരപേക്ഷ-ജനാധിപത്യ-റിപ്പബ്ലിക്കായി സംവിധാനം ചെയ്യുന്നതിനും ഇന്ത്യയിലെ എല്ലാ പൗരന്മാര്‍ക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി, ചിന്ത, ആശയാവിഷ്കാരം, വിശ്വാസം, ഭക്തി, ആരാധന എന്നിവയ്ക്കുള്ള സ്വാതന്ത്ര്യം, സ്ഥാനമാനങ്ങള്‍, അവസരങ്ങള്‍ എന്നിവയിലുള്ള സമത്വം, എന്നിവ ഉറപ്പുവരുത്തുന്നതിനും വ്യക്തിയുടെ അന്തസ്സും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും ഉറപ്പുവരുത്തുന്ന ഭ്രാതൃഭാവം എല്ലാവരിലും വളര്‍ത്തുന്നതിനും ദൃഢനിശ്ചയം ചെയ്തുകൊണ്ട് നമ്മുടെ ഭരണഘടനാസഭയില്‍വച്ച്, 1949 നവംബറിന്റെ ഈ ഇരുപത്തിയാറാം ദിവസം, ഈ ഭരണഘടനയെ ഏതദ്ദ്വാരാ അംഗീകരിക്കുകയും അധിനിയമമാക്കുകയും നമുക്കായിത്തന്നെ സമര്‍പ്പിക്കുകയും ചെയ്യുന്നു”
ഇന്ത്യയുടെ ഫെഡറല്‍ സംവിധാനങ്ങളെ സംരക്ഷിക്കാനും പരമാധികാര സങ്കല്‍പം ജനാധിപത്യത്തിന്റേതാണെന്ന് ഉറപ്പിക്കാനും മതനിരപേക്ഷത ഒഴിച്ചുനിര്‍ത്തി നമുക്കു മുന്നില്‍ മാര്‍ഗ്ഗങ്ങളില്ലെന്നു തിരിച്ചറിയാനും വേണ്ടി ഈ ദിവസം നമുക്ക് മാറ്റി വെക്കാം!
ഏവര്‍ക്കും ഒരിക്കല്‍ക്കൂടി എന്‍റെ ഹൃദയംനിറഞ്ഞ റിപ്പബ്ളിക്ക്ദിനാശംസകള്‍!!!
ജയ് ഹിന്ദ്!
(പലരോടും പലതിനോടും മാതൃരാജ്യത്തോടും മാതൃരാജ്യത്തിന്റെ പരമാധികാരത്തോടും ഇന്ത്യന്‍ ഭരണഘടനയോടും കടപ്പാട്)