നീ പറഞ്ഞത് പോലെ ആ സമയം ആഗതമായിരിക്കുന്നു. എന്റെ നിസ്സംഗതകൾ ക്കുള്ള ഏറിയ കാലത്തെ പരിഹാരമെന്നോണം നമ്മൾ കണ്ടെത്തിയ ആ സമയം. എന്തത്ഭുതമായിരിക്കുന്നുവെന്നോ? എന്റെ തിരമാലകൾ ഒന്നടങ്കം ശാന്തരായി മാറിയിരിക്കുന്നു. അനുസരണയുള്ള കുട്ടികളെ പ്പോലെ അവർ എന്തിനും തയ്യാറായിരിക്കുന്നു. എനിക്കിപ്പോൾ കൊടുംകാറ്റുകളെയോ കപ്പൽചേദ ങ്ങളേയോ ഭയപ്പെടേണ്ടതില്ല.. കടലിനു മീതെ നടന്നു തുടങ്ങുന്ന ദിവ്യത കൈവന്നിരിക്കുന്നു. ഇപ്പോഴാണെങ്കിൽ എന്റെ വള്ളം നിറയെ പിടയ്ക്കുന്ന മീനുകൾ. ആഹ്ലാദം കൊണ്ടൊരു പക്ഷേ മതി മറന്നു പോകേണ്ടതായിരുന്നു ഞാൻ.. നമ്മുടെ ആവലാതികൾ.. ഭീതികൾ .. അരക്ഷിതാവസ്ഥകൾ എല്ലാം ഇല്ലാതാവുന്ന ഈ നിമിഷം… എങ്കിലും ഈ നിമിഷത്തിന്റെ അർദ്ധത്തിൽ എനിക്കൊട്ടും ആവേശാധിക്യം ഉണ്ടാകുന്നില്ല. കടിഞ്ഞാണുകൾ കൊണ്ട് എന്റെ കഴുത്തിനു ചുറ്റും തഴമ്പുകൾ വളർന്നു വന്നത് നീ കണ്ടുവോ? വെറുതേയിരിക്കുമ്പോൾ.. കണ്ണുകൾ നിറഞ്ഞു തൂവിയ നേരത്തൊക്കെ.. അവിടമാകെ ഞാൻ കയ്യോടിച്ചു നോക്കാറുണ്ട്. അതിനൊരു വല്ലാത്ത മൂർച്ചയുണ്ട്. വിരലുകളുടക്കി അറിയാതെ എത്രയോ തവണ ഞാൻ എന്റെ കൈകൾ പിന്നോക്കം വലിച്ചിരിക്കുന്നു.
എന്നാലിപ്പോൾ അവയോരോന്നും എന്റെ ഒളി സങ്കേതങ്ങളായി മാറിയിരിക്കുന്നു. എറ്റവും സുരക്ഷിതമായ അത്രയും കെട്ടുറപ്പുള്ള ഒളിത്താവളങ്ങൾ… ഇന്ന് ഞാൻ അവയെ ഒരുപാട് താലോലിക്കുന്നുണ്ട്.
എനിക്കറിയാം നീയും എന്നെ പ്പോലെ തന്നെ അവയെ നെഞ്ചിൽ ഏറ്റുമെന്ന്.
ദിശാസൂചകങ്ങൾ ഇല്ലാതെ തന്നെ എന്തു വ്യക്തവും കണിശവുമാണെന്റെ പാതകൾ എന്ന് കണ്ടുവോ നീ?
ആൾപ്പെരുപ്പങ്ങൾ ഇല്ലാതെ.. തള്ളിക്കയറ്റങ്ങളോ..ആർപ്പുവിളികളോ ഇല്ലാതെ.. നീണ്ടു നീണ്ടു പോവുന്ന പാതകൾ..
എന്റെ കാൽവിരലുകൾക്ക് ഏറെ പരിചിതമാകുന്നു നേർ രേഖയിലൂടെ ഉള്ള ഈ നടത്തം. ഒരു പക്ഷെ എന്നെ വെറുമൊരു നടത്തം എന്ന് പറഞ്ഞു നീ കളിയാക്കിയാലും സന്തോഷിച്ചേക്കും ഞാൻ..
കാൽപ്പാടുകൾ എണ്ണി നോക്കാതെ.. മണ്ണിലേക്ക് വീഴ്ത്തിയിടാൻ ഒരു പാടും അവശേഷിപ്പിക്കാനറിയാത്ത എന്റെ നടത്തം തന്നെ ഏറ്റവും ലളിതമായ എത്ര വായിച്ചാലും തീർന്നു പോവാത്ത എന്റെ തന്നെ പ്രയാണങ്ങൾ അല്ലേ…. നിന്നിലേക്കെന്നു വഴി തിരിച്ചു വിട്ടു എന്നല്ലാതെ…
മുന്നോട്ടേക്കാഞ്ഞു നടക്കണമെന്ന് നീ നിർദേ ശിക്കുന്ന ഇടങ്ങൾ ഉണ്ടാവും.. എന്തു പറയാനാ..
അതി വേഗതയാണെനിക്ക് വശമെന്നു നീ പറഞ്ഞിതിപ്പോഴും ഓർക്കുന്നു.
പ്രിയപ്പെട്ടവനെ..
നിനക്കറിയാത്തതായി എന്നിൽ ഇനിയെന്തുണ്ടാവാനാണ്…
ദുർഘടമായ ഒരു വഴിത്തിരിവിലേക്കാണ് നീയെന്റെ കൈ പിടിച്ചു നടക്കുന്നതെന്ന് കരുതലിന്റെ ഇളം ചൂടോടെ നിന്റെ കൈവിരലുകൾ എന്നോട് പറയുന്നുണ്ട്. ആശ്ചര്യപ്പെടുകയില്ല ഞാൻ.. നിന്റെ പദ്ധതികളിൽ എനിക്കുള്ള നന്മയുടെ വിഹിതമാണല്ലോ എന്നും മുഴച്ചു നിൽക്കാറുള്ളത്..
പറഞ്ഞു ഫലിപ്പിക്കുവാനാവാത്തവിധം ശാന്തതയും സ്വസ്ഥതയും
ഇപ്പോഴനുഭവവേദ്യമാവുന്നു..
നിന്റെ വിരൽ സ്പർശങ്ങൾ മായ്ച്ചു കളയുന്നത് ഒരു ജന്മത്തിന്റെ തന്നെ ഭാരിച്ച ചുമടുകളാണ്. തൂത്തെറിഞ്ഞാലും മുഖത്തൊട്ടി നിൽക്കുന്ന നിസ്സഹായതയുടെ മാറാല നൂലുകളാണ്..മരക്കൊമ്പിൽ നിന്നറ്റു ഒരു ചിലന്തി നാരിൽ ഉടക്കി നിക്കുന്ന ജീവിതത്തിന്റെ തന്നെ ഉൾവിളിയാണ്..
രാത്രികൾ ഉറക്കമില്ലാതെ അനന്തമായി നീണ്ടു പോകാറില്ലിപ്പോൾ.. വിരസങ്ങളായ പകലുകൾക്കറുതി വന്നിരിക്കുന്നു. എന്റെയാകാശവും ഭൂമിയുമെല്ലാം ഞാൻ അറിയേ… കാൺകെ എനിക്ക് മുൻപിൽ കൂടുതൽ വെളിപ്പെട്ടു കൊണ്ടിരിക്കുന്നു നക്ഷത്രവേഗത്തിൽ ഒരു മേഘയാത്ര എന്റെ മഴത്തുള്ളികൾ സ്വപ്നം കണ്ടു തുടങ്ങിയിട്ടുണ്ട്…
എനിക്കറിയാം.. ചോർന്നൊലിച്ചു മഴ വാർത്തിയ എന്റെ മേൽക്കൂരകൾ അലമുറയിട്ട് കരയുന്നത് നിർത്തി വെച്ചിരിക്കുന്നുവെന്ന്.. വെളിച്ചത്തിന്റെ സുഷിരങ്ങൾ കടത്തി വിട്ട് നീയതിനെയൊക്കെ വെളിപാടുകൾ ആക്കി മാറ്റിയിരിക്കുന്നു.. ദേഹം നിറയെ പുള്ളിക്കുത്തുകൾ വളരുന്ന ആ സ്വർണ മാനിനെപ്പോലെ എന്റെ വിഷാദങ്ങളുടെ സ്വർണ്ണക്കൊമ്പുകൾ എനിക്കലങ്കാരങ്ങൾ ആവുന്നു..
ഈ ചുവർ ഭിത്തികൾക്കിയിൽ നിലവിളികൾ തിരുകി വെച്ച വിള്ളലുകൾ അപ്രത്യക്ഷമായിരിക്കുന്നു.. പകരം ശലഭചിറകുകൾ തുന്നി വെച്ചൊരു ഖനിയാഴം എന്നിലേക്ക്.. പറന്നടുക്കുന്നത് പോലെ..
ഞാൻ അതിന്റെ തിളക്കം കൊണ്ട് മിനുങ്ങാൻ കൊതിക്കുന്ന പോലെ..
മലർക്കെ തുറന്നു കിടക്കുന്ന എന്റെയീമുറി തന്നെ ഓരോ നിമിഷവും അതിന്റെ തുറസായി വെളിപ്പെടുന്ന അകം നിറവിനെ നിഷേധിക്കുന്നുവോ.. അതോ.. ഞാൻ ഒഴിഞ്ഞാൽ പരിപൂർണ്ണമായും നിറഞ്ഞു കവിയുന്ന നിറവാകുമോ.. എന്തായാലും നാലു ചുവരുകളോ താക്കോൽ പഴുതുകളോ പരിമിതപ്പെടുത്താത്ത എന്നെ എനിക്ക് കൂടുതൽ ഇഷ്ടമാവുന്നു.
നോക്കൂ.. ഈ ജാലകപ്പടികളും എന്തു മാത്രം മാറിയിരിക്കുന്നു.. ആരും മോഷ്ടിച്ചെ ടുക്കാനില്ലാത്ത ഒരു മഴവില്ലിവിടെ തറഞ്ഞു നിൽക്കുന്നു.. ഇന്നലെയുദിച്ച നിലാവിന്റെ കയ്യൊപ്പ് പോലും ഇനിയും മായാത്ത വിധം ഇവിടെ അടയാളപ്പെട്ടു പോയിട്ടുണ്ട്. ഈ ജനൽശീലകൾ നോക്കൂ.. നേർത്തു നേർത്തു മഞ്ഞു പോലെ സുതാര്യമായിക്കഴിഞ്ഞു. ഇനി മുതൽ കാഴ്ചകൾ എല്ലാം കൂടുതൽ എളുപ്പമെന്ന് പറയും പോലെ…
ഒറ്റ വാതിൽ പ്പഴുതിനെ ഈ മുറിയിൽ നിന്നും അടർത്തിയെടുക്കേണ്ടതുണ്ട്. ഒറ്റ മുറിവിലൂടെയുള്ള സഞ്ചാരമല്ലേ.. അത് തീർന്നു വെന്ന് അതിപ്പോ ആലോചിച്ചു തുടങ്ങിയിട്ടുണ്ടാവും..
ഇനിയൊരു നിലക്കണ്ണാടിയല്ലേ ഉള്ളൂ.. നീ മുഖം നോക്കാൻ ഏൽപ്പിച്ച ആ കണ്ണുകളെ നമുക്ക് തിരിച്ചു തരാൻ പറയാം..
അവസാനമല്ലെങ്കിലും. സമയം കോർത്തു കൊണ്ടിരിക്കുന്ന ഈ ഘടികാരത്തെ നെഞ്ചോട് ചേർത്ത് മിടിപ്പുകളോടൊപ്പം നമ്മളെന്ന ഒറ്റപ്പദത്തിലേക്ക്
കൃത്യതപ്പെടുത്തണം. പ്രിയപ്പെട്ടവനെ അതുവരെ ചേർത്തു നിർത്താൻ പ്രണയമെന്ന് നീ വരച്ചിട്ട ചിത്രങ്ങൾ മതിയാവും വരികളും..
Letters to Him