രചന : രാജേഷ് കോടനാട്✍
വിശന്നുവെന്ന കുറ്റത്തിന്
രക്തസാക്ഷിയാവേണ്ടി വന്ന
ഹതഭാഗ്യരുടെ ഇന്ത്യ
പിച്ചിപ്പറിച്ച പെൺമൊട്ടുകളുടെ മേനി
ചുട്ടു തിന്നുന്ന
അധികാരിവർഗ്ഗത്തിൻ്റെ
ഇന്ത്യ
തഴമ്പു പൊട്ടിയ കർഷകരുടെ
കിനാവിൻ മുനമ്പിൽ
നിരാശയുടെ നികുതി ചുമത്തിയ
ഇന്ത്യ
കേവലം മതത്തിൻ്റെ പേരിൽ
രാമനെയും റഹ്മാനെയും
റോബർട്ടിനെയും
വിഭജിച്ചവരുടെ ഇന്ത്യ
പ്രണയത്തെ
കടും കഠാരകൾക്കൊറ്റുക്കൊടുത്ത്
ഉന്മാദത്തെ ഉച്ചിയിലേറ്റു വാങ്ങിയ
ഭ്രാന്തൻ യൗവ്വനങ്ങളുടെ ഇന്ത്യ
മാതൃത്വത്തിന് തന്നെ ഭീഷണിയായ
വീട്ടമ്മമാരുടെ
പീഡനലീലകൾ പേറുന്ന ഇന്ത്യ
കൂരക്കുള്ളിൽ കിടന്നുറങ്ങുന്ന
കൂടപ്പിറപ്പിനെ
കുത്തിക്കുടലുതുരക്കുന്നവരുടെ
ഇന്ത്യ
കൂട്ട ആത്മഹത്യകളുടെ കൂരമ്പുകൾ
നെഞ്ചിലേറ്റു വാങ്ങിയ ഇന്ത്യ
സംരക്ഷിക്കാൻ
കോടികളുടെ ക്വൊട്ടേഷൻ
മക്കൾക്ക് മുന്നിൽ
പ്രഖ്യാപിക്കേണ്ടി വന്ന
കോർപ്പറേറ്റ് അമ്മമാരുടെ ഇന്ത്യ
ഒരു സമ്മാനപ്പൊതി അഴിച്ചു നോക്കാൻ
വൃഥാ സ്വപ്നം കണ്ടു ചിരിക്കുന്ന
മേൽവിലാസം തേടി വരാത്ത
വെയിലു കാഞ്ഞിരിക്കുന്ന
വൃദ്ധമന്ദിരങ്ങളുടെ ഇന്ത്യ
അനുപമയും ആഷിഖും
ഒന്നിച്ചിരുന്നുണ്ണുമ്പോൾ
ചോറ്റുപാത്രത്തിൽ
ജിഹാദിൻ വിഷം വിളമ്പാൻ
മടിയില്ലാത്ത ഇന്ത്യ
അന്നന്നേക്ക്
അരി മേടിക്കാനില്ലാത്തവരുടെ
കണക്കു പുസ്തകത്തെ
കറൻസിയില്ലാത്ത
ഡിജിറ്റൽ ഡയറിയാക്കുന്ന ഇന്ത്യ
മയക്കുവെടി കൊണ്ട ഇന്ത്യ….
മതാലസയായ ഇന്ത്യ…..
എഴുപത്തിയഞ്ചാം റിപ്പബ്ലിക്ക് ദിനം
ആഘോഷിക്കുന്ന ഇന്ത്യ….
ആശംസകളർപ്പിക്കാൻ
മറക്കുന്നില്ല ഞാൻ
മരിക്കുന്നില്ല ഞാൻ…..